സെനൃ പീറ്റേഴ്സ് ബര്‍ഗ്: യൂറോപ്പ കാപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനും പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിനും ഞെട്ടിക്കുന്ന തോല്‍വി. അതേസമയം ഇന്റര്മിലാന്, ചെല്‍സി, ടോട്ടനം എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കി.
സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയം നേരിട്ടത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. പിന്നീട് രണ്ടാം പകുതിയില്‍ അറുപത്തിയൊമ്പതാം മിനിറ്റില്‍ ഹള്ക്കിലൂടെയാണ് സെന്റ്പീറ്റേഴ്സ് ബര്‍ഗ് ആദ്യ ഗോള്‍ നേടിയത്. മൂന്നു മിനിറ്റിനുശേഷം സെര്‍ഗി സെമാകും ലിവര്‍പൂള്‍ വല കുലുക്കിയതോടെ സെനിത്തിന്റെ വിജയം പൂര്‍ണമായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതെ പോയതാണ് സ്റ്റീഫന്‍ ജെറാര്‍ഡിന്റെ ലിവര്‍പൂളിന് തിരിച്ചടിയായത്. തുറന്ന അവസരങ്ങള്‍ പോലും പുറത്തേക്ക് അടിച്ചുകളയുന്നതിലായിരുന്നു ലിവര്‍പൂള്‍ താരങ്ങള്‍ കഴിവ് തെളിയിച്ചത്.
മാഡ്രിഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റൂബിന് കസാന്‍ കീഴടക്കി. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാരഡെനിസിലൂടെയാണ് റൂബിന് ആദ്യം മുന്നിലെത്തിയത്. പിന്നീട് 45-ാം മിനിറ്റില്‍ ഷറനോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് റൂബിന് കസാന്‍ കളിച്ചത്. ഒരാളുടെ കുറവുണ്ടായിട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന റൂബിന് അത്ലറ്റികോ ഗോള്‍മുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് ഒര്ബെയ്സും റൂബിന് വേണ്ടി അത്ലറ്റികോ വല കുലുക്കി.
മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് സ്പാര്‍ട്ട പ്രാഗയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 82-ാം മിനിറ്റില്‍ ഒസ്കാറാണ് ചെല്‍സിയുടെ വിജയഗോള്‍ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ ഇന്റര്മിലാന് സിഎഫ്ആര്‍ ക്ലജിനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ വിജയം സ്വന്തമാക്കിയത്. 20, 87 മിനിറ്റുകളില്‍ റോഡ്രിഗൊ പലസിയോ നേടിയ ഇരട്ട ഗോളാണ് ഇന്ററിന് വിജയമൊരുക്കിയത്. അതേസമയം ഇന്ററിന്റെ മികച്ച താരമായ ഡീഗോ മലീറ്റോക്ക് മത്സരത്തിനിടെ പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. സീസണില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇന്ററിന് വേണ്ടി ബൂട്ടണിയാന്‍ മലീറ്റോക്ക് കഴിയില്ല.
മറ്റൊരു മത്സരത്തില്‍ ഗരാത്ത് ബാലെ നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ ടോട്ടനം 2-1ന് ലിയോണിനെ കീഴടക്കി മികച്ച വിജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ 61-ാം മിനിറ്റില്‍ കാര്‍ഡോസോ നേടിയ ഏക ഗോളിന്റെ കരുത്തില്‍ ബെനഫിക്ക ബയേര്‍ ലെവര്‍കുസനെ കീഴടക്കി.
മറ്റ് മത്സരങ്ങളില്‍ ലെവന്റെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെയും പ്ലസന് ഇതേ സ്കോറിന് സീരി എ ടീമായ നപ്പോളിയെയും എഫ്സി ബേസല്‍ 2-0ന് ഉക്രെയിന് ക്ലബ്ബായ ഡിപ്രോയെയും കീഴടക്കിയപ്പോള്‍ മറ്റ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ലെവന്റെക്കെതിരായ മത്സരത്തിന്റെ 29-ാം മിനിറ്റില്‍ അബ്ഡോണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം 10 പേരുമായാണ് ഒളിമ്പിയാക്കോസ് കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: