ഭാരത പാര്‍ലമെന്റിനെ തകര്‍ക്കാന്‍ ബുദ്ധിയും ശക്തിയും ഉപയോഗിച്ച രാജ്യദ്രോഹിയാണ് അഫ്സല്‍ഗുരു. സുരക്ഷാസൈനികരടക്കം ഒന്‍പത് പേര് വധിക്കപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഒരു വ്യാഴവട്ടമായി. ആ കൊടും ക്രൂരത നമ്മുടെ രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ നടുക്കിയതാണ്. അക്രമികളെയും ആസൂത്രകരെയും കണ്ടെത്താന്‍ അന്ന് രാജ്യം ഭരിച്ച ദേശീയ ജനാധിപത്യസഖ്യ സര്‍ക്കാറിന് കഴിഞ്ഞു.
വര്‍ഷമൊന്നു തികയും മുമ്പുതന്നെ വിചാരണ തുടങ്ങാനും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സാധിച്ചു. എന്നാല്‍ പരമോന്നത നീതിപീഠംപോലും അംഗീകരിച്ച വിധി നടപ്പാക്കാന്‍ തുടര്‍ന്ന് ഭരണത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ മിനക്കെട്ടില്ല. വിധി നടപ്പാക്കാന്‍ ഒരുപാട് സമരങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായി, ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട സുരക്ഷാഭടന്മാര്ക്ക് ലഭിച്ച പുരസ്കാരങ്ങളടക്കം ബന്ധുക്കള്‍ പ്രതിഷേധസൂചകമായി തിരിച്ചേല്‍പ്പിച്ചു. അതൊന്നും ശ്രവിക്കാനോ ശ്രദ്ധിക്കാനോ സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല. പത്ത് പന്ത്രണ്ട് വര്‍ഷക്കാലം കൊടുംകുറ്റവാളിയെ തീറ്റിപ്പോറ്റാന്‍ കോടിക്കണക്കിന് രൂപയാണ് ചെലവാക്കിയത്. വൈകിയാണെങ്കിലും അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നു. ഇതില്‍ ദേശീയ ജനതയ്ക്ക് അല്പംപോലും വിയോജിപ്പ് ഉണ്ടാകില്ല.
അഫ്സലിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് ജമ്മുകാശ്മീരില്‍ പലസ്ഥലത്തും സംഘര്‍ഷമുണ്ടായി. സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്നു. വിഘടനവാദികളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. അഫ്സല് ഗുരുവിനെ തൂക്കിക്കൊന്നതോടെ ഭാരതസര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തിയതായാണ് വിഘടനവാദികള്‍ ആക്ഷേപിക്കുന്നത്. അഫ്സലിന്റെ മൃതദേഹം വിട്ടുകിട്ടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കാശ്മീരില്‍ ഇത് പ്രതീക്ഷിക്കേണ്ടതാണ്. പാകിസ്ഥാന് പരിശീലനം നടത്തി ചെല്ലും ചെലവും നല്കി വിഘടനവാദികളെ കാശ്മീരില്‍ വിന്യസിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെയാണല്ലൊ ആദ്യം തന്നെ അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. എന്നാല്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ പലയിടത്തും ജാഗ്രതാ നിര്‍ദ്ദേശവും മുന്നറിയിപ്പും സര്‍ക്കാര്‍ നല്കിയിരിക്കുന്നു. മുംബൈ അടക്കം പല നഗരങ്ങളിലും സായുധസേന റോന്തുചുറ്റലടക്കമുള്ള കാര്യങ്ങള്‍ നടത്തുകയുണ്ടായി. ഇതിനര്‍ത്ഥം അഫ്സല് ഗുരുവിനെ അംഗീകരിക്കുന്നവരും അനുകൂലിക്കുന്നവരും ആരാധിക്കുന്നവരും രാജ്യത്തിനകത്തുണ്ടെന്നല്ലെ ?
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയശേഷം മാന്യന്മാരെന്നും നിയമജ്ഞരെന്നുമൊക്കെ പറഞ്ഞഭിമാനിക്കുന്നവര്ക്ക് വലിയ മനുഷ്യസ്നേഹം പൊട്ടിമുളച്ചതും കാണാതിരുന്നുകൂടാ. വധശിക്ഷയെ ഏത് കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലത്രെ. ഇത് പറയാന്‍ ഈ സമയം തന്നെ തിരഞ്ഞെടുക്കുമ്പോള്‍ അറിഞ്ഞുകൊണ്ട് പാര്‍ലമെന്റ് ആക്രമത്തെ ന്യായീകരിക്കുന്നതിന് സമാനമാണത്. 2001 ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റ് മന്ദിരവളപ്പില്‍ ഇരച്ചുകയറിയ ഭീകരര്‍ ചുട്ടുകൊന്നതും മനുഷ്യരല്ലെ ? ജീവന് കൊടുത്തും അവര്‍ കൃത്യം നിര്വ്വഹിച്ചില്ലായിരുന്നെങ്കില് എന്തായിരുന്നു അന്ന് സംഭവിക്കുക. അതിനെക്കുറിച്ച് ഒരക്ഷരം പറയാതെ അന്ന് ജീവാഹുതി ചെയ്യേണ്ടിവന്നവര്ക്കുവേണ്ടി ഒരിറ്റുകണ്ണീരില്ലാതെ പോയവര്‍ ഇപ്പോള്‍ വാര്‍ക്കുന്ന കണ്ണീരാര്ക്കുവേണ്ടി എന്ന് ആരും ചോദിച്ചുപോകും.
അതുപോലെ തന്നെ പ്രധാനമാണ് വിധി നടപ്പാക്കുന്നത് വൈകിപ്പിച്ച നടപടിയും. ഇത്രയും കാത്തുനില്‍ക്കാതെ വിധി വന്ന ഉടന്‍ തീരുമാനമെടുക്കാന്‍ ആര്‍ജ്ജവം കാട്ടേണ്ടതായിരുന്നു. എങ്കില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ ഉണ്ടായ സഹതാപം ഇല്ലാതാകുമായിരുന്നു. അജ്മള് കസബിനെ തൂക്കിലേറ്റിയ സര്‍ക്കാറിന് അഫ്സല് ഗുരുവിനെ ഇനിയും പോറ്റിവളര്‍ത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു രാജ്യത്ത് ഉരുത്തിരിഞ്ഞുകൊണ്ടിരുന്നത്. വിഘടന, ഭീകരവാദങ്ങള്‍ക്കെതിരെ ശക്തമായ വികാരം ജനങ്ങളിലുളവായിക്കൊണ്ടിരിക്കുകയാണ്. വധശിക്ഷ നടപ്പാക്കലും നടപ്പാക്കാതിരിക്കലും രാഷ്ട്രീയമായി ലാഭമുള്ളതല്ലെന്ന് കേന്ദ്രം തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. കസബിനെ തൂക്കിലേറ്റിയ സമയം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടായിരുന്നു. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റി. പ്രതീക്ഷിച്ചതിനേക്കാള്‍ പ്രഹരം ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് കിട്ടി. വരാന്‍ പോകുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള രാഷ്ട്രീയ കുതന്ത്രമാണെത്രെ ഇപ്പോള്‍ പ്രയോഗിച്ചത്. അതും നടക്കാന്‍ പോകുന്നില്ല.
അഫ്സലിന്റെ ദയാഹര്‍ജി ഫെബ്രുവരി മൂന്നിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയത്. ഫെബ്രുവരി നാലിന് ആഭ്യന്തര മന്ത്രാലയം ഇത് ജയില്‍ അധികൃതര്‍ക്ക് തുടര്‍നടപടികള്‍ക്കായി അയക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കശ്മീര്‍ സ്വദേശികൂടിയായ അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്നതിനോടു ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് എതിര്‍പ്പായിരുന്നു. വധശിക്ഷ നടപ്പാക്കിയാല്‍ കശ്മീരിലുണ്ടാകുന്ന പ്രതിഷേധം കണക്കിലെടുത്തായിരുന്നു ആ എതിര്‍പ്പ്. മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കണമെന്ന് ബിജെപിയും മറ്റും ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: