പെരുമ്പാവൂര്‍: ഭാരതത്തിന്റെ പരമാധികാരം വിദേശശക്തികളാല്‍ ചോദ്യംചെയ്യപ്പെടുന്നതായി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഭാരതത്തില്‍ സുരക്ഷിതജീവിതം സാധ്യമല്ലെന്ന് വരുത്തിത്തീര്‍ക്കുകയാണ് അല്‍ഖ്വയ്ദ, ലഷ്കറെ തൊയ്ബ പോലുള്ള ഭീകരസംഘടനകളുടെ ലക്ഷ്യം. ഇവരുടെ കേരളത്തിലെ വക്താക്കളാണ് എസ്ഡിപിഐ, എന്‍ഡിഎഫ് പോലുള്ള മുസ്ലീം ഭീകര സംഘടനകള്‍ എന്നും അദ്ദേഹം പറഞ്ഞു. ബിജെപി പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു.
വൈരുധ്യംകൊണ്ട് ഭാരതത്തെ തകര്‍ക്കുന്ന ദുഷ്ടശക്തികള്‍ തിങ്ങിനിറഞ്ഞ അപകടകരമായ മേഖലയാണ് പെരുമ്പാവൂര്‍. ഇവിടുത്തെ പോലീസ് അവസരത്തിനൊത്ത് ഉയരണം. ഇത്തരം ദേശവിരുദ്ധരെ സഹായിക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിരിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. തീവ്രവാദിസംഘടനകളുമായി സൗഹാര്‍ദ്ദമുണ്ടാക്കാന്‍ സംഘപരിവാര്‍ തയ്യാറല്ല എന്നും രാജ്യത്തെയും പൈതൃകത്തെയും പട്ടാളത്തെയും അംഗീകരിക്കാത്തവരെ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ആലുവ ശിവരാത്രി മണപ്പുറം തീവ്രവാദസ്വഭാവമുള്ള സംഘടനകള്‍ക്ക് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ പ്രകടനത്തെ പെരുമ്പാവൂരില്‍ എന്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കടന്നാക്രമിച്ചിരുന്നു. ഇതില്‍ അധികൃതരുടെ നീതിനിഷേധത്തിനെതിരായി സംഘടിപ്പിച്ച പൗരാവകാശസംഗമത്തില് അഭിഭാഷകപരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. വിനോദ്, ബിജെപി ദേശീയസമിതി അംഗം അഡ്വ. കെ.ആര്. രാജഗോപാല്‍, കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്, എസ്.ജി. ബാബുകുമാര്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് കെ.സി. മുരളീധരന്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് എം.ബി. സുരേന്ദ്രമേനോന്‍, എം.കെ. കുഞ്ഞോല്‍ മാഷ്, അയ്യപ്പന്‍കുട്ടി മാസ്റ്റര്‍, വാസുനായര്, കെ.ജി. പുരുഷോത്തമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: