മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലോകം കാത്തിരുന്ന സൂപ്പര്‍പോരാട്ടം സമനിലയില്‍ കലാശിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യപാദ പ്രീ-ക്വാര്‍ട്ടറില്‍ ലോകത്തെ ഏറ്റവും പ്രഗത്ഭരായ രണ്ട് ടീമുകളായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടമാണ് സമനിലയില്‍ കലാശിച്ചത്. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. റയലിന്റെ മൈതാനമായ സാന്റിയാഗോ ബര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിനായിരുന്നു മുന്‍തൂക്കമെങ്കിലും വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഡാനി വെല്‍ബാക്കും റയലിന് വേണ്ടി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോളുകള്‍ നേടി.
ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളി പ്രേമികള്‍ ആവേശപൂര്‍വം കാത്തിരുന്ന മത്സരത്തില്‍ ആദ്യം ഗോളടിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ റയല്‍ സമനില പിടിച്ചു. ആദ്യപാദ മല്‍സരത്തില്‍ ആദ്യം ഗോളടിച്ചത് മാഞ്ചസ്റ്റര്‍ ആയിരുന്നെങ്കിലും ആദ്യ പകുതിയില്‍ തന്നെ മടക്കി റയല്‍ ഒപ്പമെത്തി. ഇതോടെ മാഞ്ചസ്റ്ററിന്റെ തട്ടകത്ത് നടക്കുന്ന രണ്ടാം പാദമത്സരം ഏറെ ആവേശകരമാകുമെന്ന് തീര്‍ച്ച. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എവേ ഗോളിന്റെ ആനുകൂല്യമുള്ളതിനാല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ റയലിന് വിജയിച്ചേ മതിയാവൂ.
റയലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റില്‍ തന്നെ മാഞ്ചസ്റ്ററിന്റെ സൂപ്പര്‍താരം റോബിന് വാന്‍ പെഴ്സിക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. റയലിന്റെ പ്രതിരോധനിരയിലെ കരുത്തന് സെര്‍ജിയോ റാമോസിനെ ഫൗള്‍ ചെയ്തതിനാണ് വാന്‍പെഴ്സിക്ക് ബുക്കിംഗ് ലഭിച്ചത്. അഞ്ചാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്സിനുള്ളില്‍ വച്ച് പന്ത് ലഭിച്ച ഫാബിയോ കോസന്‍ട്രോ വലതുകാല്‍ കൊണ്ട് പായിച്ച ആംഗുലര്‍ ഷോട്ട് മാഞ്ചസ്റ്റര്‍ ഗോളിയെ കീഴടക്കിയെങ്കിലും ഇടത്തേ പോസ്റ്റില്‍ത്തട്ടി തെറിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഒരു ഹെഡ്ഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പാഞ്ഞു.
ഒരു പ്രത്യാക്രമണത്തിനൊടുവില്‍ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. കളിയുടെ 20-ാം മിനിറ്റില്‍ വെല്‍ബാക്കിലൂടെയാണ് മാഞ്ചസ്റ്റര്‍ ആദ്യം യുണൈറ്റഡിനായി ആദ്യഗോള്‍ നേടിയത്. റൂണി ഉയര്‍ത്തിവിട്ട കോര്‍ണര്‍ മികച്ചൊരു ഹെഡ്ഡറിലൂടെ വെല്‍ബാക്ക് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റിനുശേഷം ആഞ്ചലോ ഡി മരിയയുടെ ശ്രമം മാഞ്ചസ്റ്റര്‍ ഗോളി വിഫലമാക്കി. എന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ റയല്‍ സമനില പിടിച്ചു. മാഞ്ചസ്റ്ററിന്റെ മുന്‍ താരവും റയലിന്റെ ഗോള്‍വേട്ടക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിന് സമനില നേടിക്കൊടുത്തത്.
പ്ലേ മേക്കര്‍ ആഞ്ചല്‍ ഡി മരിയ നല്കിയ അളന്നു മുറിച്ച ക്രോസ് ക്രിസ്റ്റ്യാനോ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മാഞ്ചസ്റ്റര്‍ വല കുലുക്കുകയായിരുന്നു. ഈ സീസണില്‍ റയലിനായി കളിച്ച 35 മല്‍സരങ്ങളില്‍ ക്രിസ്റ്റ്യാനോയുടെ 34-ാം ഗോളായിരുന്നു ഇത്. പിന്നീട് 31-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ റോബിന് വാന്‍ പെഴ്സിയുടെ ശ്രമം റയല്‍ ഗോളി വിഫലമാക്കി.
രണ്ടാം പകുതിയിലും റയലിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 48-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ 18 വാര അകലെനിന്നുള്ള ഷോട്ട് യുണൈറ്റഡ് ഗോളി കയ്യിലൊതുക്കി. പിന്നീട് 57-ാം മിനിറ്റില്‍ ഡി മരിയയുടെ ശ്രമവും വിഫലമായി. തൊട്ടുപിന്നാലെ റയലിന്റെ കരിം ബെന്‍സേമക്ക് പകരം ഹിഗ്വയിന് മൈതാനത്തിറങ്ങി. തൊട്ടുപിന്നാലെ ഫാബിയോ കോസന്ട്രോയുടെ മികച്ചൊരു ഷോട്ടും മാഞ്ചസ്റ്റര്‍ ഗോളി രക്ഷപ്പെടുത്തി. പിന്നീടും റയല്‍ നിരന്തരം ആക്രമണങ്ങള്‍ മാഞ്ചസ്റ്റര്‍ ബോക്സിലേക്ക് സംഘടിപ്പിച്ചെങ്കിലും വിജയഗോള്‍ മാത്രം അകന്നുനിന്നു. ഇതിനിടെ യുണൈറ്റഡും ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയും വിഫലമായി. പിന്നീട് മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് വാന്‍പെഴ്സിയുടെ ഉജ്ജ്വലമായ ഷോട്ട് റയല്‍ ഗോളി അതിസാഹസികമായി രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങി. റയല്‍ മാഡ്രിഡ് 11 തവണ മാഞ്ചസ്റ്റര്‍ പോസ്റ്റിന് ലക്ഷ്യം വെച്ചപ്പോള്‍ യുണൈറ്റഡിന് ആറ് തവണ മാത്രമാണ് റയല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. മാഞ്ചസ്റ്ററിന്റെ ഗോള്‍വല കാത്ത ഡേവിഡ് ഡി ഗിയയുടെ ഉജ്ജ്വല പ്രകടനമാണ് റയലിന് വിജയം നിഷേധിച്ചത്. ഡി മരിയയുടെയും കോസന്ട്രോയുടെയും ക്രിസ്റ്റ്യാനോയുടെയും ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് മാഞ്ചസ്റ്റര്‍ ഗോളിയുടെ അതിസാഹസികമായ രക്ഷപ്പെടുത്തലുകള്‍ കാരണം വലയില്‍ കയറാതെ പോയത്.
ഷക്തര്‍ Vs ബൊറൂസിയ
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ഡൊണെറ്റ്സ്ക ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മത്സരവും സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. രണ്ട് തവണ മുന്നിട്ടുനിന്നശേഷമാണ് ഷക്തറിനെതിരെ അവരുടെ തട്ടകത്തില്‍ ബൊറൂസിയ സമനില സ്വന്തമാക്കിയത്.
മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയാണ് ഷക്തര്‍ മുന്നിലെത്തിയത്. ബോക്സിന് തൊട്ടു പുറത്തുനിന്ന് ഡാരിജോ സര്‍ന എടുത്ത ഫ്രീകിക്ക് ബൊറൂസിയ പ്രതിരോധത്തിന് മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിക്കുകയായിരുന്നു. പത്ത് മിനിറ്റിനുശേഷം ബൊറൂസിയ സമനില പിടിച്ചു. മരിയോ ഗോട്സെ നല്കിയ പാസില്‍ നിന്ന് റോബര്‍ട്ട് ലിവാന്ഡോസ്കിയാണ് ബൊറൂസിയക്ക് വേണ്ടി സമനിലഗോള്‍ നേടിയത്. പിന്നീട് 68-ാം മിനിറ്റില്‍ ഷക്തര്‍ വീണ്ടും മുന്നിലെത്തി. ഡിമിട്രോ നല്കിയ പാസ് സ്വീകരിച്ച് ഡഗ്ലസ് കോസ്റ്റ ഇടംകാലുകൊണ്ട് നിറയൊഴിച്ചത് ബൊറൂസിയ വലയില്‍ തറച്ചുകയറി. ലീഡ് നേടിയതോടെ ഷക്തര്‍ വിജയം സ്വന്തമാക്കിയെന്ന് ഉറപ്പാക്കിയിരിക്കെയായിരുന്നു ബൊറൂസിയയുടെ സമനില ഗോള്‍ പിറന്നത്. മാര്‍സെല്‍ എടുത്ത കോര്‍ണര്‍ കിക്കിന് ഉയര്‍ന്നു ചാടി തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മാറ്റ്സ് ഹമ്മല്‍സാണ് ബൊറൂസിയയുടെ സമനില ഗോള്‍ സ്വന്തമാക്കിയത്. മാര്‍ച്ച് അഞ്ചിന് ബൊറൂസിയയുടെ മൈതാനത്താണ് രണ്ടാം പാദ മത്സരം അരങ്ങേറുക. എവേ മത്സരത്തില്‍ നേടിയ രണ്ട് ഗോളുകളുടെ ആനുകൂല്യം സ്വന്തം തട്ടകത്തില്‍ രണ്ടാം പാദം കളിക്കാനിറങ്ങുന്ന ബൊറൂസിയക്ക് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: