പെരുമ്പാവൂര്‍: ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ എംസി റോഡിലെ അഴിയാത്ത ഗതാഗതക്കുരുക്കിന് കാരണമായി തുടരുന്ന കാലടി ശ്രീശങ്കര പാലത്തിന് പകരം പുതിയ സമാന്തര പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ച് പത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് കടലാസില്‍ മാത്രം ഒതുങ്ങുന്നതായി ആക്ഷേപം. ശബരിമല, മലയാറ്റൂര്‍ തീര്‍ത്ഥാടകരും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഒരുപോലെ ആശ്രയിക്കുന്ന കാലടി പാലത്തിലെയും കാലടി ടൗണിലേയും ഗതാഗത പ്രശ്നത്തിനും സമാന്തര പാലം നിര്‍മാണത്തിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ മാരായ സാജുപോളും ജോസ് തെറ്റയിലും ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് 27 ന് കാലടിയില്‍ സമാന്തര പാലം നിര്‍മിക്കുന്നതിനായി 42 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതാണ്. ഇതില്‍ പാലം നിര്‍മാണത്തിന്റെ പ്രാഥമികമായി നടത്തേണ്ട ദിശനിര്‍ണയം, അപ്രോച്ച് റോഡിന്റെ സ്ഥലം എടുക്കല്‍ ഇവയൊന്നും ഇതുവരെയും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇതിന്റെ ഇന്‍വെസ്റ്റിഗേഷനും സോയില്‍ ടെസ്റ്റിനുമായി 20 ലക്ഷം രൂപ നേരത്തെ ലഭ്യമാക്കിയിരുന്നതായും എംഎല്‍എമാര്‍ പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ ചില നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ മൂലമാണ് റിപ്പോര്‍ട്ട് പോലും നല്‍കാത്തതെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ പെരുമ്പാവൂര്‍, അങ്കമാലി നിയോജകമണ്ഡലങ്ങളിലായാണ് പാലം സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് നിയോജക മണ്ഡലങ്ങളും ഇടത് പക്ഷത്തിന്റെ കൈവശമാണെങ്കിലും പാലം ഉള്‍പ്പെടുന്ന കാലടി, ഒക്കല്‍ ഗ്രാമപഞ്ചായത്തുകള്‍ ഭരിക്കുന്നത് കോണ്‍ഗ്രസുകാരാണ്. ഇവര്‍ തമ്മിലുള്ള രാഷ്ട്രീയ വടംവലിയാണ് എത്രയും വേഗം പരിഹാരം കാണേണ്ട ജനകീയ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് പാലം വരുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
സമാന്തര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കാലടിയില്‍ ചേര്‍ന്ന ജനകീയ കണ്വെന്ഷന് എടുത്ത നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും ഈ വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ട് ഉന്നതതല യോഗം വിളിച്ച് പാലം നിര്‍മാണത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നും സാജുപോള്‍ എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: