പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി.എസ് അച്ച്യുതാനന്ദനെ ഒഴിവാക്കാന്‍ സിപിഎം നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. കാരണം ഭരണപക്ഷത്തിന് തലവേദന സൃഷ്ടിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരേണ്ട വ്യക്തി സ്വന്തം പാര്‍ട്ടിയുടെ ആണിക്കല്ല് ഇളക്കുന്ന പ്രവൃത്തികളിലാണ് വാപൃതനായിരിക്കുന്നത്. ഇത് പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കുകൂടി ബോധ്യം വരുകയും ചെയ്തിരിക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഞെട്ടലും ഭീതിയും ഉണ്ടാക്കുന്നതാണിത്. ഒരു കേഡര്‍ പാര്‍ട്ടിയെന്ന ഖ്യാതി അനുദിനം വളര്‍ത്താന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറായ ഒരു പാര്‍ട്ടിക്ക് ഒരു നേതാവിന്റെ കരുതിക്കൂട്ടിയുള്ള അച്ചടക്കലംഘനം എത്രനാള്‍ കൊണ്ടു നടക്കാനാവും? സാധാരണ നടക്കുന്ന തരത്തിലായിരുന്നെങ്കില്‍ എന്നേ വി.എസ്. വേലിക്കുപുറത്താകേണ്ടതായിരുന്നു. പാര്‍ട്ടിയെ പല തരത്തിലുള്ള ഭീഷണിയും ചുഴ്ന്നുനില്ക്കുന്നതിനാല് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കുകയായിരുന്നു.
രാഷ്ട്രീയമായി ശക്തി പ്രാപിക്കാന്‍ എല്ലാ അടവും എടുത്തു പ്രയോഗിക്കുന്ന സിപിഎമ്മിന് വിഎസ്സിന്റെ ഇപ്പോഴത്തെ നിലപാട് കനത്ത പ്രഹരമാണുണ്ടാക്കിയിരിക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയുടെ ശബ്ദം ഉയരാന്‍ കഴിയാത്തവിധം നിഷ്പ്രഭമായിപ്പോകും. ഈ തിരിച്ചറിവിലേക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സമിതി ഉണര്‍ന്നെഴുന്നേറ്റത്. അച്ച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്നും അദ്ദേഹത്തിനെതിരെ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം സമിതി അംഗീകരിക്കുകയും ചെയ്തു. വി.എസ്സിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രസ്തുത പ്രമേയം എന്നത് ശ്രദ്ധേയമായി. തന്റെ നിലപാടുകളോടുള്ള പാര്‍ട്ടിയുടെ അസഹിഷ്ണുത വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ് അച്ച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാതിരുന്നതും. കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ വിഎസ്സിനെതിരായ നടപടി നടപ്പാക്കാനാണ് സംസ്ഥാനസമിതിയുടെ തീരുമാനം.
നേരത്തെ ഗൗരിയമ്മ, എം.വി. രാഘവന് തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്ന് തൊഴിച്ചെറിയാന്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേതൃത്വത്തിനുണ്ടായിരുന്നില്ല. അന്നൊക്കെയുള്ള വെട്ടിനിരത്തിലിന് ഭാവാത്മകമായ പിന്തുണ നല്കിയ നേതാക്കളില്‍ പ്രമുഖസ്ഥാനത്തായിരുന്നു അച്യുതാനന്ദനെന്നത് പരസ്യമായ രഹസ്യമാണ്. അങ്ങനെ വെട്ടിനിരത്തപ്പെട്ടവരുടെ പ്രതിഷേധം ഒരു പക്ഷേ, അച്ച്യുതാനന്ദനെതിരെ ഇപ്പോള്‍ തിരിയുകയാണെന്നും വേണമെങ്കില്‍ പറയാം.
തിരിച്ചടി പ്രകൃതിയുടെ ഒഴിച്ചുകൂടാനാവാത്ത പ്രതിഭാസമാണല്ലോ.തനിക്ക് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന ധാരണയാണ് വാസ്തവത്തില്‍ അച്ച്യുതാനന്ദനെ വര്ധിതവീര്യനാക്കുന്നത്. അതില്‍ അത്ര വലിയ കഴമ്പൊന്നുമില്ല. നടപടിയെടുക്കാന്‍ അധികാരമുണ്ടായപ്പോഴൊക്കെ ഒന്നുകില്‍ ഒഴിഞ്ഞുമാറി, അല്ലെങ്കില്‍ അവഗണിച്ചു. ഈയൊരു സ്വഭാവം അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വത്തില്‍ നിറം മങ്ങാതെ കിടപ്പുണ്ട്. കൈയടി കിട്ടുന്ന പ്രസംഗവും പ്രവൃത്തിയുമല്ല ഒരു നേതാവിന് ഉത്തമഗുണമാവേണ്ടത്. പൊതുസമൂഹത്തിന്റെ വേദനകളില്‍ ഇഴുകിച്ചേരാനുള്ള മനസ്സും അത് കഴിവതും കുറച്ചുകൊണ്ടുവരാനുള്ള താല്‍പ്പര്യവുമാണ്. എന്തുകൊണ്ട് മഹാത്മാഗാന്ധിയുള്പ്പെടെയുള്ളവരെ പൊതുസമൂഹം നെഞ്ചേറ്റി നടക്കുന്നു എന്നത് ഓര്‍ത്തുവെക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകളോ ചെപ്പടിവിദ്യകളോ അഭിനയമോ കൊണ്ടല്ല അത്തരം മഹദ്വ്യക്തികള് ജനസമൂഹത്തിന്റെ ആദരം പിടിച്ചുപറ്റിയത്. ഓരോരുത്തര്‍ക്കും അവരുടെ ഹൃദയത്തില്‍ ചേക്കേറുന്ന നേതാവ് എന്ന അനുഭവം വന്നതു കൊണ്ടാണ്.
അച്ച്യുതാനന്ദന്റെ കാര്യത്തില്‍ അങ്ങനെയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഒരു കൈയിലെ മുഴുവന്‍ വിരലും ഉയര്‍ത്തേണ്ടി വരില്ല. പാര്‍ട്ടിക്ക് സ്വത്തെന്നതിനേക്കാള് ഒരു ബാധ്യതയായ അച്ച്യുതാനന്ദനെ കഴിവതും ഒഴിവാക്കി രംഗം ശുദ്ധമാക്കുക എന്നതിലാണ് താല്‍പ്പര്യം. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം കൊണ്ട് പൊതുസമൂഹത്തിനും അത്രയൊന്നും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയും സി.പി.എമ്മിന് ബലം നല്‍കുന്നുണ്ട്.
രാഷ്ട്രീയത്തില്‍ അഭിനയത്തികവിന്റെ ആശാന് എന്ന നിലയ്ക്ക് കിട്ടുന്ന അംഗീകാരത്തിന് അരദിവസത്തെ ആയുസ്സേ ഉണ്ടാവൂ എന്ന തിരിച്ചറിവ് അച്ച്യുതാനന്ദനും അദ്ദേഹത്തിന് ഒത്താശയുമായി നടക്കുന്നവര്‍ക്കും ഇല്ലാത്തതിന്റെ ആത്യന്തിക ഫലമായേ പ്രതിപക്ഷസ്ഥാനത്തു നിന്നും നീക്കാനുള്ള പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആവശ്യത്തെ കണ്ടുകൂടൂ. ചിറകുകള് ഒന്നൊന്നായി വെട്ടി ഒടുവില്‍ നിസ്സഹായനാക്കി പാര്‍ട്ടിക്കു പുറത്തേക്കെറിയുമ്പോള്‍ സഹതാപത്തിന്റെ കൈകള്‍ അധികമൊന്നുമുണ്ടാവില്ല വിഎസ്സിന്റെ മുമ്പില്‍. അതദ്ദേഹം ഒരുപക്ഷേ, പ്രതീക്ഷിക്കുന്നില്ലെങ്കിലും. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ നിശ്ചയിക്കുന്ന വഴിയിലൂടെ നീങ്ങുന്ന പാര്‍ട്ടിക്ക് അച്ച്യുതാനന്ദന് അത്ര വലിയ സ്വത്തൊന്നുമല്ലെന്ന് നേരത്തെ തന്നെ അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: