ന്യൂയോര്‍ക്ക്: അബോട്ടാബാദിലെ യുഎസ് സൈനിക നടപടിക്കിടെ, അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ തലയോട്ടി തുളച്ച വെടിയുണ്ടകള്‍ ഉതിര്‍ത്ത കമാന്‍ഡൊ ഒടുവില്‍ മനസു തുറന്നു. യുഎസ് മാഗസിന് എസ്ക്വയറിലാണ് ലാദന്റെ അന്ത്യംകുറിച്ച രാത്രിയെപ്പറ്റി മുന്‍ നേവി ഉദ്യോഗസ്ഥന് വിവരിക്കുന്നത്. ഒസാമ ബിന്‍ലാദനെ വധിച്ചയാള്‍ ദുരിതത്തില്‍ എന്ന തലക്കെട്ടിലെ ലേഖനത്തില്‍ തൊഴിലില്ലാത്ത പൗരന് എന്ന നിലയില്‍ കമാന്‍ഡൊ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട്.
സുരക്ഷാകാരണങ്ങളാല്‍ കമാന്ഡൊയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിരമിച്ചശേഷം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ അദ്ദേഹം ദുരിതം അനുഭവിക്കുന്നതായി ലേഖനം സാക്ഷ്യപ്പെടുത്തുന്നു.
ലാദന് ശരിക്കും ആശയക്കുഴപ്പത്തിലായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഇരുട്ടിലേക്ക് ഞങ്ങള്‍ ഇരച്ചുകയറുമ്പോള്‍ അയാള്‍ ഏറ്റവും ഒടുവിലത്തെ ഭാര്യയുടെ തോളില്‍ പിടിച്ചു പ്രാണരക്ഷാര്‍ഥം മുന്നോട്ടാഞ്ഞു. അതിവേഗം നീങ്ങാന്‍ ഭാര്യയെ പ്രേരിപ്പിച്ചു. അപ്പോള്‍ അവിടെയൊരു എകെ47 തോക്കുമുണ്ടായിരുന്നു. ലാദന്റെ കൈയെത്തും ദൂരത്തായിരുന്നു അത്. അയാള്‍ എല്ലായ്പ്പോഴും ഭീഷണി തന്നെ. വേഗത്തില്‍ ഞാന്‍ ചുവടുകള്‍ മുന്നോട്ടുവച്ചു.
കാരണം ആ തോക്കെടുത്ത് ലാദന് സ്വയം വെടിവച്ച് മരിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ ഞൊടിയിടയില്‍ ഞാന്‍ ലാദന് നേരെ രണ്ടുതവണ വെടിവച്ചു. ഇരുവട്ടവും വെടിയുണ്ട ഭീകരത്തലവന്റെ തലതുളച്ചു. ലാദന് ബാപ്, ബാപ് എന്നു വിളിച്ചു. രണ്ടാമത്തെ വെടിയേറ്റപ്പോള്‍ ലാദന് നിലത്തുവീണിരുന്നു. സ്വന്തം കട്ടിലിനു സമീപം കിടന്നു പിടഞ്ഞ ലാദന്റെ തലയില്‍ എന്റെ തോക്കിലെ മറ്റൊരു വെടിയുണ്ടകൂടെ തറച്ചു. വീണ്ടും ബാപ് എന്നവിളി. ലാദന് അനങ്ങുന്നില്ല. മരിച്ചെന്നുറപ്പായി. അയാളുടെ നാവ് പുറത്തു ചാടിയിരുന്നു, ലേഖനം വെളിപ്പെടുത്തുന്നു.
ലാദനെ വധിച്ച ദൗത്യത്തിനിടെ ഒരു അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണിരുന്നു. ആ അപകടം ഉണ്ടാക്കിയ സമ്മര്‍ദ്ദവും മുന്‍ നേവി ഉദ്യോഗസ്ഥന് പങ്കുവയ്ക്കുന്നുണ്ട്. അവിടെ നിന്ന് ഒരിക്കലും പുറത്തുകടക്കാനാവുമെന്ന് തോന്നിയില്ല. ഇസ്ലാമാബാദില് പോകണമെങ്കില്‍ കാറുകളോ മറ്റേതെങ്കിലും വാഹനങ്ങളോ മോഷ്ടിക്കേ ണ്ടിവരും. അതല്ലെങ്കില്‍ അബോട്ടാബാദില്‍ ചുറ്റിപ്പറ്റി നില്‍ക്കണം. അങ്ങനെയായാല്‍ പാക്കിസ്ഥാന് സൈന്യം ഞങ്ങളുടെ ഓപ്പറേഷനെപ്പറ്റി മനസിലാക്കും.
ആ തിരിച്ചറിവ് തന്നെ ആശങ്കാകുലനാക്കിയെന്നും അദ്ദേഹം ലേഖനത്തില്‍ കുറിക്കുന്നു. 2011 മെയിലാണ് പാക്കിസ്ഥാനിലെ അബോട്ടാബാദില ഒളിത്താവളം ആക്രമിച്ച യുഎസ് കമാന്‍ഡോകള്‍ ലാദനെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: