കൊച്ചി: ഇ ഡിസ്ട്രിക്ട് പദ്ധതിക്ക് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ താലൂക്ക് ഓഫീസുകളെയും വില്ലേജ് ഓഫീസുകളെയും കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഓണ്‍ലൈനാക്കുന്ന പ്രക്രിയ ഇന്ന് പൂര്‍ത്തിയാകും. കണയന്നൂര്‍, കുന്നത്തുനാട്, കൊച്ചി താലൂക്ക് ഓഫീസുകളെയും ഈ താലൂക്കുകളിലെ വില്ലേജ് ഓഫീസുകളെയുമാണ് ഇന്ന് ഓണ്‍ലൈനിലാക്കുക. പറവൂര്‍ താലൂക്കിലെ മുഴുവന്‍ വില്ലേജുകളെയും ഇന്നലെ ഓണ്ലൈനിലാക്കിയതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു.
മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ വില്ലേജുകള്‍ തിങ്കളാഴ്ച വൈകിട്ടോടെ ഓണ്‍ലൈനിലാക്കിയിരുന്നു. 16ന് പദ്ധതിയുടെ ട്രയല്‍ റണ്‍ നടക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഇ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജില്ലയിലെ താലൂക്ക് ഓഫീസുകളെയും 124 വില്ലേജ് ഓഫീസുകളെയും 165 അക്ഷയകേന്ദ്രങ്ങളെയുമാണ് ബ്രോഡ് ബാന്‍ഡ് ശൃംഖലയില്‍ കോര്‍ത്തിണക്കുന്നത്. കേബിള്‍ സൗകര്യമില്ലാത്ത ചേലാമറ്റം വില്ലേജ് ഓഫീസിനെ വൈ മാക്സ് സംവിധാനത്തിലും ഓണ്‍ലൈനിലാക്കും.
എറണാകുളം ടൗണ്‍ഹാളില്‍ ഫെബ്രുവരി 23ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയെ ഇ ഡിസ്ട്രിക്ടായി പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: