കാലടി: ശ്രീശങ്കരാചാര്യ സമാന്തരപാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ആഗമാനന്ദസ്വാമി സ്മാരക സമിതിയുടെ പ്രത്യേക യോഗം ആവശ്യപ്പെട്ടു. 42 കോടി രൂപയാണ് സമാന്തരപാലത്തിന്റെ നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ആദിശങ്കര ജന്മഭൂമിയും അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രവുമായ കാലടിയുടെ പ്രാധാന്യം കുറച്ചുകൊണ്ട് സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടി സമാന്തര പാലത്തിന്റെ നിര്‍മ്മാണത്തിന് നടത്തുന്ന ശ്രമങ്ങളില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.
കാലടിയില്‍ ഇപ്പോഴുള്ള പാലത്തിന് അടുത്തായിട്ടാണ് സമാന്തരപാലം നിര്‍മ്മിക്കേണ്ടത്. പകരം ചെങ്ങല്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന രീതിയില്‍ ബൈപ്പാസ് നിര്‍മ്മിച്ച് പാലം നിര്‍മ്മിക്കുവാനാണ് ശ്രമം നടക്കുന്നത്. കാലടിയില്‍ അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താല്‍ ഇപ്പോഴുള്ള കാലടി ടൗണിന്റെയും കാലടിയുടെയും പ്രാധാന്യം കുറക്കാതെതന്നെ നിലവിലുള്ള പാലത്തിന് സമീപത്തായി സമാന്തരപാലം നിര്‍മ്മിക്കാം. ചെങ്ങല്‍ വഴി പോകുന്ന സമാന്തരപാലത്തിന് അനുയോജ്യമായി പാലം നിര്‍മ്മിച്ചാല്‍ കാലടിക്കും സമീപപ്രദേശങ്ങളിലുമുള്ള യാത്രക്കാര്‍ ചെങ്ങലില്‍ ഇറങ്ങേണ്ടി വരുന്നത് യാത്രാക്ലേശം കൂടുതല്‍ ദുരിതമാക്കും. ഇപ്പോള്‍തന്നെ കാലടിയിലെ വാണിജ്യകേന്ദ്രങ്ങള്‍ക്ക് ബിസിനസ് കുറഞ്ഞുവരികയാണ്.
ചെങ്ങല്വഴി പുതിയ റോഡ് വരുമ്പോള്‍ കാലടിയിലെ വ്യാപാരികളെ അത് സാരമായി ബാധിക്കും. കാലടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പുതിയ സമീപനം പ്രതികൂലമായി ബാധിക്കും. കാലക്രമേണ കാലടിയെന്ന ഗ്രാമം തീര്‍ത്ഥാടകരും ഇതര യാത്രക്കാരും അറിയാതെ പോകുന്ന സാഹചര്യമുണ്ടാകും. ഇരുപാലങ്ങളും ചേര്‍ന്നുവന്നാല്‍ തടയണ നിര്‍മ്മാണത്തിനും അതുവഴി ജലനിരപ്പ് ഉയര്‍ത്തി കാലടി, അങ്കമാലി പ്രദേശങ്ങളിലെ കുടിവെള്ള-ജലസേചന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും.
ബൈപ്പാസ് നിര്‍മ്മാണത്തിന് എഴുപതടി വീതിയില്‍ സ്ഥലം അക്വയര്‍ ചെയ്യണം. ഇത് ഭാരിച്ച സാമ്പത്തിക ബാധ്യത വളര്‍ത്തുകയും മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥലം അക്വയര്‍ ചെയ്യുന്നത് അനിശ്ചിതമായി നീണ്ടുപോകുകയും ഫലത്തില്‍ സമാന്തര പാലം നിര്‍മ്മാണം ഉപേക്ഷിക്കേണ്ടതായും വരും. സമാരന്തരപാലം പഴയ പാലത്തിനോട് ചേര്‍ന്നുവന്നാല്‍ അത് കാലടിയുടെ പൈതൃക ടൂറിസത്തിന് വളരെയധികം പ്രോത്സാഹനമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്.പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.വി.പീതാംബരന്, വി.എ.രഞ്ചന്‍, ടി.എസ്.രാധാകൃഷ്ണന്, എം.കെ.വാവക്കുട്ടന് മാസ്റ്റര്‍, കെ.എന്‍.ചന്ദ്രപ്രകാശ്, വി.കെ.വാസുദേവന്‍, ടി.വി.രാജേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: