മുംബൈ: സൂപ്പര്‍ സിക്സിലെ നിര്‍ണായക മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് വെസ്റ്റിന്‍ഡീസ് വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു.
വാശിയേറിയ മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു കരീബിയന്‍ പെണ്‍പടയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 164 റണ്‍സിന് പുറത്തായി.
ഓസ്ട്രേലിയയുടെ പോരാട്ടം 156ല്‍ അവസാനിച്ചു. 17ന് നടക്കുന്ന ഫൈനലില്‍ ഇരു ടീമുകളും വീണ്ടും മുഖാമുഖം വരും. ആദ്യമായാണ് വിന്‍ഡീസ് വനിതകള്‍ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.
വിജയതീരത്തേക്കു സ്വച്ഛന്ദം നീങ്ങുകയായിരുന്ന ഓസീസ് പെണ്‍പുലികള്‍ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ഒരു ഘട്ടത്തില്‍ 5ന് 130 എന്ന നിലയിലായിരുന്ന അവര്‍ 26 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു.
അലക്സാന്ദ്ര ബ്ലാക്വെല്ലിന്റെ (45) പുറത്താകലാണ് ഓസീസിനെ പിന്നോട്ടടിച്ചത്. ബ്ലാക്വെല്ലിനുശേഷം മറ്റാരും അധികം പിടിച്ചുനിന്നില്ല. ഷാനെല്‍ ഡെലെ മൂന്നു വിക്കറ്റും സ്റ്റെഫാനി ടെയ്ലര് രണ്ടു വിക്കറ്റും വീതം വീഴ്ത്തി.
നേരത്തെ ഡിയന്ട്ര ഡോട്ടിന്റെ (60) ഒറ്റയാള്‍ പ്രകടനമാണ് വിന്‍ഡീസിന് ഭേദപ്പെട്ടസ്കോര്‍ സമ്മാനിച്ചത്. ഡോട്ടിന് പത്ത് ഫോറുകളും ഒരു സിക്സറും പറത്തി.
നടാഷ മക്ലീന് 26 റണ്‍സെടുത്തു. ഓസീസ് ബൗളര്‍മാരില്‍ മെഗന് ഷൂട്ടും ഹോളി ഫെര്ലിങ്ങും (3 വിക്കറ്റ് വീതം) മികച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: