കൊല്ലം: സമനില അതിജീവിക്കാന്‍ ജാര്‍ഖണ്ഡും ചണ്ഢീഗഡും നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ലാല്‍ബഹദൂര്‍ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചു. ആദ്യമത്സരത്തിലാണ് ക്ലസ്റ്റര്‍ എ വിഭാഗത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം നേടിയ ചണ്ഡീഗഡ് വിജയപ്രതീക്ഷയിലായിരുന്നു. ഒന്നാം പകുതിയില്‍ പ്രതിരോധത്തില്‍ ഉറച്ചുകളിച്ച ജാര്‍ഖണ്ഡിന് വ്യക്തമായ മുന്നേറ്റത്തിലൂടെ ഗോള്‍ നേടാന്‍ അവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഫ്രീകിക്കുകള്‍ നിരവധിതവണ ജാര്‍ഖണ്ഡിന് അനുകൂലമായി വന്നു. ചണ്ഡിഗഡിന് വേണ്ടി പന്ത്രണ്ടാം നമ്പര്‍ താരമായ ഹര്‍മീന്ദര്‍ സിംഗ് കളിയുടെ പതിനേഴാം മിനിറ്റില്‍ നേടിയ ഗോളായിരുന്നു മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. എട്ടാം നമ്പര്‍ കളിക്കാരനായ രാജന് നേഗി നല്കിയ മനോഹരമായ പാസാണ് കണ്ണിമ ചിമ്മും മുമ്പേ ഗോള്‍വല കുലുക്കാന്‍ ഹര്‍മീന്ദറിന് സഹായകമായത്. തുടരെ തുടരെ അവസരങ്ങള്‍ ഇരുടീമംഗങ്ങളെയും തേടി വന്നെങ്കിലും അവയെല്ലാം ഗോളാക്കുന്നതില്‍ നിന്ന് തടഞ്ഞ് രണ്ടു ടീമുകളുടെയും ഗോളിമാര്‍ മെയ്വഴക്കം കാട്ടി. മുപ്പതാം മിനിറ്റില്‍ ജാര്‍ഖണ്ഡ് താരമായ മോനിറുല്‍ മിസ്ത്രിയുടെ ഗോള്വലയിലെക്കുള്ള ലോംഗ് ഷോട്ട് ചണ്ഡിഗഡ് പ്രതിരോധനിര പരാജയപ്പെടുത്തി. രണ്ടാം പകുതിയുടെ ഒമ്പതാം മിനിറ്റില്‍ തന്നെ ജാര്‍ഖണ്ഡ് ഗോള്‍ മടക്കി.
ആറാം നമ്പര്‍ കളിക്കാരനായ സഞ്ജീവ് കുമാര്‍ സിംഗായിരുന്നു അപ്രതീക്ഷിതമായി പിറന്ന ഗോളിന്റെ സൂത്രധാരന്‍. കളിയില്‍ അതുവരെയുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ട ചണ്ഡിഗഡ് പിന്നീട് തുടര്‍ച്ചയായി ആക്രമിച്ചുകളിച്ചെങ്കിലും ഗോള്മുഖത്തെത്തുന്നതില് നിന്ന് അവരെ ജാര്‍ഖണ്ഡ് പ്രതിരോധക്കാര്‍ തടഞ്ഞു. 23-ാം മിനിറ്റില്‍ ജാര്‍ഖണ്ഡിന് ഗോളുറപ്പാക്കിയ ഷോട്ട് തൂണില്‍ തട്ടി ഇല്ലാതായത് കാണികളെ നിരാശരാക്കി. പിന്നീട് ഒരു ഘട്ടത്തിലും ഗോള്‍വലയ്ക്ക് നേരെയെത്താന്‍ ജാര്‍ഖണ്ഡിന്റെ കളിക്കാര്‍ക്ക് സാധിച്ചില്ല. ഇരുവിഭാഗത്തിന്റെയും മുന്നേറ്റങ്ങള്‍ അവസാനനിമിഷങ്ങളില്‍ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. ദീര്‍ഘദൂര ഷോട്ടുകള്‍ വലയ്ക്കുമുകളിലൂടെ രണ്ടിലേറെ തവണ പാഞ്ഞു. റഫറി ഫൈനല്‍വിസില്‍ മുഴക്കിയപ്പോഴേക്കും ഇരുവിഭാഗത്തിനും സമനില കൊണ്ട് തൃപ്തരാകേണ്ടിവന്നു. രണ്ടാം മത്സരത്തില്‍ ഗുജറാത്തും നാഗാലാന്റും ഏറ്റുമുട്ടി. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് നാഗാലാന്റ് ജയിച്ചു. ഇന്ന് വൈകിട്ട് മൂന്നരക്ക് നടക്കുന്ന ആദ്യമത്സരത്തില്‍ കര്‍ണാടക അരുണാചല്‍ പ്രദേശിനെയും അഞ്ചരക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബീഹാര്‍ ദാമന്ദിയുവിനെയും നേരിടും.
എ. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: