ഒരു കാലത്ത് കേരളത്തെ വിറപ്പിച്ചിരുന്ന നക്സലൈറ്റുകള്‍ ഇപ്പോള്‍ മാവോയിസ്റ്റുകളായി പുനര്‍ അവതരിച്ച് കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി വനമേഖലകളില്‍ തമ്പടിച്ചിരിക്കുകയാണ്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റുകള്‍) 1968 ല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് പുല്‍പ്പള്ളി, തലശ്ശേരി കണ്ണൂര്‍ മേഖലകളിലാണ്. കുന്നിക്കല്‍ നാരായണന്, ഫിലിപ്പ് എം. പ്രസാദ്, അജിത മുതലായവര്‍ നേതൃത്വം നല്കിയ പോലീസ് സ്റ്റേഷന് ആക്രമണത്തെത്തുടര്‍ന്ന് വര്‍ഗീസ് എന്ന നക്സലൈറ്റ് കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നക്സല്‍ വര്‍ഗീസ് ദിനമായ ഫെബ്രുവരി 19 ന് മാവോവാദി ആക്രമണം ഉണ്ടായേക്കാം എന്ന അഭ്യൂഹം ശക്തമാണ്. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ആദ്യം സ്ഥിരീകരിച്ചത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ്. ഇപ്പോള്‍ കര്‍ണാടകത്തില്‍ മാവോയിസ്റ്റ് വേട്ട ശക്തമായതോടെ ഒരു സ്ത്രീ അടക്കം കുറെ മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് കടന്നതായി കണ്ടെത്തിയിരിക്കുന്നു. മാവോയിസ്റ്റ് ആക്രമണ സാധ്യത മുന്നില്‍ കണ്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വനാതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ആയുധങ്ങള്‍ മാറ്റി. മാവോയിസ്റ്റുകള്‍ തങ്ങളോട് അരി വാങ്ങി കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച സ്ത്രീകളോട് കുറച്ചു പച്ചക്കറി എങ്കിലും തരൂ എന്നഭ്യര്‍ത്ഥിച്ച് പച്ചക്കറിയുമായി കാട്ടിനുള്ളിലേയ്ക്ക് കയറി എന്നാണ് ചില സ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ ഒരു വ്യാപാരിയെ ഭീഷണിപ്പെടുത്തി ഭക്ഷ്യസാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി.
നിലമ്പൂര്‍ വനമേഖലയില്‍ വന്‍ ആയുധ ശേഖരവുമായാണ് മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുള്ളത്. ഇവരെ നേരിടാന്‍ സര്‍ക്കാര്‍ ഓപ്പറേഷന് ബ്രഹ്മഗിരി എന്ന് പേരിട്ട് പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സംഘത്തെ വയനാടന്‍ വനത്തില്‍ വിന്യസിച്ചിരിക്കുകയാണ്. തണ്ടര്‍ ബോള്‍ട്ടുകള്‍ വനയുദ്ധത്തില്‍ പരിശീലനം നേടിയവരാണെങ്കിലും ആന്റി മാവോയിസ്റ്റ് ഓപ്പറേഷനോ സിആര്‍പിഎഫിലെ കോബ്രകളെപ്പോലെയോ ആന്ധ്രയിലെ ഗ്രേ ഹൗണ്ട്സിനോ പ്രാപ്തരല്ല എന്നാണ് പോലീസ് നിഗമനം. ഇപ്പോള്‍ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ സര്‍ക്കാര്‍ ഒരു സ്ഥിരം സംവിധാനം ആസൂത്രണം ചെയ്യുകയാണ്. മാവോയിസ്റ്റുകളുടെ പുതിയ ഗറില്ല മേഖലയെപ്പറ്റി കേരളവും കര്‍ണാടകവും തികച്ചും അജ്ഞരായിരുന്നു. മാവോയിസ്റ്റുകള്‍ നക്സല്‍ വര്‍ഗീസിന്റെ രക്തസാക്ഷി ദിനം ആചരിക്കാന്‍ തിരുനെല്ലി പോലീസ് സ്റ്റേഷന് ആക്രമിക്കാനായിരുന്നു ലക്ഷ്യമിട്ടത്. മാവോയിസ്റ്റുകള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ഇടയില്‍ സജീവമാണത്രെ. ദളങ്ങള്‍ രൂപീകരിച്ചാണ് അവര്‍ പരിശീലനം നല്‍കുന്നത്. ദളം രൂപീകരിച്ചാല്‍ ആക്രമണം ഉറപ്പാണെന്നാണ് പോലീസ് നിഗമനം. മലയാളികള്‍ ഉള്‍പ്പെടെ 27 പേര് ഉള്‍പ്പെട്ട ദളമാണത്രേ രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വനാന്തരങ്ങളില്‍ പരിശോധന നടത്തും. ഇപ്പോള്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ വയനാടന്‍ വനത്തില്‍ അത്യാധുനിക ആയുധങ്ങളോടെ പ്രവേശിച്ച് തിരുനെല്ലിയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. തിരുനെല്ലിക്കാടുകളെപ്പറ്റി പഠിക്കാന്‍ ആദിവാസികളുടേയും വനംവകുപ്പ് ജീവനക്കാരുടേയും സഹായം തേടിയിരിക്കുകയാണ്.
മാവോയിസ്റ്റ് ബന്ധമുള്ളവര്‍ വയനാട്ടില്‍ ഭൂമി വാങ്ങി കൂട്ടിയ കാര്യവും അന്വേഷണ വിധേയമാണ്. എക്സൈസ് വകുപ്പിലെ രണ്ടുപേര്‍ സ്ഥിരീകരിച്ചത് അഞ്ച് ആയുധധാരികളെ കണ്ടിരുന്നു എന്നാണ്. ഇപ്പോള്‍ കര്‍ണാടക വനംവകുപ്പിലെ ഗാര്‍ഡിനെ മാവോയിസ്റ്റ് സംഘം ബന്ദിയാക്കി എന്ന സൂചനയാണ് ലഭിയ്ക്കുന്നത്. ഉഡുംമ്പെക്കാവ് ഡിവിഷനിലെ വനപാലകനാണത്രെ ഇയാള്‍. മാവോയിസ്റ്റ് സാന്നിദ്ധ്യം കേരള, കര്‍ണാടക, തമിഴ്നാട് വനാതിര്‍ത്തിയില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പക്ഷെ നാലുമാസം മുമ്പ് ഈ വനമേഖലകളില്‍ ആയുധധാരികളായ സംഘത്തെ കണ്ടിരുന്നു എന്ന വാര്‍ത്ത വന്നിട്ടും കേരള സര്‍ക്കാര്‍ ഇത് തീര്‍ത്തും അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ കേരള വനാതിര്‍ത്തിയില്‍ തന്നെ മാവോയിസ്റ്റ് സംഘത്തെ കണ്ടു എന്ന വാര്‍ത്ത വന്നശേഷം മാത്രമാണ് സ്പെഷ്യല്‍ സംവിധാനത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത് തന്നെ. ഇത് തികഞ്ഞ അനാസ്ഥയും ജനസുരക്ഷയെപ്പറ്റിയുള്ള ഭരണകര്‍ത്താക്കളുടെ അവഗണനയുമാണ് കാണിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യ വാര്‍ത്ത വന്നയുടന്‍ പ്രതിരോധ നടപടികള്‍ എടുക്കുന്നതിന് പകരം ഇപ്പോള്‍ അവര്‍ സായുധധാരികളായി കേരള വനമേഖലയില്‍ തമ്പടിച്ച ശേഷമാണ് സര്‍ക്കാര്‍ ഉണരുന്നത്. ഇത് തികച്ചും അക്ഷന്തവ്യമാണ്. സര്‍ക്കാരിന് കരുതലുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ ഓപ്പറേഷന് ബ്രഹ്മഗിരി ഒഴിവാക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: