കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഡി ക്ലസ്റ്റര്‍ മത്സരത്തില്‍ ഹരിയാന ഛത്തീസ്ഗഢിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഛത്തീസ്ഗഢ് ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മികച്ചൊരു സ്ട്രൈക്കറുടെ അഭാവവും ഹരിയാന ഗോളിയുടെ മികച്ച പ്രകടനവുമാണ് അവര്‍ക്ക് തിരിച്ചടിയായത്. ഛത്തീസ്ഗഢ് താരങ്ങളായ വസീം രാജയുടെയും സുഖ്ദീപ് സിംഗിന്റെയും രവികാന്ത് നായിഡുവിന്റെയും മികച്ച ശ്രമങ്ങളാണ് ഹരിയാന ഗോളിയുടെ മെയ്വഴക്കത്തിന് മുന്നില്‍ വിഫലമായത്. ഇതോടെ ക്വാര്‍ട്ടറില്‍ പ്രവേശനം ഉറപ്പാക്കാന്‍ ഇരുടീമുകള്‍ക്കും അടുത്ത മത്സര ഫലത്തെ ആശ്രയിക്കണം. നാളത്തെ ഹരിയാന-ഗോവ മത്സരമാണ് ഈ ക്ലസ്റ്ററില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ആദ്യ മത്സരം ജയിച്ചുകഴിഞ്ഞ ഗോവ ക്വാര്‍ട്ടര്‍ഫൈനല്‍ ഉറപ്പാക്കി.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ ഹരിയാന മുന്നിലെത്തി. മൈതാനമധ്യത്തുനിന്ന് പന്തുമായി മുന്നേറിയ പങ്കജ്സുര പന്ത് അഭിഷേകിന് കൈമാറി. പാസ് സ്വീകരിച്ച് വലതു വിംഗില്‍ക്കൂടി കുതിച്ച അഭിഷേക് പന്ത് വീണ്ടും പങ്കജ്സുരക്ക് നല്കി. പന്ത് പിടിച്ചെടുത്ത പങ്കജ്സുര ബോക്സിന് പുറത്തുനിന്ന് ഉതിര്‍ത്ത ബുള്ളറ്റ് ഷോട്ട് ഛത്തീസ്ഗഢ് ഗോളി ഗുര്‍പ്രീത് സിംഗിനെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു. തൊട്ടുപിന്നാലെ ഛത്തീസ്ഗഢിന് ഫ്രീകിക്ക് ലഭിച്ചു. മഞ്ജിത് സിംഗിന്റെ കിക്ക് ക്രോസ് ബാറിന് മുകളില്‍ക്കൂടി പറന്നു. രണ്ട് മിനിറ്റിനുശേഷം ഹരിയാന വീണ്ടും ഛത്തീസ്ഗഢ് ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചെങ്കിലും അവരുടെ പ്രതിരോധനിരക്കാര്‍ അപകടം ഒഴിവാക്കി. തുടര്‍ന്ന് കളി മൈതാനമധ്യത്തില്‍ ഒതുങ്ങിനിന്നു. എന്നാല്‍ 23-ാം മിനിറ്റില്‍ ഛത്തീസ്ഗഢിന് ഒരു അവസരം നഷ്ടമായി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അവരുടെ മലയാളി താരം താജുദ്ദീന് പായിച്ച ഒരു ലോംഗ് ഷോട്ട് ക്രോസ് ബാറിനെ ഉരുമ്മി പുറത്തേക്ക് പാഞ്ഞു. അധികം കഴിയും മുന്നേ ഹരിയാനയുടെ വികാസിന്റെ ഒരു ലോംഗ്റേഞ്ചും പുറത്തേക്കാണ് പോയത്. രണ്ട് മിനിറ്റിനുശേഷം ഛത്തീസ്ഗഢ് മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. ഒരു ത്രോയില്‍ നിന്നുവന്ന പന്ത് ബോക്സിനുള്ളില്‍ ലഭിച്ചെങ്കിലും കൃഷ്ണ നായിഡുവിന്റെ ആംഗുലര്‍ ഷോട്ട് പുറത്തുപോയി.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 32-ാം മിനിറ്റില്‍ ഛത്തീസ്ഗഢ് സമനില പിടിച്ചു. വസീം രാജ തുടങ്ങിവച്ച നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്നത്. വസീം പന്ത് രവികാന്ത് നായിഡുവിന് കൈമാറി. പന്ത് പിടിച്ചെടുത്ത രവികാന്ത് വീണ്ടും പന്ത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന വസീമിന് തിരിച്ചുനല്‍കി. പന്ത് പിടിച്ചെടുത്ത വസീം ഒരു പ്രതിരോധനിരക്കാരനെ മറികടന്നശേഷം ഹരിയാന വലയിലേക്ക് നിറയൊഴിച്ചു (1-1). സമനില കൈവരിച്ചതോടെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഛത്തീസ്ഗഢ് ഹരിയാന ബോക്സിലേക്ക് നടത്തിയത്. എന്നാല്‍ മികച്ചൊരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവം ഛത്തീസ്ഗഢിന് തിരിച്ചടിയാവുകയായിരുന്നു. ഇടയ്ക്കിടെ ഹരിയാനയും ചില മുന്നേറ്റങ്ങള്‍ നടത്തി. ആദ്യപകുതിയുടെ 45-ാം മിനിറ്റില്‍ ഹരിയാനക്ക് അനുകൂലമായി ബോക്സിന് തൊട്ടുപുറത്തുവച്ച് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ പങ്കജ് സുര എടുത്ത കിക്ക് ഛത്തീസ്ഗഢ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചതോടെ അപകടം ഒഴിവായി. തൊട്ടുപിന്നാലെ ഇടവേളക്കുള്ള വിസിലും മുഴങ്ങി.
രണ്ടാം പകുതി ആരംഭിച്ചത് ഛത്തീസ്ഗഢിന്റെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യമിനിറ്റില്‍ തന്നെ അവര്‍ക്ക് മികച്ചൊരു അവസരവും ലഭിച്ചു.പന്തുമായി മുന്നേറിയ ഛത്തീസ്ഗഢിന്റെ രവികാന്ത് നായിഡു വസീം രാജക്ക് മ്രി. പന്ത് കിട്ടിയ വസീംരാജ ആദ്യതവണ പോസ്റ്റിന് ലക്ഷ്യം വച്ചെങ്കിലും ഹരിയാന പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി പന്ത് തെറിച്ചു. പിന്നീടുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ വീണ്ടും പന്ത് കിട്ടിയ വസീം രാജ രണ്ടാമതും ഗോള്‍വല ലക്ഷ്യം വച്ചെങ്കിലും ഇത്തവണയും ഹരിയാന പ്രതിരോധം അപകടമൊഴിവാക്കുന്നതില്‍ വിജയിച്ചു. രണ്ട് മിനിറ്റിനുശേഷം വലതുവിംഗില്‍ക്കൂടി മുന്നേറിയ രവികാന്ത് നായിഡു ബോക്സിനുള്ളില്‍ പ്രവേശിച്ച് ഗോള്‍വല ലക്ഷ്യംവച്ചെങ്കിലും ഹരിയാന ഗോളി മഖിന്ദര്‍ പന്ത് കൈപ്പിടിയിലൊതുക്കി. പിന്നീട് 54-ാം മിനിറ്റില്‍ ഛത്തീസ്ഗഢിെന്റ വസീം രാജ തുറന്ന ഒരു അവസരം തുലച്ചു. പന്തുമായി മുന്നേറിയ താജുദ്ദീന് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന വസീം രാജക്ക് പന്ത് കൈമാറി. പന്ത് പിടിച്ചെടുത്ത് ഒരു പ്രതിരോധനിരക്കാരനെ കബളിപ്പിച്ചശേഷം അഡ്വാന്‍സ് ചെയ്ത ഗോളിയെയും മറികടന്ന് ഉതിര്‍ത്ത ഷോട്ട് പുറത്തേക്ക് പാഞ്ഞു. 57-ാം മിനിറ്റില്‍ ഹരിയാനയുടെ ഒരു മുന്നേറ്റം കോര്‍ണറിന് വഴങ്ങി ഛത്തീസ്ഗഢ് പ്രതിരോധം രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ ഛത്തീസ്ഗഢ് വീണ്ടും ഗോളിന്റെ അടുത്തെത്തി. എന്നാല്‍ രവികാന്ത് നായിഡു പായിച്ച ബുള്ളറ്റ് ഷോട്ട് ഹരിയാന ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മറ്റൊരു അവസരവും ഛത്തീസ്ഗഢ്നഷ്ടപ്പെടുത്തി. 80-ാം മിനിറ്റില്‍ ഹരിയാനക്ക് ഫ്രീകിക്ക് ലഭിച്ചു. അവരുടെ സുഖ്ദീപിനെ വിവേക് കുമാര്‍ വീഴ്ത്തിയതിനാണ് ഫ്രീകിക്ക്. എന്നാല്‍ ഇതും മുതലാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല. ഈ ഫൗളിന് വിവേകിന് മഞ്ഞകാര്‍ഡ് ലഭിച്ചു. തൊട്ടുപിന്നാലെ ഛത്തീസ്ഗഢിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും അതും പാഴായി. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ മാത്രം വഴിമാറിനിന്നു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ പശ്ചിമബംഗാള്‍ ദല്‍ഹിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: