ആയിരത്തി എണ്ണൂറ്റിഅന്‍പത്തിയേഴിലെ ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയെങ്കില്‍, അതിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ശ്രീനാരായണ ഗുരുദേവന് നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠ ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തിലെ നിശ്ശബ്ദ വിപ്ലവമായിരുന്നു. മുപ്പത്തിമുക്കോടി ദൈവങ്ങളെയും തങ്ങളുടെ കുടുംബ സ്വത്താക്കി അടക്കിവാണിരുന്നവരെ ഞെട്ടിച്ച സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അത്.
ലോക രക്ഷയ്ക്കായി സാക്ഷാല്‍ ശ്രീപരമേശ്വരന് കാളകൂട വിഷം കഴിച്ച മഹാശിവരാത്രി പുണ്യദിനം. മാലോകര്‍ വ്രതനിഷ്ഠയോടെ ഉറക്കമിളച്ച് കഴിച്ചുകൂട്ടുന്ന ആ മഹാശിവരാത്രിയില്‍ ത്തന്നെയാണ് 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1888ല്‍ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അന്നുവരെ സംഭവിക്കാത്ത ഒരു പുത്തന്‍ അരുണോദയമായിരുന്നു അത്. സ്വാതന്ത്ര്യത്തിന്റെ ശിവചൈതന്യപ്രഭയില് ഉച്ചനീചത്വങ്ങളുടെ അന്ധകാരം അപ്രത്യക്ഷമാകുന്ന മഹത്തായ കാഴ്ചയാണ് അന്ന് ദര്‍ശിച്ചത്. ആരെയും വെല്ലുവിളിക്കാതെ നിശ്ശബ്ദമായി നടത്തിയ ഈ നവോത്ഥാന വിപ്ലവം ലോകചരിത്രത്തില്‍ത്തന്നെ പുത്തന്‍ ഏടായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന പ്രക്രിയകള്‍ക്ക് അരുവിപ്പുറം ഒരു തുടക്കമായി മാറുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരുന്നത്. അഗസ്ത്യകൂടത്തില്‍ നിന്നുദ്ഭവിക്കുന്ന നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിമനോഹരമായ പ്രദേശമാണ് അരുവിപ്പുറം. ഇവിടുത്തെ കൊടിതൂക്കി മലയിലും നദീതീരത്തുള്ള ഗുഹകളിലും ശ്രീനാരായണ ഗുരുദേവന് തപസ്സനുഷ്ഠിച്ചിട്ടുണ്ട്. തപസിന്റെ ചൈതന്യം നിറഞ്ഞുനിന്ന അരുവിപ്പുറം അദ്ദേഹത്തിന്റെ കര്‍മഭൂമിയായി മാറുകയായിരുന്നു. ക്ഷേത്രങ്ങളില്‍ കയറാനാവാതെ ദൂരെനിന്ന് അവര്‍ണര്‍ ആരാധന നടത്തുന്നതില്‍ ഗുരുദേവന് ഏറെ ദുഃഖിതനായിരുന്നു. ഇതിന് പരിഹാരമായി അയിത്തജാതിക്കാര്‍ക്കായി അയിത്തമില്ലാത്ത ക്ഷേത്രം എന്ന ആശയം ഗുരുദേവന് ശിഷ്യരുമായി പങ്കുവെച്ചിരുന്നു. ഇതിന് വലിയ പിന്തുണയും ലഭിച്ചിരുന്നു. 1888 ലെ മഹാശിവരാത്രി ദിവസം അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാര്യം അദ്ദേഹം അനുയായികളോട് സൂചിപ്പിച്ചിരുന്നു.
അന്നേദിവസം വൈകുന്നേരം ആയപ്പോഴേക്കും അരുവിപ്പുറത്ത് വളരെയേറെ ഭക്തജനങ്ങള്‍ വന്നുചേര്‍ന്നു. ശിവരാത്രി വ്രതക്കാരും ഭജനക്കാരുമെല്ലാമായപ്പോള് വന്‍ ജനാവലി തന്നെയായി. ആറിന്റെ കിഴക്കേ തീരത്ത് പീഠമായി സങ്കല്പ്പിക്കപ്പെട്ട പാറയില്‍ ഒരു പ്രതിഷ്ഠ നടത്തുക എന്നതായിരുന്നു ഉന്നം. വിഗ്രഹം കരുതിവച്ചിരുന്നില്ല. എന്നാല്‍ പാറയില്‍ വിഗ്രഹം ഉറപ്പിക്കുവാന്‍ പാകത്തിന് വട്ടത്തിലുള്ള ഒരു കുഴി തയ്യാറാക്കി വച്ചിരുന്നു. ആരാണ് പ്രതിഷ്ഠ നടത്തുക എന്ന കാര്യം അവസാനഘട്ടം വരെ വെളിവാക്കിയിരുന്നില്ല. പാറയ്ക്ക് ചുറ്റും ഒരു ചെറിയ പന്തല്‍ കെട്ടി കുരുത്തോലയും ഇലകളും തോരണങ്ങളും തൂക്കി അലങ്കരിച്ചിരുന്നു. മരോട്ടിക്കായുടെ തോടുകളാണ് ചെരാതുകളായി ഉപയോഗിച്ചത്. സന്ധ്യ മയങ്ങി. ഗുരുദേവന്റെ സാമീപ്യം ജനങ്ങള്‍ക്ക് ഉണര്‍വേകി. ഏറെനേരം ധ്യാനനിമഗ്നനായിരുന്ന ഗുരുദേവന് പാതിരയായപ്പോള്‍ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റു. ജ്വലിക്കുന്ന മുഖവുമായി അദ്ദേഹം ആറ്റിലേക്കിറങ്ങി. വെള്ളമുണ്ടുടുത്തിരുന്ന ആ കനകവിഗ്രഹം ശങ്കരകുഴിയെന്ന കയത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങുന്നത് പഞ്ചാക്ഷരീ മന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കൂപ്പുകൈകളോടെ ഭക്തജനങ്ങള്‍ നോക്കിനിന്നു. സ്വാമികള്‍ പൊങ്ങിവരാന്‍ താമസിക്കുന്തോറും ജനങ്ങളുടെ ഉത്കണ്ഠ വര്‍ധിച്ചു. (ഒന്നരമണിക്കൂര്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നതായി ചില ജീവചരിത്രകാരന്മാര് പറയുന്നു) ഏറെ നേരത്തിനുശേഷം ഗുരുദേവന് പൊങ്ങിവന്നു.
ശിവലിംഗാകൃതിയിലുള്ള ഒരു ശില ഒറ്റകയ്യില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈറനോടെ ഗുരുദേവന് സാവധാനം കരയ്ക്ക് കയറി പന്തലില്‍ പ്രവേശിച്ചു. അവിടെ ആ ശില രണ്ടു കൈകള്‍കൊണ്ടും വഹിച്ചുകൊണ്ട് മൂന്ന് മണിക്കൂര്‍ ധ്യാനനിരതനായിനിന്നു. ആ സമയം ഗുരുദേവന്റെ കണ്ണുകളില്‍ നിന്നും ബാഷ്പം ധാരധാരയായി ഒഴുകി. നേരത്തെ തയ്യാറാക്കിയിരുന്ന പാറയില്‍ പ്രതിഷ്ഠിച്ച് കണ്ണീരണിഞ്ഞ ആ ശിലയെ നെയ്യാറിലെ ജലംകൊണ്ട് അഭിഷേകംചെയ്തു. അഷ്ടബന്ധം ചിലര്‍ കരുതിവെച്ചിരുന്നു. അത് ഇടാന്‍ മറന്ന് പോയെന്ന് കരുതി ഓര്മിപ്പിച്ചപ്പോള് ‘അതുറച്ചുപോയി ഇനി അതിന്റെ ആവശ്യമില്ല’ എന്ന് ഗുരുദേവന് പറഞ്ഞു. 125 വര്‍ഷമെത്തിയിട്ടും ആ പ്രതിഷ്ഠയ്ക്ക് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ഇളക്കി പ്രതിഷ്ഠ നടത്തിയതായും അറിവില്ല. ഒരു കരിങ്കല്ലില്‍ മറ്റൊരു കരിങ്കല്ല് ഉരുകിച്ചേര്ന്നപോലെ ഉറച്ചതെങ്ങനെ. ശങ്കരകുഴിയില്നിന്നെടുത്ത കരിങ്കല്ലിന്റെ അടിവട്ടവും പാറയില്‍ നേരത്തെ എടുത്തിരുന്ന കുഴിയുടെ വട്ടവും ഒത്തുവന്നതെങ്ങനെ. ആ സമയങ്ങളില്‍ ചില അത്ഭുതങ്ങള്‍ കണ്ടിട്ടുളളതായി പലരും പറയുന്നു. ആകാശത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ജ്യോതിസ്സ് താഴോട്ട് ഇറങ്ങിവന്ന് വിഗ്രഹത്തില്‍ പ്രവേശിച്ചതായി കുമാരനാശാന് രേഖപ്പെടുത്തുന്നു.
ഈഴവന് ശിവനെ പ്രതിഷ്ഠിച്ചാല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകുമെന്നും പ്രതിഷ്ഠ കണ്ടാല്‍ കണ്ണുപൊട്ടുമെന്നും വിശ്വസിച്ചിരുന്നവര്‍ ദൂരെ മാറിനിന്നാണ് ഈ കര്‍മം വീക്ഷിച്ചത്.
ചവിട്ടേറ്റ് ആലസ്യത്തിലാണ്ട് കിടന്നിരുന്ന മര്‍ദ്ദിത ജനകോടികള്‍ക്ക് നട്ടെല്ല് നിവര്‍ത്തിനിന്ന് ഏതീശ്വരനേയും സ്വതന്ത്രമായി ആരാധിക്കുവാന്‍ നാന്ദികുറിച്ച മുഹൂര്‍ത്തമായിരുന്നു അത്. ബ്രാഹ്മണര്‍ക്ക് മാത്രമായി പരിനിഷ്ഠിതമായ ക്ഷേത്രപ്രതിഷ്ഠയും വൈദിക വിധികളും ബ്രഹ്മജ്ഞാനവുമൊക്കെ ജാതി മത ഭേദചിന്ത കൂടാതെ ആര്‍ക്കും എത്തിനോക്കാന്‍ കഴിയുന്ന മണ്ഡലമാണെന്ന പ്രഖ്യാപനം ചെയ്ത മുഹൂര്‍ത്തമായിരുന്നു അത്. ആയിരത്താണ്ട് കൂടുമ്പോഴോ മറ്റൊ സംഭവിക്കുന്ന ധന്യമുഹൂര്‍ത്തം. ക്രിസ്തുവിന്റെ ജനനവും ഹിജറയും പോലെ പുതിയൊരു വര്‍ഷാരംഭത്തിന് നാന്ദികുറിയ്ക്കുവാന് പോന്നവിധം പ്രാധാന്യമുണ്ടായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയ്ക്ക്. കേരളത്തില്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിനുള്ളില്‍ ഇത്രയും ധന്യമായ മറ്റൊരു മുഹൂര്‍ത്തം ഉണ്ടായിട്ടില്ലെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
അരുവിപ്പുറത്തെ ചുവരില്‍ എഴുതി വയ്പ്പിച്ച പദ്യം സ്വാമികളുടെ ലക്ഷ്യത്തിന്റെ മഹനീയത വിളംബരം ചെയ്യുന്നു.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്.
ഒരു ഈഴവന് ശിവനെ പ്രതിഷ്ഠിക്കുവാന്‍ അധികാരമുണ്ടോ എന്ന് ചോദിച്ച നമ്പൂതിരിയ്ക്ക് ഗുരു നര്‍മപൂര്‍ണവും സാരഗര്‍ഭവും വിനീതവും ആയ മറുപടിയാണ് നല്‍കിയത്. ‘നാം ബ്രാഹ്മണ ശിവനെ പ്രതിഷ്ഠിച്ചില്ല. ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്.’ (ധര്‍മം 1928 മെയ് 21) ബ്രാഹ്മണരുടെ വായടപ്പിക്കുന്നതായിരുന്നു ഇത്.
ഹിന്ദുക്കള്‍ക്കിടയില്‍ അനേകായിരം കൊല്ലമായി പടര്‍ന്നുപിടിച്ച് ബലമായി വേരൂന്നിക്കിടന്നിരുന്ന ബ്രാഹ്മണമേധാവിത്വത്തെ മൂടോടുകൂടി വെട്ടിമുറിക്കുവാന്‍ ഉപയോഗിച്ച കോടാലിയായിരുന്നു ഈ പ്രതിഷ്ഠയെന്ന് മൂര്‍ക്കോത്ത് കുമാരനെപ്പോലുള്ള ജീവചരിത്രകാരന്മാര് രേഖപ്പെടുത്തിയിരിക്കുന്നു. വൈദിക പരിജ്ഞാനം മാത്രമല്ല, ബ്രഹ്മജ്ഞാനംതന്നെയും ജാതിവ്യത്യാസമില്ലാതെ ഏത് മനുഷ്യനും സാധിക്കാവുന്നതാണെന്നും ശ്രീനാരായണഗുരു കാട്ടിക്കൊടുത്തു. ഒരുനൂറ് വസന്തം ഒന്നിച്ച് വിരിഞ്ഞുല്ലസിക്കുന്ന ആനന്ദാനുഭവമാണ് ശ്രീനാരായണഗുരുദേവന്റെ അവതാരംകൊണ്ട് ഒരു ജനതയ്ക്ക് ഉണ്ടായത്.
“നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിന് മുന്‍പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനിയും ഇതൊക്കെയുമില്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടേയിരിക്കും” എന്ന് ഗുരുദേവന് പ്രവചിച്ചിട്ടുണ്ട്. കേവലം ഒരു സന്ന്യാസിയുടേയും പരിഷ്കര്ത്താവിന്റേയും ശാസ്ത്രജ്ഞന്റെയും വിപ്ലവകാരിയുടേയും വിചാരവികാരങ്ങളല്ല ഗുരുദേവനില്‍നിന്നും പൊങ്ങിവന്നത്. മനുഷ്യനെ മനുഷ്യനാക്കുന്ന അനിര്‍വചനീയമായ അനുഭവസമ്പത്താണത്. ഗുരു അക്ഷരങ്ങള്‍ കൊണ്ടൊരു പുത്തന്‍ വര്‍ണവസന്തമൊരുക്കി. ഭ്രാന്താലയമെന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ ഭാര്‍ഗവക്ഷേത്രത്തെ മനുഷ്യാലയമാക്കി.
സ്വാതന്ത്ര്യത്തിന്റെ അരുണിമ ഉദിച്ചുയര്‍ന്ന അരുവിപ്പുറം പ്രതിഷ്ഠയുടെ 125-ാം വാര്‍ഷികത്തിലെത്തുമ്പോള്‍ ഗുരുദേവന് പകര്‍ന്നുനല്‍കിയ ഭാരതീയ ഋഷി പരമ്പരയുടെ നവോത്ഥാന തേജസ്സ് ലോകത്തിന് വെളിച്ചമേകിക്കൊണ്ട് ഇന്നും പ്രകാശിക്കുന്നു. ‘ആരായുകിലാന്തത്വമൊഴിച്ചാദി മഹസ്സിന് നേരാം വഴി കാട്ടും ഗുരുവല്ലൊ പരദൈവം’ എന്ന് കുമാരനാശാന് എഴുതിയത് അര്‍ത്ഥപൂര്‍ണമാണ്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: