കൊല്ലം: സന്തോഷ് ട്രോഫിയിലെ ഇന്നലത്തെ ആദ്യമത്സരത്തില്‍ ജാര്‍ഖണ്ഡിന് ജയം. 3-2ന് ഗുജറാത്തിനെയാണ് ജാര്‍ഖണ്ഡ് പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യപകുതിയില്‍ ബോസന്‍ മര്‍മുവാണ് ആദ്യ ഗോള്‍ നേടി ജാര്‍ഖണ്ഡിനെ ലീഡുചെയ്യിച്ചത്. പന്ത്രണ്ടാം മിനിറ്റില്‍ മുന്നേറ്റ നിരയിലെ സൂരജ് നല്കിയ പാസ് ബോസന്‍ ഗോളാക്കി. എതിരാളികളായ ഗുജറാത്തിന്റെ മുന്‍നിര താരം അമീര്ഖാന് പത്താന് മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും പാഴാക്കി. മുന്നേറ്റ നിരക്കാരെയും ഗോളിയേയും കബളിപ്പിച്ച് ഗോള്‍ വലയ്ക്ക് സമീപമെത്തിച്ച പന്ത് പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു. ദീപേഷ് പണ് എടുത്ത് കിക്ക് മുന്നേറ്റ നിര ഭേദിച്ചെങ്കിലും ജാര്‍ഖണ്ഡ് ഗോളി അംബേ ചര്ണമുകി പിടിച്ചു. ആദ്യ പകുതിയില്‍ 0-1 ആയിരുന്നു സ്കോര്‍. 53-ാം മിനിറ്റില്‍ രമേശ് ഖുജൂറിന്റെ വകയായിരുന്നു ജാര്‍ഖണ്ഡിന്റെ രണ്ടാം ഗോള്‍. ബിശ്വജിത്ത് സര്‍ദാര്‍ ബോക്സിന് വെളിയില്‍ നല്കിയ പാസ് രമേശ് ഗോള്‍ വലയ്ക്കുള്ളിലെത്തിച്ചു. 62ാം മിനിറ്റില്‍ ഏഴാം നമ്പര്‍ താരം ബിശ്വജിത്ത് ശര്‍മ ജാര്‍ഖണ്ഡിന്റെ ലീഡ് ഉയര്‍ത്തി(3-0). സഞ്ജീവ് കുമാര്‍ സിങ് ബോക്സില്‍ നിന്നും ക്രോസ് ചെയ്ത പന്ത് ഹെഡ്ഡറിലൂടെ ബിശ്വജിത്ത് ഗോള്വലയ്ക്കുള്ളിലെത്തിച്ചു. ഏകപക്ഷീയമായ പരാജയം ഏറ്റുവാങ്ങുമെന്ന ഘട്ടത്തില്‍ ഉജ്ജ്വല തിരിച്ചുവരാണ് രണ്ടാം പകുതിയുടെ അവസാനത്തില്‍ ഗുജറാത്ത് കാഴ്ചവച്ചത്. 65 ാം മിനിറ്റില്‍ പ്രതിരോധ നിരയുടെ പിഴവുകള്‍ മുതലാക്കി അമീര്ഖാന് പത്താനാണ് ഗുജറാത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 74ാം മിനിറ്റില്‍ ദീപേശ് പണിലൂടെ ഗുജറാത്ത് ലീഡ് നില ഉയര്‍ത്തുകയും ചെയ്തു(3-2). സമനില പിടിക്കാന്‍ അവസാന മിനിറ്റുകളില്‍ ഗുജറാത്ത് കഠിനപ്രയത്നം നടത്തിയെങ്കിലും ജാര്‍ഖണ്ഡ് പ്രതിരോധനിര ശക്തമായിരുന്നു. സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ നാഗാലാന്റിനെ ഛത്തീസ്ഗഡ് 3-1ന് പരാജയപ്പെടുത്തി. സൗരവ് റൗത്തേല, പവന്ദ്വീപ് സിങ്, രാജന് നേഗി എന്നിവരാണ് ഛത്തീസ്ഗഡിന് വേണ്ടി ഗോള്‍ നേടിയത്. നാഗാലാന്റിന്റെ ആശ്വാസ ഗോള്‍ 73ാം മിനിറ്റില്‍ ടിഗ്നേയ്ക്ക് കോണിയാക്കാണ് നേടിയത്.
ഇന്ന് കൊല്ലത്ത് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹിമാചല്‍പ്രദേശ് ബീഹാറിനേയും രണ്ടാം മല്‍സരത്തില്‍ ദാമന്‍ ദിയു അരുണാചല്‍ പ്രദേശിനേയും നേരിടും.
മത്സരത്തിന്റെ സമയക്രമം അര മണിക്കൂര്‍ നേരത്തെയാക്കി. വൈകിട്ടും നാലിനും ആറിനും ദിവസേന രണ്ട് മത്സരങ്ങളാണ് ഉള്ളത്.
ഇത് യഥാക്രമം മൂന്നരക്കും അഞ്ചരക്കുമായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മാറ്റിയ സമയക്രമം ഇന്നുമുതല്‍ നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: