തൃശൂര്‍ : തുടര്‍ച്ചയായി സ്ത്രീകളെ അപമാനിക്കുന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെ ചങ്ങലക്കിടണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിയുടേത് വളര്‍ത്തുദോഷമാണെന്നാണ് പി.സി.ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ പി.സി.ജോര്‍ജ്ജിന്റേത് ആരുടെ വളര്ത്തുദോഷംകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
പി.സി.ജോര്‍ജ്ജ് തുടര്‍ച്ചയായി സ്ത്രീകളെ അപമാനിക്കുകയാണ്. നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡനെ പരാമര്‍ശിച്ചും ഇപ്പോള്‍ സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ചും ദളിതരോടും എംഎല്‍എമാരോടും വരെ സംസ്കാര ശൂന്യമായ ഭാഷയാണ് ഉപയോഗിക്കുന്നത്. കേരളത്തിന് തന്നെ പി.സി.ജോര്‍ജ്ജ് അപമാനമായിരിക്കുകയാണ്.
ഇതോടൊപ്പം പത്രപ്രവര്‍ത്തകയോട് അശ്ലീലം കലര്‍ത്തി സംസാരിച്ച കേന്ദ്രമന്ത്രി വയലാര്‍ രവിക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് കരുതി ഒരു ചാനലിനോട് മാപ്പ് പറയാന്‍ തയ്യാറായത് പി.സി.ജോര്‍ജ്ജ് മനസ്സിലാക്കണം. രാഷ്ട്രപതിയുടെ സ്ത്രീസുരക്ഷ ഓര്‍ഡിനന്‍സ് അനുസരിച്ച് വയലാര്‍ രവിക്കെതിരെ കേസെടുക്കണമെന്നും ശോഭസുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പി.ജെ.കുര്യന് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തുടരന്വേഷണം വേണ്ടെന്ന നിലപാട് എടുത്തതിന് ശേഷം തങ്ങള്‍ നിയമിച്ച കോണ്‍ഗ്രസ്സുകാരനായ ഡിജിപിയില്‍ നിന്നും നിയമോപദേശം നേടി കുര്യനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ആസിഫലിക്ക് ഡിജിപിയായി തുടരാന്‍ യോഗ്യതയില്ല. നിയമത്തിന്റെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകരുടേയും വായ മൂടിക്കെട്ടാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. വനിതാകമ്മീഷന് പീഡനസെല്ലായി പ്രവര്‍ത്തിക്കുകയാണെന്നും ശോഭ കുറ്റപ്പെടുത്തി. പി.സി.ജോര്ജ്ജിനെപ്പോലുള്ളവരെ നിലക്ക് നിര്‍ത്താത്തപക്ഷം മഹിളാമോര്‍ച്ച ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: