മുംബൈ: വനിതാ ലോകകപ്പ് സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ വിന്‍ഡീസിന് മികച്ച വിജയം. ന്യൂസിലാന്റിനെ 48 റണ്‍സിന് പരാജയപ്പെടുത്തിയാണ് വെസ്റ്റിന്‍ഡീസ് തകര്‍പ്പന്‍ വിജയം നേടിയത്. സൂപ്പര്‍ സിക്സില് വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. സൂപ്പര്‍ സിക്സിലെ ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് കീഴടക്കിയിരുന്നു. ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് 44.3 ഓവറില്‍ 159 റണ്‍സിന് ഒാള് ഔട്ടായതോടെയാണ് വിന്‍ഡീസിന് മികച്ച വിജയം സ്വന്തമായത്. വിന്‍ഡീസിന് വേണ്ടി പുറത്താകാതെ 31 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അനീസ മുഹമ്മദാണ് മാന്‍ ഓഫ് ദി മാച്ച്. വെസ്റ്റിന്‍ഡീസിന് വേണ്ടി സ്റ്റെഫാനി ടെയ്ലര് 49ഉം ഷാനല്‍ ഡാലി 37ഉം റണ്‍സെടുത്തു.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്റ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. വിന്‍ഡീസ് വേണ്ടി കീസിയ നൈറ്റും നടാഷ മക്ലീനുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇരുവര്‍ക്കും മികച്ച തുടക്കം നല്കാന് കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ വെസ്റ്റിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത നടാഷയെ സിയാന് റക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ രണ്ടാം ഓപ്പണറായ കീസിയ നൈറ്റും മടങ്ങി. 15 റണ്‍സെടുത്ത കീസിയെയും റക്ക് എല്‍ബിഡബ്ല്യൂവില്‍ കുടുക്കി മടക്കി. സ്കോര്‍ 75-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത കീഷോന നൈറ്റും 82-ല്‍ എത്തിയപ്പോള്‍ 49 റണ്‍സെടുത്ത സ്റ്റെഫാനി ടെയ്ലറും മടങ്ങി. പിന്നീടെത്തിയവരില്‍ ഡിയാന്‍ഡ്ര ഡോട്ടിന് 27ഉം ഷാനല്‍ ഡാലി 37ഉം റണ്‍സെടുത്ത ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ എട്ടിന് 159 എന്ന നിലയില്‍ തകര്‍ന്ന വെസ്റ്റിന്‍ഡീസിനെ 200 കടത്തിയത് 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അനീസ മുഹമ്മദിന്റെ മികച്ച പ്രകടനമാണ്. ന്യൂസിലാന്റിന് വേണ്ടി മോര്‍ണ നീല്‍സണ്‍ മൂന്നുവിക്കറ്റും സിയാന് റക്കും ബെയ്റ്റ്സും രണ്ട് വിക്കറ്റും വീഴ്ത്തി.
208 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 83 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലാന്റിനെ വന്‍ പരാജയത്തില്‍ നിന്നും രക്ഷിച്ചത് 36 റണ്‍സെടുത്ത റെയ്ച്ചല്‍ പ്രീസ്റ്റിന്റെ ബാറ്റിംഗാണ്. റെയ്ച്ചലാണ് ടോപ് സ്കോററും. റെയ്ച്ചലിന് പുറമെ ഓപ്പണര്‍ ബെയ്റ്റ്സ് 30 റണ്‍സും സാറാ മക്ഗ്ലാഷന്‍ 18 റണ്‍സും നീല്‍സണ്‍ 16 റണ്‍സും പെര്‍കിന്‍സ് 11 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിയാതിരുന്നതോടെ ന്യൂസിലാന്റ് ഇന്നിംഗ്സ് 159 റണ്‍സിന് അവസാനിച്ചു. വെസ്റ്റിന്‍ഡീസിന് വേണ്ടി ട്രിമെയ്നെ സ്മാര്‍ട്ട് മൂന്ന് വിക്കറ്റും സ്റ്റെഫാനി ടെയ്ലറും ഡിയാന്‍ട്ര ഡോറ്റിനും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നാളെ നടക്കുന്ന സൂപ്പര്‍ സിക്സിലെ മൂന്നാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഓസ്ട്രേലിയയെ നേരിടും. ഓസ്ട്രേലിയ നേരത്തെ തന്നെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: