കേരള മനഃസാക്ഷിക്കുമേലേറ്റ ക്രൂര പ്രഹരങ്ങളിലൊന്നാണ് കിളിരൂര്‍ – കവിയൂര്‍ കേസ്. ഒരു പക്ഷേ സമീപകാലത്ത് ഉണ്ടായിട്ടുള്ള സ്ത്രീപീഡനക്കേസുകളില്‍ ഏറ്റവും ക്രൂരമായത്. കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടി മാസങ്ങളോളം കൊടിയ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായശേഷം ദാരുണമായി കൊല്ലപ്പെടുകയായിരുന്നുവെങ്കില് കവിയൂരില്‍ 15 വയസ്സുപോലും തികയാത്ത അനഘ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തില്‍ ആ കുടുംബം ഒന്നടങ്കം കൂട്ട ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയായിരുന്നു.
രണ്ടുകേസുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ഏറെയുണ്ട്. സിനിമ – സീരിയല്‍ രംഗത്തെ കുപ്രസിദ്ധ കൂട്ടിക്കൊടുപ്പുകാരിയായ ലതാനായരാണ് രണ്ടുപെണ്‍കുട്ടികളെയും ചതിയില്‍ വീഴ്ത്തിയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ജീവിതമെന്തെന്ന് തിരിച്ചറിയാനുള്ള പ്രായമെത്തും മുന്‍പ് ലതാനായര്‍ പെണ്‍കുട്ടികളെ വലയിലാക്കിയത്. സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാക്കളുടെ മക്കളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഈ പെണ്‍കുട്ടികളെ ലതാനായര്‍ കാഴ്ചവെച്ചതായാണ് ആരോപണം.
സൂര്യനെല്ലിയിലെയും ഐസ്ക്രീം പാര്‍ലര്‍ കേസിലെയുംപോലെ പക്ഷേ പ്രതികള്‍ക്കെതിരെ മൊഴിനല്‍കാന്‍ ഈ രണ്ടുപെണ്‍കുട്ടികളും ഇന്ന് ജീവനോടെയില്ല. സംസ്ഥാനത്തിന്റെ പലഭാഗത്തും തമിഴ്നാട്ടിലും കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെച്ച ശാരിയെ പിന്നീട് ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ലതാനായര്‍ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. സിനിമാഭിനയത്തിന്റെ പേരില്‍ ലതാനായര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. സിനിമയില്‍ താരമാകണമെങ്കില്‍ ഇങ്ങനെ ചിലതെല്ലാം വേണ്ടിവരും എന്നാണത്രെ ലതാനായര്‍ ഈ പെണ്‍കുട്ടിയോട് പറഞ്ഞത്.
കേരളത്തിലെ പ്രമുഖരായ രണ്ട് സിപിഎം നേതാക്കളുടെ മക്കള്‍ അക്കാലത്ത് എസ് എഫ് ഐ പ്രവര്‍ത്തനം മതിയാക്കി സിനിമയുമായി ‘വേട്ടയാടാന്‍’ ഇറങ്ങിയ കാലമായിരുന്നു. കലയോടുള്ള പ്രതിബദ്ധതയോ പ്രതിഭയോ ഇല്ലാതിരുന്ന ഇവര്‍ക്ക് താല്പര്യം പെണ്‍ശരീരങ്ങളിലും ലഹരിയിലുമായിരുന്നു. എസ് എഫ് ഐയുടെ സംസ്ഥാന നേതൃത്വത്തിലെത്തിച്ച് രാഷ്ട്രീയമായി വളര്‍ത്തിക്കൊണ്ടുവരാനുള്ള പിതാക്കന്മാരുടെ ശ്രമം ഇവരുടെ കയ്യിലിരിപ്പുകൊണ്ട് തന്നെ പാളിപ്പോയി. എസ് എഫ് ഐ നേതാവായിരിക്കെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതൊഴിച്ചാല് കണ്ണൂരിലെ പ്രമുഖ നേതാവിന്റെ മകന് മറ്റ് കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമൊന്നും ചെയ്യാനായില്ല. മുഴുവന്‍ സമയ രാഷ്ട്രീയക്കാരായ പിതാക്കന്മാരും സമ്പാദിച്ചിട്ടുള്ള പണവും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് ഏതുകേസില് നിന്നും ഊരിപ്പോരാമെന്നുള്ള അഹങ്കാരമാണ് ഇവരെ നയിച്ചിരുന്നത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാരിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും അതീവഗുരുതര നിലയില്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തതിന് പിന്നില്‍ ഏറെ ദുരൂഹതകളുണ്ട്. ശാരിയുടെ ശരീരത്തില്‍ ക്രമാതീതമായി ചെമ്പിന്റെ അളവ് വര്‍ദ്ധിച്ചതാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുറമെ നിന്ന് കുത്തിവെച്ചാലല്ലാതെ ഇത്രയും കൂടിയ അളവില്‍ ചെമ്പ് മനുഷ്യശരീരത്തില്‍ ഉണ്ടാകാറില്ല. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍പോലും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചെങ്കിലും മരണത്തിന് ഉത്തരവാദികള്‍ ആയവര്‍ പലരും ഇപ്പോഴും അഴികള്‍ക്ക് പുറത്ത് സ്വൈരവിഹാരം നടത്തുകതന്നെയാണെന്നാണ് നാട്ടുകാരുടെ പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് കഴിയവെയാണ് കണ്ണൂരില്‍ നിന്നുള്ള സിപിഎം വനിതാനേതാവ് ശാരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ശാരിയുടെ മൊഴിരേഖപ്പെടുത്തുന്നതിന് മുന്‍പായിരുന്നു ഇത്. ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെയും ജീവനക്കാരെയും മാറ്റി നിര്‍ത്തി വനിതാനേതാവ് അതീവ രഹസ്യമായി ശാരിയോട് എന്താണ് സംസാരിച്ചത് എന്ന കാര്യം ഇന്നും ദുരൂഹമാണ്. ശാരിയുടെ മരണത്തോടെ ഇനി അത് പുറത്തുവരാനുള്ള സാധ്യതയും ഇല്ലാതായി. വനിതാനേതാവിന്റെ സന്ദര്‍ശനത്തിനുശേഷം പെണ്‍കുട്ടിയുടെ നില അതീവ വഷളാകുകയും ദിവസങ്ങള്‍ക്കുള്ളില്‍ പീഡനങ്ങളില്ലാത്ത ലോകത്തേക്ക് അവള് യാത്രയാവുകയും ചെയ്തു.
കിളിരൂര്‍ – കവിയൂര്‍ കേസ് ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരാണ് ഭരിച്ചിരുന്നത് എങ്കിലും സര്‍ക്കാരിന്റെ എല്ലാ ഭരണസംവിധാനങ്ങളെയും സ്വാധീനിക്കാനും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാകാനും സിപിഎം നേതാക്കളുടെ മക്കള്‍ക്ക് കഴിഞ്ഞു. കിളിരൂര്‍ കേസില്‍ വിഐപിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് ശാരിയുടെ നില വഷളായതെന്നും ഈ വിഐപി യെ ചോദ്യം ചെയ്യണമെന്നും വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. 2006 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന്റെ പ്രധാന പ്രചാരണായുധങ്ങളില്‍ ഒന്ന് കിളിരൂര്‍ – കവിയൂര്‍ കേസുകളായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ എത്ര ഉന്നതന്മാരായിരുന്നാലും അവരുടെ കൈകളില്‍ വിലങ്ങണിയിക്കുക തന്നെ ചെയ്യുമെന്ന് വി എസ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വി എസിനെ മുഖ്യ മന്ത്രിയാക്കാതിരിക്കാന്‍ സിപിഎമ്മിലെ ആരോപണ വിധേയരായ ഒരു വിഭാഗം കിണഞ്ഞു ശ്രമിച്ചുവെങ്കിലും അവര്‍ക്കതിനായില്ല. പക്ഷേ മുഖ്യമന്ത്രിയായ അച്യുതാനന്ദനെ കൂച്ചുവിലങ്ങിടുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ കിളിരൂര്‍ കേസില്‍ വി ഐ പി നേതാവും വിഐപി പുത്രന്മാരും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇങ്ങോട്ടു സഹായിച്ചിട്ടുള്ളവരെ തിരിച്ചും സഹായിക്കുക എന്നത് സാമാന്യ മര്യാദയാണ്. പ്രതിപക്ഷത്തായ കോണ്‍ഗ്രസും ലീഗും ഈ മര്യാദ പാലിക്കുകയും ചെയ്തു. അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഒരിക്കല്‍പോലും കിളിരൂര്‍ – കവിയൂര്‍ കേസുകളില്‍ പ്രതിഷേധ സ്വരമുയര്ത്താന്പോലും അവര്‍ തയ്യാറായില്ലെന്നു മാത്രമല്ല ആഭ്യന്തര വകുപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന അട്ടിമറികള്‍ക്ക് മൗനാനുവാദവും പിന്തുണയും നല്‍കുകയും ചെയ്തു.
കവിയൂരില്‍ പീഡനത്തിനിരയായ അനഘ എന്ന പതിനാലുകാരിയും അവളുടെ കുടുംബവും അപമാനഭാരമോര്‍ത്ത് ആത്മഹത്യയില്‍ അഭയം കണ്ടെത്തുകയായിരുന്നു. നൃത്തത്തിലും സംഗീതത്തിലും പരിശീലനം നേടിയിരുന്ന അനഘയുടെ കലയോടുള്ള താല്പര്യം മുതലെടുത്താണ് ലതാനായര്‍ ഈ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. ആലപ്പുഴയിലെ ഒരു പ്രമുഖന്റെ റിസോര്‍ട്ടില്‍ വച്ച് മന്ത്രിപുത്രന്മാരാണ് ഈ പെണ്‍കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയതെന്ന് മരണത്തിന് മുന്‍പ് ഈ പെണ്‍കുട്ടിതന്നെ വെളിപ്പെടുത്തിയിരുന്നതായി ഇവരുടെ ബന്ധുക്കള്‍ പറയുന്നു. മന്ത്രിപുത്രന് നിര്‍മ്മിക്കുന്ന സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അനഘയെ വീട്ടില്‍ നിന്ന് ലതാനായര്‍ കൂട്ടിക്കൊണ്ടുപോയതെന്നും ബന്ധുക്കള്‍ പറയുന്നു. ശാരിയുടെ കേസുമായി ബന്ധപ്പെട്ട് ലതാനായരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ അപമാനഭാരം മൂലം അനഘയുടെ കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. നാരായണന് നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ഈ കൂട്ട ആത്മഹത്യക്കുശേഷം തിരക്കിട്ടുനടത്തിയ അന്വേഷണത്തിനൊടുവില്‍ ലോക്കല്‍ പോലീസ് അധികാരികള്‍ ആദ്യം കണ്ടെത്തിയ കാര്യം മരിക്കുമ്പോള്‍ അനഘ കന്യകയായിരുന്നുവെന്നാണ്. സാമ്പത്തിക പരാധീനതയാണ് ആത്മഹത്യക്ക് കാരണമെന്നും അവര്‍ ആദ്യം വിശദീകരിച്ചു. എന്നാല്‍ അനഘയുടെ പിതാവ് നാരായണന് നമ്പൂതിരി എഴുതിയ ആത്മഹത്യാകുറിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ പോലീസിന് തങ്ങളുടെ നിലപാട് വിഴുങ്ങേണ്ടിവന്നു. ലതാനായരെക്കുറിച്ചും അനഘയെ ചതിച്ചതിനെക്കുറിച്ചും നാരായണന് നമ്പൂതിരി തന്റെ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും തീര്‍ത്തും വിചിത്രമായ നിലപാടായിരുന്നു അവരുടെത്. സിബിഐ ചെന്നൈ യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. അനഘയെ പീഡനത്തിനിരയാക്കിയത് സ്വന്തം പിതാവായ നാരായണന് നമ്പൂതിരിതന്നെയായിരുന്നുവെന്നും ഇക്കാര്യം പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമുള്ള വിചിത്രമായ അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭരണകാലത്ത് കേസ് അന്വേഷണം ഒരുപോലെ അട്ടിമറിക്കപ്പെടുകയായിരുന്നു. നാരായണന് നമ്പൂതിരിയുടെ മാതാവും സഹോദരനും നീതി തേടി കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും സിബിഐ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് രൂക്ഷമായ പെരുമാറ്റമാണ് ഉണ്ടായത്. കേസില്‍ പ്രതിയെന്ന് കുടുംബക്കാര് ആരോപിക്കുന്ന ആളുടെ പിതാവ് സിപിഎമ്മിന്റെ ഉന്നത നേതാവാണെന്നും മന്ത്രിയാണെന്നും അദ്ദേഹവുമായി ഒത്തുതീര്‍പ്പിലെത്തുന്നതാണ് നല്ലതെന്നും വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞുവത്രേ. പക്ഷേ നീതിപീഠം സിബിഐയുടെ വിചിത്രമായ കണ്ടത്തലുകളെ നിരാകരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആരാഞ്ഞ കോടതി സിബിഐയുടെ റിപ്പോര്‍ട്ട് പാടേ തള്ളി. കേസില്‍ പുന:രന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കേസിലും സത്യസന്ധമായ ഒരന്വേഷണം നടക്കുമെന്ന് ഉറപ്പ് പറയാന്‍ ആര്‍ക്കും കഴിയില്ല.
** ടി.എസ്.നീലാംബരന്‍
(നാളെ: നിയമം അവരുടെ വഴിയേ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: