കൊച്ചി: സന്തോഷ് ട്രോഫിയില്‍ ഗോവക്ക് വിജയത്തുടക്കം. ക്ലസ്റ്റര്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്മാരായ ഗോവ ഛത്തീസ്ഗഢിനെ കീഴടക്കിയത്. ശരാശരി നിലവാരത്തിലേക്ക് പോലും ഉയരാതെ പോയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 62-ാം മിനിറ്റില്‍ ഇനാസിയോ കൊലാകോയും 68-ാം മിനിറ്റില്‍ വേളിറ്റോ ഡിക്രൂസുമാണ് ഗോവയുടെ ഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ രാം ഈശ്വര്‍ മഹതൊയാണ് ഛത്തീസ്ഗഢിന്റെ ആശ്വാസഗോള്‍ നേടിയത്.
ശുഷ്കമായ ഗാലറിയെ സാക്ഷിനിര്‍ത്തി തുടങ്ങിയ മത്സരത്തില്‍ ആദ്യപകുതിയുടെ തുടക്കത്തില്‍ ഗോവക്കായിരുന്നു ആധിപത്യമെങ്കിലും പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഛത്തീസ്ഗഢ് അപകടകരമായ ചില മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തിയത് ഗോവയായിരുന്നു. പത്താം മിനിറ്റില്‍ ഗോവ ഗോള്‍ നേടുന്നതിന് തൊട്ടടുത്തെത്തി. വലതുവിംഗില്‍ നിന്ന് മാര്‍ക്കോസ് ഫെര്‍ണാണ്ടസിന്റെ ക്രോസിന് ജോ റോഡ്രിഗസ് ഉയര്‍ന്നു ചാടി തലവച്ചെങ്കിലും പന്ത് പുറത്തേക്കാണ് പാഞ്ഞത്. പിന്നീട് 17-ാം മിനിറ്റില്‍ വീണ്ടും ഗോവക്ക് ഒരു അവസരം കൈവന്നു. ബോക്സിന് പുറത്തുവച്ച് പന്ത് സ്വീകരിച്ച പെരിസണ്‍ ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് ഛത്തീസ്ഗഢ് ഗോളി ഗുര്‍പ്രീത് സിംഗ് തടുത്തിട്ടു. മൂന്ന് മിനിറ്റിനുശേഷം ഗോവക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. റെബല്ലോയെ വീഴ്ത്തിയതിനാണ് ഫ്രീകിക്ക് ലഭിച്ചത്. എന്നാല്‍ ഇതും മുതലാക്കാന്‍ ഗോവന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 26-ാം മിനിറ്റില്‍ വീണ്ടും ഗോവക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ആഗ്നല്‍ കൊലാകോ എടുത്ത കിക്ക് നേരെ ഗോളിയുടെ കയ്യിലേക്കായിരുന്നു. രണ്ട് മിനിറ്റിനുശേഷം ആഗ്ദല് കൊലാകോയുടെ മറ്റൊരു ശ്രമവും നേരെ ഛത്തീസ്ഗഢ് ഗോളിയുടെ കയ്യിലേക്കായിരുന്നു. ഇതിനിടെ ഛത്തീസ്ഗഢ് സുഖ്ദീപ് സിംഗിന്റെയും ഗുമന് ശ്രേഷ്ഠയുടെയും നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. 39-ാം മിനിറ്റില്‍ ഗോവയുടെ വേളിറ്റോ ഡിക്രൂസിന്റെ ലോംഗ് ഷോട്ടും പുറത്തേക്ക് പറന്നു. മത്സരത്തിലെ ഏറ്റവും സുന്ദരമായ അവസരം കൈവന്നത് ആദ്യപകുതിയുടെ അവസാനത്തോടെ ഛത്തീസ്ഗഢിനാണ്. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ അവരുടെ വസീം രാജയുടെ ഷോട്ട് അഡ്വാന്‍സ് ചെയ്ത ഗോളി തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് സുഖ്ദീപ് സിംഗ് പായിച്ച ഷോട്ട് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ആഗ്നെലോ ബരേറ്റോ രക്ഷപ്പെടുത്തി. ഏറെ വൈകാതെ ആദ്യപകുതി അവസാനിച്ചുകൊണ്ടുള്ള റഫറിയുടെ വിസിലും മുഴങ്ങി.
രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോവക്ക് തന്നെയായിരുന്നു ആധിപത്യം. മത്സരം ആരംഭിച്ച് അധികം വൈകുന്നതിന് മുന്നേ ഗോവക്ക് മികച്ച രണ്ട് അവസരങ്ങളാണ് ലഭിച്ചത്. അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ആദ്യ അവസരം പിറന്നത്. ആഗ്നല്‍ കൊലാകോ എടുത്ത ഫ്രീകിക്ക് ഛത്തീസ്ഗഢ് ബോക്സില്‍ പറന്നിറങ്ങിയെങ്കിലും പിന്നീടുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. ആഗ്നല്‍ എടുത്ത കോര്‍ണറും ഛത്തീസ്ഗഢ് പ്രതിരോധം ക്ലിയര്‍ ചെയ്തതോടെ അപകടം ഒഴിവായി.
പിന്നീട് അധികം കഴിയും മുന്നേ ഛത്തീസ്ഗഢിനും മികച്ചൊരു അവസരം കൈവന്നു. 52-ാം മിനിറ്റില്‍ ഇടതുവിംഗില്‍ക്കൂടി മുന്നേറിയ നിര്‍മ്മല്‍ മുണ്ഡെ ഒാട്ടത്തിനിടയില്‍ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്തുപോയി. പിന്നീട് 62-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. വലതുവിംഗില്‍ കൂടി കുതിച്ചുകയറിയ മാര്‍ക്കോസ് ഫെര്‍ണാണ്ടസ് പന്ത് ഇനാസിയോ കൊലാകോക്ക് കൈമാറി. പന്ത് സ്വീകരിച്ച ഇനാസിയോ ഓട്ടത്തിനിടയില്‍ തൊടുത്ത വലംകാലന്‍ ഷോട്ട് ഛത്തീസ്ഗഢ് പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി വലയില്‍ പതിച്ചു. ആറ് മിനിറ്റിനുശേഷം ഗോവ ലീഡ് ഉയര്‍ത്തി. ഇനാസിയോ കൊലാകോ നല്കിയ പാസ് സ്വീകരിച്ച വേളിറ്റോ ഡിക്രൂസ് ഉജ്ജ്വലമായ ഷോട്ടിലൂടെ പന്ത് ഛത്തീസ്ഗഢ് ഗോളിയെനിഷ്പ്രഭനാക്കി വലയിലെത്തിച്ചു. രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയതോടെ ഗോവന്‍ താരങ്ങള്‍ മാത്രമായിരുന്നു കളിക്കളത്തില്‍ നിറഞ്ഞുനിന്നത്. പിന്നീട് അധികം കഴിയും മുന്നേ രണ്ട് അവസരങ്ങള്‍ കൂടി ഗോവന്‍ മുന്നേറ്റ നിര നഷ്ടപ്പെടുത്തി. ആഗ്നല്‍ കൊലാകോ, പകരക്കാരനായി ഇറങ്ങിയ മാര്‍കോസ് ഫെര്‍ണാണ്ടസ്, ഇനാസിയോ കൊലാകോ എന്നിവരാണ് ഗോവന്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ കളിയുടെ ഗതിക്കെതിരായി 90-ാം മിനിറ്റില്‍ ഛത്തീസ്ഗഢ് ഒരു ഗോള്‍ മടക്കി. പന്തുമായി ഇടതുവിംഗിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച രാംഈശ്വര് മഹതൊ ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് ഗോവന്‍ വലയില്‍ തറച്ചുകയറി. അവസാന മിനിറ്റില്‍ ഛത്തീസ്ഗഢ് കൈമെയ് മറന്ന് പൊരുതിയെങ്കിലും സമനില ഗോള്‍ മാത്രം അകന്നുനിന്നു.
ഇന്നത്തെ മത്സരത്തില്‍ റെയില്‍വേസ് ദല്‍ഹിയുമായി ഏറ്റുമുട്ടും.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: