മെല്‍ബണ്‍: ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചില്‍ കളിക്കാന്‍ അഞ്ച് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ നടപടിയെ മുന്‍ കോച്ച് ബുച്ചാനന് വിമര്‍ശിച്ചു. നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സ്പിന്നര്‍മാരെക്കാള്‍ പ്രയോജനം ചെയ്യുക സീമര്മാരായിരിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 22ന് ചെന്നൈയിലാണ് ആദ്യ മത്സരം.
സ്പിന്നര്‍ ടീമില്‍ വേണമെന്ന ആവശ്യത്തോട് പ്രതിബദ്ധത പുലര്‍ത്താന്‍ വേണ്ടി മാത്രം സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തരുത്. ഇന്ത്യക്കാര്‍ക്ക് സ്പിന്‍ ബൗളിംഗ് കളിക്കാന്‍ നന്നായി അറിയാം. അതിനാല്‍ തന്നെ ആസ്ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക് എന്തെങ്കിലും സ്വാധീനം മത്സരങ്ങളിലുണ്ടാക്കാന് കഴിയുമെന്ന് ഉറപ്പില്ലെന്നും ബുച്ചാനന് പറഞ്ഞതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
ആസ്ട്രേലിയന്‍ ടീമില്‍ മികച്ച ബൗളിംഗ് നിരയാണുള്ളതെന്ന് 59കാരനായ മുന്‍ ക്രിക്കറ്റര്‍ ചൂണ്ടിക്കാട്ടി. പക്ഷേ അവര്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളുമായി ഇണങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു പേസാക്രമണത്തിന് ടീമിന് കഴിയും. സാഹചര്യങ്ങളെ നേരിടുന്നതനുസരിച്ചായിരിക്കും ഇത്. ടീം ഇന്ത്യയിലേക്ക് പോകുന്നത് ഫെബ്രുവരി-മാര്‍ച്ച് മാസത്തിലാണ്. ഇത് ചില വ്യത്യാസങ്ങള്‍ വരുത്തും. കാരണം ചില വിക്കറ്റുകള്‍ വേനല്‍ ആരംഭിക്കുന്ന സമയത്ത് അല്പം ബൗണ്‍സ് പ്രകടിപ്പിക്കാറുണ്ട്. ഈ സമയം മുതലെടുത്ത് ആസൂത്രണം ചെയ്യണം. നല്ല ചൂട് ലഭിക്കുന്ന കാലമാണ്. അതിനാല്‍ തന്നെ പേസ് ബൗളര്‍മാരെ ഉപയോഗിച്ച് നല്ല പേസും ബൗണ്‍സും ലഭ്യമാക്കണം. പഴയ പന്തുപയോഗിച്ച് പേസ് ബൗളര്‍മാര്‍ക്ക് നല്ല തന്ത്രങ്ങളാവിഷ്കരിക്കാന്‍ കഴിയും. ഇപ്പോഴത്തെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ബുച്ചാനന് പറഞ്ഞു.
ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍ ഉപഭൂഖണ്ഡത്തില്‍ ആസ്ട്രേലിയ നേടിയ 2-1ന്റെ ചരിത്രവിജയത്തില്‍ ബുച്ചാനനായിരുന്നു പ്രധാന പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: