കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ എ ക്ലസ്റ്ററില്‍ നടന്ന ആദ്യ മത്സരത്തില്‍ റെയില്‍വേക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദല്‍ഹിയെയാണ് റെയില്‍വേ കീഴടക്കിയത്. ഹരിയാനക്ക് വേണ്ടി ജഗ്താര്‍ സിംഗ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ദല്‍ഹിയുടെ ആശ്വാസഗോള്‍ 36-ാം മിനിറ്റില്‍ ശശാങ്ക് മാംഗന്റെ വകയായിരുന്നു. ശരാശരി നിലവാരത്തിലേക്ക് ഉയര്‍ന്ന മത്സരം തുല്യശക്തികളുടെ പോരാട്ടമായിരുന്നു. മികച്ചൊരു സ്ട്രൈക്കറുടെ അഭാവമാണ് ദല്‍ഹിക്ക് മത്സരത്തില്‍ തിരിച്ചടിയായത്. റെയില്‍വേക്ക് വേണ്ടി രണ്ട് മലയാളി താരങ്ങള്‍ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി.
മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ റെയില്‍വേക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എം. റെഗിന് എടുത്ത കിക്ക് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ് ബാറിന് മുകളിലുടെ പറന്നു. ഏറെ കഴിയും മുന്നേ ദല്‍ഹിയുടെ മുന്നേറ്റം കോര്‍ണറിന് വഴങ്ങി റെയില്‍വേ പ്രതിരോധം രക്ഷപ്പെടുത്തി. ജഗദീപ് സിംഗ് എടുത്ത കോര്‍ണര്‍ റെയില്‍വേ പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടലില്‍ അപകടമൊഴിവായി. 13-ാം മിനിറ്റില്‍ റെയില്‍വേയുടെ മറ്റൊരു മൂന്നേറ്റവും പാഴായി. തൊട്ടുപിന്നാലെ അവര്‍ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും അപകടം ഒഴിവായി. തൊട്ടടുത്ത മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സിനുള്ളില്‍ നിന്ന് റെഗിന് തൊടുത്ത ഷോട്ട് ദല്‍ഹി പ്രതിരോധനിരക്കാരന്‍ വിഫലമാക്കി. രണ്ട് മിനിറ്റിനുശേഷം ദല്‍ഹിക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 17-ാം മിനിറ്റില്‍ റെയില്‍വേ മുന്നിലെത്തി. അവര്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഗുര്‍പ്രീത് സിംഗ് എടുത്ത കോര്‍ണര്‍ ദല്‍ഹി പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയത് മികച്ചൊരു കാര്‍പറ്റ് ഷോട്ടിലൂടെ ജഗ്താര്‍ സിംഗ് ദല്‍ഹി വല കുലുക്കി (1-0). പിന്നീട് 24-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് റെഗിന് പായിച്ച ലോംഗ് റേഞ്ച് പുറത്തേക്ക് പാഞ്ഞു. 29-ാം മിനിറ്റില്‍ ദല്‍ഹിക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ശശാങ്ക് മാംഗന്‍ എടുത്ത കിക്ക് റെയില്‍വേ പ്രതിരോധം ക്ലിയര്‍ ചെയ്തെങ്കിലും പന്ത് ലഭിച്ചത് ദല്‍ഹി താരത്തിനായിരുന്നു. ഇയാള്‍ തള്ളിക്കൊടുത്ത പന്ത് ബോക്സിനുള്ളില്‍ വച്ച് സ്വീകരിച്ച് ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മഹേണ്ടര്‍ സിംഗ് അടിച്ചത് പുറത്തേക്കാണ് പാഞ്ഞത്. 32-ാം മിനിറ്റില്‍ ദല്‍ഹിക്ക് അനുകൂലമായി വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും ബോക്സിലേക്ക് ഇറങ്ങിയ പന്ത് നിയന്ത്രിച്ച് റെഗിന് തൊടുത്ത ഷോട്ട് പുറത്തുപോയി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 36-ാം മിനിറ്റില്‍ ദല്‍ഹി സമനില പിടിച്ചു. പന്തുമായി മുന്നേറിയ ജഗദീപ് സിംഗ് മോനു ചൗധരിക്ക് തള്ളിക്കൊടുത്തു. പന്ത് പിടിച്ചെടുത്ത മോനു വലതുവിംഗിലൂടെ കുതിച്ച് ബോക്സിനുള്ളിലേക്ക് നല്കിയ അളന്നുമുറിച്ച ക്രോസ് ശശാങ്ക് മാംഗന്‍ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ റെയില്‍വേ വല കുലുക്കി. തൊട്ടുപിന്നാലെ ലീഡ് നേടാനുള്ള റെയില്‍വേയുടെ ശ്രമം ദല്‍ഹി ഗോളി വിക്രാന്ത് ശര്‍മ്മ വിഫലമാക്കി. പ്ലേമേക്കര്‍ ഗുര്‍പ്രീത് പന്തുമായി കുതിച്ച് ബോക്സില്‍ പ്രവേശിച്ചശേഷം നല്കിയ പാസ് റെഗിന് വലയിലേക്ക് തള്ളിയിട്ടുവെങ്കിലും ദല്‍ഹി ഗോളി കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. പിന്നീട് ആദ്യപകുതിക്ക് പിരിയുന്നതിന് മുമ്പ് ഇരുടീമുകളും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് നേടാന്‍കഴിഞ്ഞില്ല.
രണ്ടാം പകുതി തുടങ്ങിയത് ദല്‍ഹിയുടെ മുന്നേറ്റത്തോടെയായിരുന്നു. ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ ചില മികച്ച മുന്നേറ്റങ്ങള്‍ ദല്‍ഹി താരങ്ങള്‍ റെയില്‍വേ ബോക്സിലേക്ക് നയിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സ്ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞില്ല. 54-ാം മിനിറ്റില്‍ റെയില്‍വേ ലീഡ് നേടിയെന്ന് തോന്നിച്ചു. അവരുടെ പ്ലേമേക്കര്‍ റെഗിന് വലതുവിംഗിലൂടെ പന്തുമായി കുതിച്ച് ദല്‍ഹി പ്രതിരോധനിരയെ കബളിപ്പിച്ചശേഷം ബോക്സിലേക്ക് മികച്ചൊരു ക്രോസ് നല്കി. പന്ത് പിടിച്ചെടുത്ത ജഗ്താര്‍ സിംഗ് നല്ലൊരു ഷോട്ടിലൂടെ ദല്‍ഹി പോസ്റ്റ് ലക്ഷ്യം വച്ചെങ്കിലും ഗോളി വിക്രാന്ത് ശര്‍മ്മ പന്ത് കയ്യിലൊതുക്കി. 59-ാം മിനിറ്റില്‍ റെയില്‍വേ വീണ്ടുമൊരു മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 63-ാം മിനിറ്റില്‍ ദല്‍ഹിയുടെ ധീരജ് സിംഗ് മികച്ചൊരു മൂന്നേറ്റത്തിനൊടുവില്‍ പന്ത് റെയില്‍വേ ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും പ്രതിരോധനിര അപകടം ഒഴിവാക്കി. 65-ാം മിനിറ്റില്‍ റെയില്‍വേ വീണ്ടും ലീഡ് നേടി. മൈതാനമധ്യത്തുനിന്നും തള്ളിക്കിട്ടിയ പന്തുമായി വലതുവിംഗിലൂടെ കുതിച്ച റെയില്‍വേയുടെ മലയാളി താരം സി. സിറാജുദ്ദീന് ബോക്സിനുള്ളിലേക്ക് നല്കിയ പാസ് ജഗ്താര്‍സിംഗ് യാതൊരു ബുദ്ധിമുട്ടും കൂടാതെ വലയിലെത്തിച്ചു (2-1). ജഗ്താര്‍ സിംഗിന്റെ രണ്ടാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ദല്‍ഹിയുടെ മോനു ചൗധരിയുടെ ഒരു ലോംഗ്റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. 76-ാം മിനിറ്റില്‍ റെയില്‍വേക്ക് വീണ്ടുമൊരു അവസരം ലഭിച്ചെങ്കിലും ഓഫ്സൈഡ് കെണിയില്‍ പെട്ടുപോയി. മൂന്നുമിനിറ്റിനുശേഷം റെഗിന്റെ പാസില്‍ നിന്ന് ബല്‍രാജ് സിംഗ് ഉതിര്‍ത്ത ലോംഗ്റേഞ്ചര്‍ ബാറിന് മുകളിലൂടെ ഗ്യാലറിയിലേക്ക് പറന്നു. 85-ാം മിനിറ്റില്‍ റെയില്‍വേയുടെ സിബ്ര നര്‍ജാരി ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. പന്തുമായി വലതുവിംഗിലൂടെ കയറിയ റെഗിന് ബോക്സിനുള്ളിലേക്ക് നല്കിയ പാസ് കൃത്യമായി കണക്ട് ചെയ്യാന്‍ സിബ്ര നര്‍ജാരിക്ക് കഴിഞ്ഞില്ല. 86-ാം മിനിറ്റില്‍ ദല്‍ഹിക്ക് ഫ്രീകിക്ക് ലഭിച്ചു. ജതീന്ദര്‍ സെയ്നി എടുത്ത കിക്ക് റെയില്‍വേയുടെ പ്രതിരോധനിര താരം ഹെഡ്ഡ് ചെയ്ത് അപകടം ഒഴിവാക്കി. 89-ാം മിനിറ്റില്‍ ദല്‍ഹിയൂടെ മോനു ചൗധരിയൂടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ റെയില്‍വേ താരങ്ങള്‍ നെടുനിശ്വാസമുതിര്‍ത്തു.
ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ ഛത്തീസ്ഗഢ് ഹരിയാനയുമായി ഏറ്റുമുട്ടും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: