കൊല്ലം: സന്തോഷ് ട്രോഫി മത്സരത്തിന്റെ ആറുദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലത്തിന്റെ മണ്ണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരമായിരുന്നു ശനിയാഴ്ച. കര്‍ണാടകയുടെ ഗോള്‍മഴയില്‍ എതിരാളികളായ അരുണാചല്‍പ്രദേശിന് കാഴ്ചക്കാരായിനില്ക്കാനെ സാധിച്ചുള്ളു. ഇന്നലെ നടന്ന ക്ലസ്റ്റര്‍ എയിലെ ആദ്യമത്സരത്തില്‍ കര്‍ണാടക ഏകപക്ഷീയമായ എട്ടുഗോളുകള്‍ക്കാണ് അരുണാചല്‍പ്രദേശിനെ അടിയറവ് പറയിച്ചത്. ഇരുപകുതിയിലും നാലുവീതം ഗോളുകള്‍ കര്‍ണാടക നേടിയതോടെ അരുണാചല്‍പ്രദേശ് മത്സരത്തില്‍നിന്നും പുറത്തായി. ആദ്യപകുതിയുടെ 17, 23, 30, 33 മിനിറ്റുകളിലും രണ്ടാംപകുതിയുടെ 16, 26, 30, 43 മിനിറ്റുകളിലുമായിരുന്നു കര്‍ണാടക ഗോളുകള്‍. 11-ാം നമ്പര്‍താരം സ്റ്റീഫന്‍ മൂന്നു ഗോളുകളടിച്ച് ഹാട്രിക് നേടി. 10-ാം നമ്പര്‍താരം മലയാളിയായ രാജേഷ് രണ്ടും 13-ാം നമ്പര്‍താരം ടി. അമോയിസ് രണ്ടും എട്ടാം നമ്പര്‍ താരം ലോകേഷ് ഒരു ഗോളും നേടി കര്‍ണാടകയുടെ പട്ടിക പൂര്‍ത്തിയാക്കി.
ആക്രമണത്തോടെയാണ് അരുണാചല്‍ പ്രദേശ് കളിക്കാര്‍ ആരംഭിച്ചതെങ്കിലും മത്സരത്തില്‍ കര്‍ണാടകയുടെ ആധിപത്യമായിരുന്നു കാണാനായത്. മികച്ച ആക്രമണവും പ്രതിരോധവും വേഗതയും കര്‍ണാടക താരങ്ങള്‍ മത്സരത്തിലുടനീളം പുറത്തെടുത്തു. എന്നാല്‍ കൊല്ലത്തെ പൊരിവെയിലില്‍ തളര്‍ന്ന അരുണാചല്ടീമിന്റെ ആക്രമണത്തിന്റെ മുനയൊടിഞ്ഞതും പ്രതിരോധത്തിലെ വിള്ളലുകളുമാണ് ടൂര്‍ണമെന്റില്‍നിന്നും പുറത്തേക്കുള്ള വഴിതുറന്നത്. എന്നാല്‍ ആദ്യപകുതിയുടെ തുടക്കത്തിലും 22, 36 മിനിറ്റുകളിലും അരുണാചല്‍ ഷോട്ടുകള്‍ കര്‍ണാടകയുടെ ക്രോസ്ബാറിനു മുകളിലൂടെ കടന്നുപോയി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ അരുണാചല്‍ ഗോളി തടു താക്ക മികച്ച രണ്ടു സേവുകളും നടത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ സര്‍വാധിപത്യമായിരുന്നു. രണ്ടാമത്തെ കളിയില്‍ ബീഹാര്‍ വിജയിച്ചു. ദാമന്‍ ദിയുവിനോട് 4-1 എന്ന ഗോള്‍ നിലയ്ക്കാണ് ബീഹാറിന്റെ വിജയം. ഇന്ന് ആദ്യമത്സരത്തില്‍ നാഗാലാന്റും ജാര്‍ഖണ്ഡും രണ്ടാം മത്സരത്തില്‍ ഗുജറാത്തും ചണ്ഡിഗഡും ഏറ്റുമുട്ടും.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: