കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറാണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാനതല വാര്‍ത്താചിത്ര പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. കേരളത്തിലെ പ്രമുഖ പത്രങ്ങളിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഒരോ ചിത്രമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നത്. 112 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ദേശീയതലത്തിലും മറ്റും അവാര്‍ഡ് നേടിയ 14 ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 1990 മുതല്‍ 2012 വരെയുള്ള കൗതുകകരമായതും ചിന്തിപ്പിക്കുന്നതുമായ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന യൂണിയന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫോട്ടോപ്രദര്ശനമെന്ന് സംഘാടകര്‍ പറഞ്ഞു. ഇതുകൂടാതെ എല്ല ജില്ലാകളിലും പ്രദര്‍ശനം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാലവും കണ്ണും ഈ ചിത്രപരമ്പരയെ ആനന്ദകരമാക്കുമ്പോള്‍ സ്മൃതിയുടെ വാതിലുകള്‍ തുറക്കുകയാണിവിടെ. സാമൂഹ്യ ജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടു വരുന്നതാണ് ചിത്രങ്ങളില്‍ പലതുമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. പത്രം ദിനചര്യയാക്കിയ മലയാളികള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.പ്രദര്ശനത്തിനൊരുക്കിയിരുന്ന ചിത്രങ്ങളിലെ ഏറ്റവും മികച്ച ഫോട്ടോയ്ക്കുള്ള സമ്മാനം കേരളകൗമുദി ഫോട്ടോഗ്രാഫര്‍ പി.ജെ ഷെല്ലിക്ക് കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ നല്‍കുകയും ചെയ്തിരുന്നു. പ്രദര്‍ശനത്തിലെ എല്ലാ ചിത്രങ്ങളും മികച്ചതാണെന്നും കൗതുകങ്ങള്‍ ഉണര്‍ത്തുന്നതാണെന്നും മോഹന്‍ലാല്‍ പ്രദര്‍ശനം കാണുന്നതിനിടയില്‍ വ്യക്തമാക്കിയിരുന്നു. കാണികള്‍ക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ച ഫോട്ടോ പ്രദര്‍ശനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: