കേപ്ടൗണ്‍: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റിന് പാക്കിസ്ഥാനെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ 211 റണ്‍സിന്റെ ഉജ്ജ്വല വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0നാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തത്. സ്കോര്‍: പാക്കിസ്ഥാന്: 338, 169. ദക്ഷിണാഫ്രിക്ക: 326, 6ന് 182. രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ഒന്നാം ഇന്നിംഗ്സില്‍ 84 റണ്‍സെടുക്കുകയും ചെയ്ത റോബിന് പീറ്റേഴ്സനാണ് മാന്‍ ഓഫ് ദി മാച്ച്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേയാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ ആറാം പരമ്പര വിജയമാണിത്. നേരത്തെ ന്യൂസിലാന്റ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയവരെയും പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു.മൂന്നാം ടെസ്റ്റ് 22 മുതല്‍ സെഞ്ചൂറിയനില്‍ നടക്കും.
ജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 182 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 43.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 58 റണ്‍സ് നേടിയ ഹാഷിം ആംലയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. എ.ബി. ഡിവില്ലിയേഴ്സ് (36), ഗ്രെയിം സ്മിത്ത് (29), കല്ലിസ് (21), എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. പാക്കിസ്ഥാന് വേണ്ടി സയിദ് അജ്മല്‍ 51 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ 100/3 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ പാക്കിസ്ഥാന് 69 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. 65 റണ്‍സെടുത്ത അസര്‍ അലിയും 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും മാത്രാണ് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം നടത്തിയത്. ഇരുവര്‍ക്കും പുറമെ യൂനിസ് ഖാന് 14ഉം ആസാദ് ഷഫീഖ് 19ഉം തന്‍വീര്‍ അഹമ്മദ് 10 നോട്ടൗട്ട് എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്നവര്‍. നാല് വിക്കറ്റ് വീഴ്ത്തിയ വെര്‍നോണ്‍ ഫിലാന്‍ഡര്‍ തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും പാക്ക് നിരയുടെ അന്തകനായത്. സ്റ്റെയിനും പീറ്റേഴ്സണും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന് 111 റണ്‍സ് വീതം നേടിയ യൂനിസ് ഖാന്റെയും ആസാദ് ഷഫീക്കിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് 338 റണ്‍സ് നേടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ ഫിലാന്‍ഡര്‍ അഞ്ച് വിക്കറ്റ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഒന്നാം ഇന്നിംഗ്സില്‍ 84 റണ്‍സ് നേടിയ പീറ്റേഴ്സണും 61 റണ്‍സ് നേടിയ ഡിവില്ലിയേഴ്സും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. പാക്കിസ്ഥാന് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ സയീദ് അജ്മല്‍ ആറ് വിക്കറ്റും അരങ്ങേറ്റക്കാരന്‍ മുഹമ്മദ് ഇര്ഫാന് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: