കൊല്ലം: രണ്ടര ദശാബ്ദത്തിനുശേഷം സന്തോഷ്ട്രോഫി ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമേകാന്‍ കൊല്ലത്ത് ഒരുക്കങ്ങള്‍ പൂര്‍ണം. നിരവധി കായിക മാമാങ്കങ്ങള്‍ക്കു വേദിയായ കന്റോണ്‍മെന്റിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ 28 മത്സരങ്ങളാണ് നടക്കുന്നത്.
പ്രിലിമിനറി മത്സരങ്ങള്‍ 10 മുതല്‍ 18 വരെയും ക്വാര്‍ട്ടര്‍ ഫൈനല്ലീഗ് മത്സരങ്ങള്‍ 21 മുതല്‍ 26 വരെയും നടക്കും. ക്വാര്‍ട്ടറില്‍ എട്ടു ടീമുകളും 12 മത്സരങ്ങളുമുണ്ട്. പ്രിലിമിനറി മത്സരങ്ങളില്‍ ഒമ്പത് ടീമുകള്‍ മാറ്റുരയ്ക്കും, 16 മത്സരങ്ങളുമുണ്ട്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലും ലക്നൗവിലുമായി നടന്നു കഴിഞ്ഞു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയിലാണ്.
ഒരു ദിവസം രണ്ടു മത്സരങ്ങളാണ്. വൈകിട്ട് നാലിനും ആറിനും. താത്കാലിക ഫ്ലഡ് ലൈറ്റ് സംവിധാനം ഇതിനായി കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഒരുങ്ങി.
കൊല്ലത്തെ ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ട്, ടി.കെ.എം ആര്‍ട്സ് കോളേജ് ഗ്രൗണ്ട്, ഫാത്തിമാ മാതാ നാഷണല്‍ കോളേജ് ഗ്രൗണ്ട്, ഗവ.ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട്, ഓക്സ്ഫോര്‍ഡ് സ്കൂള്‍ ഗ്രൗണ്ട്, എസ്.എന്‍.കോളേജ് ഗ്രൗണ്ട്, കന്റോണ്‍മെന്റ് മൈതാനം എന്നിവിടങ്ങളില്‍ ടീമുകള്‍ പ്രാക്ടീസ് ചെയ്യുന്നു.
ഒരേ സമയം 9 ടീമുകള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോട്ടല്‍ പ്രശാന്തി, കൈലാസ് ഹോട്ടല്‍, വൈ.എം.സി.എ ചിന്നക്കട, കാര്‍ത്തിക, അമ്പാടി, ഷൈന്‍, ഷാ ഇന്റര്‍നാഷണല്‍, രോഹിണി എന്നീ ടൂറിസ്റ്റ് ഹോമുകളിലാണ് ടീമംഗങ്ങളുടെ വിശ്രമം.
ഫെഡറല്‍ ബാങ്കിന്റെ ശാഖകള്‍ മുഖേനയാണ് ടിക്കറ്റ് വിതരണം ചെയ്യുന്നത്. കൂടാതെ ജില്ലാ ഫുട്ബോള്‍ ഓഫീസിലും കൊല്ലം ജില്ലാ ഫുട്ബോള്‍ അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബുകള്‍ മുഖേനയും മത്സരങ്ങള്‍ നടത്തുന്ന ദിവസങ്ങളില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന്റെ തെക്കുവശത്തും പടിഞ്ഞാറുവശത്തുമുള്ള കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാണ്.
സ്കൂള്‍ അധികൃതര്‍ മുന്‍കൂര്‍ അനുമതി വാങ്ങി സ്കൂള്‍ യൂണിഫോമില്‍ വരുന്ന കുട്ടികള്‍ക്ക് സ്റ്റേഡിയത്തിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങള്‍ കാണുന്നതിനായി വനിതകള്‍ക്ക് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്ത് പ്രത്യേക സൗകര്യമുണ്ട്. ഇതിലേയ്ക്ക് ഒരു ദിവസത്തേയ്ക്ക് 30 രൂപയും, സീസണ് ടിക്കറ്റിനായി 200 രൂപയും ഈടാക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓര്‍ഗനൈസിഗ് കമ്മിറ്റി ചെയര്‍ പേഴ്സണും കോര്പ്പറേഷന് മേയറുമായ പ്രസന്നാ ഏണസ്റ്റ്, പ്രസിഡന്റ് ഡോ.കെ.ശിവരാമകൃഷ്ണപിള്ള, ജനറല്‍ കണ്‍വീനര്‍ കെ.കെ.ഗോപാലകൃഷ്ണന്, ട്രഷറര്‍ ദ്വാരകാമോഹന്, സെക്രട്ടറി കെ.ഗംഗാധരന്, ജോയിന്റ് സെക്രട്ടറിമാരായ ജി.ചന്തു, ബി.രാജന്ദ്രന്, ഡേവിഡ് പി.എസ്, കെ.ഒ.ഷുഹൈബ് എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: