മുംബൈ: സഹാറ ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ വിപണി നിയന്ത്രിതാവായ സെബി കണ്ടുകെട്ടി. സുബ്രത റോയിയുടെ ഉടമസ്ഥതയിലുള്ള സഹാര ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന്, സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്പ്പറേഷന് എന്നീ സ്ഥാപനങ്ങളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. സഹാറ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിലുണ്ടായ കാലതാമസത്തെ തുടര്‍ന്ന് സെബിയെ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മൂന്ന് കോടിയോളം വരുന്ന നിക്ഷേപകരില്‍ നിന്നും സമാഹരിച്ച 24,000 കോടി രൂപയും 15 ശതമാനം പലിശയടക്കം തിരിച്ചുനല്‍കണമെന്നാണ് സഹാറയ്ക്ക് സുപ്രീം കോടതി ഏതാനും മാസം മുമ്പ് നല്‍കിയിരുന്ന നിര്‍ദ്ദേശം. നിയമവിരുദ്ധമായി ഇരു കമ്പനികളും യഥാക്രമം 6,350 കോടി രൂപയും 19,400 കോടിയോളം രൂപയുമാണ് സമാഹരിച്ചതെന്ന് സെബി പറയുന്നു. സെബിയുടെ നടപടിയെ തുടര്‍ന്ന് സഹാറയുടെ ഓഹരി വിലയില്‍ 19 ശതമാനം ഇടിവുണ്ടായി.
കണ്ടുകെട്ടിയ വസ്തുവകകളുടെ മൂല്യം ഏകദേശം 20,000 കോടി രൂപയ്ക്ക് മുകളിലാണ് കണക്കാക്കുന്നത്. മുംബൈയ്ക്ക് സമീപമുള്ള ആംപി വാലിയിലുള്ള 1,020 ഏക്കര്‍ ഭൂമിയും കണ്ടുകെട്ടിയവയില്‍ പെടുന്നു. സുബ്രത റോയ് സഹാറ, വന്ദന ഭാര്‍ഗവ, രവി ശങ്കര്‍ ഡ്യൂബെ, അശോക് റോയ് ചൗധരി മുതലായവരുടെ ബാങ്ക് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വ്യക്തികളുടെ പേരിലുള്ള എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും കണ്ടുകെട്ടുന്നതിനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് സെബിയുടെ മുഴുവന്‍ സമയ അംഗം പ്രശാന്ത് ശരണ്‍ പറഞ്ഞു.
21 ദിവസത്തിനുള്ളില്‍ സ്വത്തുക്കള്‍ സംബന്ധിച്ച വിശദമായ വിവരം നല്‍കണമെന്നും സെബി കമ്പനി ഉടമകള്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ പകര്‍പ്പ് ആര്‍ബിഐയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അയച്ചിട്ടിണ്ടുണ്ട്. എന്നാല്‍ സഹാറ ഗ്രൂപ്പിന്റെ മൊത്തം ബാധ്യത 5,120 കോടി രൂപയ്ക്ക് മേല്‍ ഇല്ലെന്നാണ് സഹാറ അധികൃതര്‍ പറയുന്നത്. പഴയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സെബി വസ്തുവകകള്‍ കണ്ടുകെട്ടിയിരിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: