മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങും. ലോക ഫുട്ബോളിലെ വമ്പന്‍ ക്ലബ്ബുകളായ സ്പാനിഷ് കരുത്തര്‍ റയല്‍ മാഡ്രിഡും പ്രീമിയര്‍ ലീഗ് ഭീമന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് ഇന്നത്തെ ആദ്യപാദ പ്രീ-ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. ഒപ്പം ലോക ഫുട്ബോളിലെ പ്രതിഭാധനരായ രണ്ട് സൂപ്പര്‍താരങ്ങള്‍ മുഖാമുഖം വരുന്നുവെന്ന പ്രത്യേകതകൂടി ഈ പോരാട്ടത്തിനുണ്ട്. റയലിന്റെ ലോകോത്തര സ്ട്രൈക്കറും പോര്‍ച്ചുഗീസ് നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഈ സീസണില്‍ ആഴ്സണലില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ഡച്ച് താരം റോബിന് വാന്‍ പെഴ്സിയുമാണ് ഈ സൂപ്പര്‍ പോരാട്ടത്തില്‍ മുഖാമുഖം വരുന്ന രണ്ടുതാരങ്ങള്‍.
റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ യുെണെറ്റഡ് പോരാട്ടം ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12 മുതലാണ്. റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ഇൗ ക്ലാസിക്ക് പോരാട്ടം. ഇതേ സമയത്ത് തന്നെ മറ്റൊരു മത്സരത്തില്‍ ഷാക്തര്‍ ഡൊനെറ്റ്സ്ക് ബോറുസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.
ആരാധകര്‍ ഏറെ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഈ പോരാട്ടമായിരിക്കും പ്രീ ക്വാര്‍ട്ടറില്‍ ഏറ്റവും ആവേശം വിതറുക. മുന്‍ മാഞ്ചസ്റ്റര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ തുരുപ്പു ചീട്ട്. ഒപ്പം ബെന്‍സേമയും ഹിഗ്വയിനും ആഞ്ചല്‍ ഡി മരിയയും റയലിന്റെ മുന്നേറ്റങ്ങള്‍ക്ക് കരുത്തേകും. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ കളി കണ്ട് അവര്‍ക്കെതിരായ തന്ത്രങ്ങള്‍ മെനയാന്‍ മൗറീഞ്ഞോ ലണ്ടനിലെത്തിയിരുന്നു. സ്പാനിഷ് ലീഗ് കിരീടം കിട്ടില്ലെന്നുറപ്പായ ഹോസെ മൗറീഞ്ഞോയുടെ സംഘം ചാമ്പ്യന്‍സ് ലീഗിലൂടെ തിരിച്ചടിക്കാമെന്ന കണക്കുകൂട്ടലിലാണ്. കരുത്തന്മാരില് ഒരാള്‍ ചാമ്പ്യന്‍സ് ലീഗില്‍നിന്നു പുറത്തു പോകുമെന്നതാണു മത്സരത്തിന്റെ ആവേശം കൂട്ടുന്നത്. സെവിയയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റയല്‍ മാഞ്ചസ്റ്റര്‍ യുെണെറ്റഡിനെ നേരിടാനൊരുങ്ങുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കടിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പഴയ തട്ടകം കൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 2009-ല്‍ യുണൈറ്റഡില്‍ നിന്നാണ് ക്രിസ്റ്റ്യനോ റയലിലെത്തിയത്. ക്രിസ്റ്റ്യാനോയെ സൂപ്പര്‍ താരമാക്കി വളര്‍ത്തിയതും അലക്സ് ഫെര്‍ഗുസനാണ്. ഇന്ന് റയലിനെ നേരിടുമ്പോള്‍ ഫെര്‍ഗൂസന്റെ ഏറ്റവും വലിയ പേടിയും ക്രിസ്റ്റ്യനോയുടെ ബൂട്ടുകളെയാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചുകഴിഞ്ഞ മാഞ്ചസ്റ്ററിന് ഡച്ച് സ്ട്രൈക്കര്‍ വാന്‍ പേഴ്സിയുടെയും വെയ്ന്‍ റൂണിയുടെയും പ്രഹര മികവുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിനുശേഷം തീര്‍ത്തും വ്യത്യസ്തമായ വഴികളിലൂടെയാണ് റയലും മാഞ്ചസ്റ്ററും ഇതവുരെ വന്നത്. പിന്നീട് നടന്ന 14 കളികളില്‍ റയലിനു ജയിക്കാനായത് ഏഴെണ്ണത്തില്‍ മാത്രമാണ്. അതേസമയം യുണൈറ്റഡ് ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ട് വരികയാണ്. ഗ്രൂപ്പ് ഘട്ടത്തിനുശേഷം 13 കളികളില്‍ അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.
എന്നാല്‍ ഇന്നത്തെ ക്ലാസ്സിക്ക് പോരാട്ടത്തില്കണക്കുകളൊക്കെ അപ്രസക്തമാകും. സ്വന്തം മൈതാനത്തു കളിക്കുന്നതിന്റെ മുന്‍തൂക്കം എന്തായാലും റയലിനുണ്ടാകും. മറുഭാഗത്ത് വെയിന്‍ റൂണിയിലും റോബിന് വാന്‍ പെഴ്സിയിലുമാണ് ഫെര്‍ഗുസന്റെ പ്രതീക്ഷ. എന്നാല്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കഴിഞ്ഞ 33 മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന് പരാജയം നേരിട്ടിട്ടില്ല എന്നത് മൗറീഞ്ഞോയുടെ ക്യാമ്പിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഘടകമാണ്. 27 മത്സരങ്ങളില്‍ വിജയിച്ച അവര്‍ 6 ആറെണ്ണത്തില്‍ സമനില പിടിച്ചു.
എന്തായാലും ലോകത്തെ ഏറ്റവും മികച്ച രണ്ട് ടീമുകളിലൊന്ന് പ്രീ-ക്വാര്‍ട്ടറില്‍ പുറത്താകുമെന്നതിനാല്‍ ജീവന്മരണപോരാട്ടമായിരിക്കും ഇരുടീമുകളും പുറത്തെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: