കൊച്ചി: സര്‍പ്പക്കാവിലെ പാലമരം രാസവസ്തു ഉപയോഗിച്ച് ഉണക്കിയ റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നു. തൃക്കാക്കര തോപ്പില്‍ ഗുരുദേവ് ലൈനില്‍ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുത്തുപാറ ആയില്യംകാവാണ് റിയല്‍എസ്റ്റേറ്റ് മാഫിയ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കാവ് സംരക്ഷണ സമതി തൃക്കാക്കരപോലീസില് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. കാവിനോട് ചേര്‍ന്ന് താമസിക്കുന്ന പുത്തന്‍ വീട്ടില്‍ ജോസഫ്, മകന് ലെനിന് എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വീട് പണിത് വില്പന നടത്തുന്ന ജോസഫ് ആറ് വര്‍ഷം മുമ്പാണ് കാവിനോട് ചേര്‍ന്നുള്ള സ്ഥലം ചുളുവിലക്ക് വാങ്ങിവീട് പണിതത്. എന്നാല്‍ പണിപൂര്‍ത്തിയായ വീട് സമീപത്ത് സര്‍പ്പക്കാവ് ഉള്ളതിനാല്‍ വാങ്ങാന്‍ ആരും തയ്യാറാവുന്നില്ല.
ഇതാണത്രേ പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന സര്‍പ്പക്കാവിലെ ദൈവപ്പാലയും മറ്റും നശിപ്പിക്കുവാന്‍ ഇയാള്‍ തുനിയുന്നതെന്നാണ് പറയുന്നത്. ഒരിക്കല്‍ സര്‍പ്പക്കാവ് വിലക്ക് വാങ്ങാന്‍വരെ ഇയാള്‍ ശ്രമിച്ചതായി പറയുന്നു. അതിപുരാതനമായ സര്പ്പക്കാവില് ദര്‍ശനം നടത്തുന്നതിനായി നിരവധിപേര്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ഇവരെ ഇയാള്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നത് പതിവായപ്പോള്‍ 127 പേര് ഒപ്പിട്ട ഒരു പരാതി മൂന്ന് വര്‍ഷം മുമ്പ് തൃക്കാക്കര പോലീസില്‍ നല്‍കിയിരുന്നതാണ്. പിന്നീട് ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒക്കും പരാതി നല്കി. എന്നിട്ടും പ്രയോജനമുണ്ടായില്ല. 2012 ഡിസംബര്‍ ഏഴിനാണ് പാലമരം രാസവസ്തുഉപയോഗിച്ച് ഉണക്കിയത് സംബന്ധിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇയാള്‍ വീണ്ടും സര്‍പ്പക്കാവിലെ മരങ്ങളിലേക്ക് രാസപദാര്‍ത്ഥം തളിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇപ്പോള്‍ സര്‍പ്പക്കാവിലെ പാലമരം പൂര്‍ണ്ണമായു ഉണങ്ങിയ നിലയിലാണ്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. കാവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് കാവ് സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വിശ്വംകുത്തുപാറ പറഞ്ഞു. ഈ കാവിന്റെ സംരക്ഷണത്തിന് വനംവകുപ്പ് നേരത്തെ പണം അനുവദിച്ചിട്ടുണ്ട്. പാലമരം ഉണങ്ങിയതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലും ഇത് രാസവസ്തു ഉപയോഗിച്ച് ഉണക്കിയതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: