വര്‍ഷത്തില്‍ മുന്നൂറ്ററുപത്തഞ്ച് ദിവസം മഴ ലഭിക്കുന്ന സ്ഥലം. ‘ചെറാപുഞ്ചി’ക്ക് ഗിന്നസ് ബുക്കില്‍ ഇടംകിട്ടിയത് അതുകൊണ്ടാണ്. അക്ഷരാഭ്യാസം നേടിയവരെല്ലാം ചെറാപുഞ്ചിയെക്കുറിച്ച് കേട്ടിരിക്കും. 1972 ല്‍ ആസാമില്‍ നിന്നും വേര്‍പെടുത്തി മേഘാലയ സംസ്ഥാനം രൂപപ്പെട്ടപ്പോഴാണ് ചെറാപുഞ്ചി ആസാമില്‍ നിന്നും മാറിയത്. സമുദ്രനിരപ്പില്‍ നിന്നും 1313 മീറ്റര്‍ ഉയരമുള്ള പ്രദേശമാണിത്. ഏതുസമയത്തും മേഘാവൃതമായി കണ്ടിരുന്ന പ്രദേശമായകാലത്ത് മേഘാലയയായി. മേഘാലയയും ഇപ്പോള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. മേഘാലയയെപ്പോലെ നമ്മുടെ കൊച്ചുകേരളത്തിലും 365 ദിവസവും മഴ ലഭിച്ചിരുന്ന ഒരു ചെറുപ്രദേശമുള്ളതായി പോയ തലമുറയ്ക്കറിയാമായിരുന്നു. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് പോകുമ്പോള്‍ യാത്രയുടെ മധ്യഭാഗത്ത് ലക്കിടി എന്ന പ്രദേശമായിരുന്നു കേരളത്തിലെ ചിറാപുഞ്ചി. കേരളം മുഴുവന്‍ വരള്‍ച്ച ബാധിത പ്രദേശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ‘ലക്കിടി’ അതില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ല. ലക്കിടിക്ക് ഇന്നൊരു പ്രത്യേകതയുമില്ല. മേറ്റ്ല്ലാ പ്രദേശങ്ങളെപ്പോലെ അവിടെയും ഇന്ന് വരള്‍ച്ചയാണ്. ചെറാപുഞ്ചിയ്ക്കുണ്ടായ ഗതികേട് തന്നെയാണ് കേരളത്തിനുമുണ്ടായത്. അവിടെയും ഭൂമാഫിയയും വനംമാഫിയയും മണല്‍മാഫിയയും പിടിമുറുക്കിയപ്പോഴാണ് വനനശീകരണവും മണ്ണൊലിപ്പുമെല്ലാം സംഭവിച്ചത്.
പ്രകൃതിയിലെ വ്യതിയാനങ്ങള്‍ പോലെ മനുഷ്യരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലുമൊക്കെ ഉണ്ടാകുന്ന മാറ്റങ്ങള്‍ അവകാശവാദങ്ങളെ കീഴ്മേല്‍ മറിക്കും. പൊങ്ങച്ചങ്ങള്‍ തകര്‍ന്നടിയും. കരുതിയിരുന്നില്ലെങ്കില്‍ കാലമേല്‍പ്പിക്കുന്ന പരുക്ക് ഗുരുതരമായിരിക്കും. എന്തിനാണിപ്പോള്‍ ‘ചിറാപുഞ്ചി’യെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നത് എന്ന സംശയമുണ്ടാകാം. കേരളവും ഇന്ന് മേഘാലയത്തില്പ്പെട്ട ചിറാപുഞ്ചിയും തമ്മിലെന്ത് ബന്ധമെന്നും ചിന്തിച്ചേക്കാം. എളുപ്പം പറയാം. ‘കേരളം ദൈവത്തിന്റെ സ്വന്തം നാടാ’ണെന്നാണല്ലൊ ഔദ്യോഗിക വിശേഷണം. അങ്ങനെ പറയുന്നതില്‍ ഏതൊരു മലയാളിക്കും അഭിമാനമുണ്ട്.
അല്പം അഹന്തയും. മറ്റ് സംസ്ഥാനക്കാരെപ്പോലെയല്ല മലയാളിയെന്ന് അവകാശപ്പെടാറുണ്ട്. രണ്ടും മൂന്നും ചിലര്‍ അതിലധികവും പത്രങ്ങള്‍ വായിക്കും. രണ്ടുനേരം കുളിയും പല്ലുതേപ്പും. സാക്ഷരതയിലാണെങ്കില് ഒന്നാം നിരയില്‍. അതുകൊണ്ടുതന്നെ സംസ്കാരത്തിലും സഭ്യതയിലും മറ്റാരെക്കാളും മുന്നില്‍ നിയമനിര്‍മ്മാണങ്ങളിലും നിയമപരിഷ്ക്കാരങ്ങളിലും ഏറെ ശ്രദ്ധയും ശ്രമവും നടത്തുന്ന കേരളീയര്‍ രാജ്യത്തിനാകെ മാതൃകയും. ഈ പറയുന്നതൊന്നും അതിശയോക്തിയല്ല. ഇന്നോ? കേരളം സംസ്കാരത്തിന്റെയും സഭ്യതയുടെയും ശവപ്പറമ്പായിരിക്കുന്നു. കേരളത്തിന്റെ തനിപ്പകര്പ്പാണല്ലൊ 140 നിയമസഭാംഗങ്ങള്‍. ജനങ്ങള്‍ അവരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നത് തമ്മില്ഭേദപ്പെട്ടവരാണെന്നാണ് വയ്പ്. അവരുടെ കയ്യിരിപ്പുകളെന്തൊക്കെ എന്ന് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു.
കേരള നിയമസഭയുടെ ചരിത്രം ദീര്‍ഘമേറിയതാണ്. ഈ മാര്‍ച്ച് 10ന് നിയമസഭ രൂപീകരിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മയുടെ പ്രഖ്യാപനത്തിന് 125 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഗവര്‍ണറും നിയമസഭയും ചേര്‍ന്നതാണ് നിയമനിര്‍മ്മാണ സഭ. നിയമസഭ വിളിച്ചുകൂട്ടുന്നതും നിര്‍ത്തിവക്കുന്നതും പിരിച്ചുവിടുന്നതുമൊക്കെ ഗവര്‍ണറാണ്. സര്‍ക്കാരിന്റെ നയം പറയുന്നത് ഗവര്‍ണറാണ്. ഈ വര്‍ഷത്തെ നയം ഫെബ്രുവരി ഒന്നിനാണ് ഗവര്‍ണര്‍ പ്രസംഗത്തിലൂടെ പറഞ്ഞത്. അതിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം സഭയില്‍ സാധാരണ അവതരിപ്പിക്കും. മൂന്നുദിവസം അതിനെക്കുറിച്ച് ഇരുഭാഗത്തെയും അംഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഇത്തവണ ഫെബ്രുവരി 4ന് ചീഫ് വിപ്പ് പി.സി.ജോര്‍ജായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
പ്രമേയത്തെക്കുറിച്ച് വിശദീകരിക്കാനൊന്നും ജോര്‍ജ്ജിന് കഴിഞ്ഞില്ല. രണ്ടുവരി പ്രമേയം വായിച്ച് നിര്‍ത്തേണ്ടിവന്നു. സാധാരണ നിലയില്‍ സഭയുടെ മൂന്നിലൊന്നുപേരെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കുമായിരുന്നു. പക്ഷേ മൂന്നോനാലോ പേര് മാത്രമാണ് പ്രമേയത്തെക്കുറിച്ച് സംസാരിച്ചത്. പ്രമേയം പാസ്സാക്കിയതായി സ്പീക്കര്‍ പ്രഖ്യാപിക്കുമ്പോള്‍ കുരവയിടുംപോലെ പ്രതിപക്ഷത്തിന്റെ ബഹളവും മുദ്രാവാക്യങ്ങളുമായിരുന്നു. സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ നിരത്താനും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാനും ഉപകരിക്കേണ്ട അവസരം നഷ്ടപ്പെട്ടത് അനാവശ്യ ബഹളത്തെ തുടര്ന്നാണെന്നൊന്നും പറയുന്നില്ല. പക്ഷേ എവിടെയോ ആര്‍ക്കൊക്കെയോ പിഴവുപറ്റി. തീര്‍ച്ചയായും സര്‍ക്കാരാണ് കുറച്ചുകൂടി മിതത്ത്വം പാലിക്കേണ്ടിയിരുന്നത്. അതുണ്ടായില്ല എന്നതിന്റെ ഒന്നാന്തരം തെളിവ് ചീഫ് വിപ്പിന്റെ പെരുമാറ്റം തന്നെയായിരുന്നു. ‘വായില്‍ വന്നത് കോതയ്ക്ക് പാട്ട്’ എന്ന രീതി എംഎല്‍എമാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ചീഫ് വിപ്പിനെ പോലൊരു പദവിയിലിരിക്കുന്ന ഒരാള്‍ പ്രത്യേകിച്ചും.
പി.സി.ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സുണ്ട് എന്ന ഭാവത്തിലാണ്. സിപിഎമ്മിലെ എം.വി.ജയരാജന് പഠിക്കുകയാണദ്ദേഹം. സഭയ്ക്കകത്തും പുറത്തും പി.സി.ജോര്‍ജ് വിളിച്ചുപറയുന്ന കാര്യങ്ങള്‍ സ്വന്തം കക്ഷിക്കും മുന്നണിക്കും ഉണ്ടാക്കുന്ന പരുക്ക് ചെറുതല്ല. ഇതുവരെ ജോര്‍ജ് മൂക്ക് വികസിപ്പിക്കുമ്പോള്‍ മിണ്ടാതിരുന്നവര്‍ക്ക് ഇന്നലെ പൊട്ടിത്തെറിക്കേണ്ടിവന്നു. ജോര്‍ജിന്റെ പെരുമാറ്റത്തെക്കുറിച്ച് സഭയില്‍ പ്രതിപക്ഷനേതാവ് ഉപക്ഷേപം ഉന്നയിക്കുകയായിരുന്നു.
പ്രതിപക്ഷ എംഎല്‍എമാരെ അപമാനിക്കും വിധം പരാമര്‍ശം നടത്തിയതില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. “താനൊരു ഗ്രാമീണനാണ്, ഗ്രാമീണ ഭാഷയില്‍ സംസാരിച്ചപ്പോള്‍ തന്റെ വായില്‍ നിന്നു തെണ്ടികള് എന്ന വാക്കു വന്നു പോയതാണ്. ആരെയും അപമാനിക്കുന്നതിനു ബോധം പൂര്‍വം ശ്രമിച്ചിട്ടില്ല.” ജോര്‍ജ് പറഞ്ഞതിങ്ങനെയാണ്. ഗ്രാമീണര്‍ ആരും എംഎല്‍എമാരെ തെണ്ടികളെന്ന് വിളിക്കാറില്ലെന്ന കാര്യം ജോര്‍ജ്ജ് അറിയാഞ്ഞിട്ടല്ല.
ജോര്‍ജ് മാപ്പ് പറയുകയോ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ വേണം. പി.സി.ജോര്‍ജ് സാമൂഹ്യമര്യാദ ലംഘിക്കുന്നു. ഇതു സഭയോടുളള മര്യാദകേടാണെന്നും സബ്മിഷനില്‍ പറഞ്ഞിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചു. അനാഥാലയങ്ങളില്‍ താമസിക്കുന്ന കുട്ടികളെ ജാരസന്തതികള്‍ എന്ന ധ്വനിയോടെ പരാമര്‍ശിച്ചു. എ.കെ.ബാലനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചു. തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ വി.എസ്. സബ്മിഷനില്‍ നിരത്തി. എന്നാല്‍ സൂര്യനെല്ലി പെണ്‍കുട്ടിയെയും അനാഥാലയങ്ങളിലെ കുട്ടികളെയും താന്‍ അപമാനിച്ചിട്ടില്ലെന്നു ജോര്‍ജ് വിശദീകരിക്കുകയുണ്ടായി. ഇതില്‍ തൃപ്തിയാകാതെ ചീഫ് വിപ്പിനെതിരെ നടപടി ആവശ്യപ്പെട്ടു പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭാനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പ്രതിപക്ഷത്തെ നാല് വനിതാ അംഗങ്ങള്‍ വരുത്തിവച്ച നാണക്കേട് തീര്‍ക്കാന്‍ ജോര്‍ജിനെ പിടികൂടിയത് സഹായിച്ചു എന്നാശ്വസിക്കാമെങ്കിലും സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറി ആക്രോശിച്ച അപരാധം പ്രതിപക്ഷത്തിന് കഴുകിക്കളയാനാവുകയേയില്ല. നാല് വനിതാ എംഎല്‍എമാരെ സ്പീക്കര്‍ക്ക് ശാസിക്കേണ്ടി വന്നു. കെ.കെ.ലതിക, ഐഷാപോറ്റി, കെ.എസ്.സലീഖ, ജമീലാപ്രകാശം എന്നിവര്‍ക്കാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ശാസന കിട്ടിയത്.
സ്പീക്കറുടെ വേദിയിലെത്തി പ്രതിഷേധിച്ചവര്‍ സഭയെ അനാദരിച്ചു എന്നുതന്നെയാണ് സ്പീക്കറുടെ നിലപാട്. സഭയുടെ നടപടിക്രമങ്ങള്‍ക്ക് അംഗീകരിക്കാനാകാത്ത കടുത്ത അച്ചടക്ക ലംഘനമാണ് ഉണ്ടായത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തി. മുന്‍പു സഭയില്‍ ഉണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഭയ്ക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒഴിവാക്കിയത് മുതലെടുത്താണു വനിതാ സാമാജികര്‍ പെരുമാറിയത്. അംഗങ്ങളുടെ പെരുമാറ്റത്തെ കക്ഷിനേതാക്കള്‍ നിയന്ത്രിക്കാതിരുന്നത് ഖേദകരമായി. ഈ സമ്മേളനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സഹകരിക്കണമെന്നു കക്ഷിനേതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടാകുന്നില്ല. സ്പീക്കര്‍ ജി. കാര്ത്തികേയന് പറയേണ്ടിവന്നു. നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്ന് എല്ലാവരും പറയാറുണ്ട്. അമ്പലം പൊളിച്ച് ആ സ്ഥലത്ത് കപ്പനടണം എന്നാവശ്യപ്പെടുന്നവര്‍ക്ക് എന്ത് ശ്രീകോവില്‍. അമ്പലം വിഴുങ്ങാന്‍ വരുന്ന ചെകുത്താന് മുന്നില്‍ വാതിലടച്ചിട്ടെന്ത് ഫലം എന്ന് ചോദിക്കാറുണ്ട്. ഈ സഭയുടെ കാലത്തുതന്നെയാണല്ലൊ വനിതാ വാച്ച് ആന്റ് വാര്‍ഡിനെ നിയമസഭാ അംഗം കയ്യേറ്റം ചെയ്തു എന്ന ആരോപണമുയര്‍ന്നത്. തുടര്‍ന്ന് നിയമസഭയ്ക്കകത്തും പുറത്തും മോങ്ങിയ യുവ എംഎല്‍എയുടെ നടപടി വിമര്‍ശന വിധേയമായതാണ്. നേരത്തെ മുണ്ടുപൊക്കലും മുഷ്ടിചുരുട്ടലും മാത്രമല്ല തമ്മിലടിയും സഭ കണ്ടതാണ്. എന്നാല്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തെത്തി കൈചൂണ്ടി വനിതാ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതിന് സമാനമായ സംഭവം നടന്നിട്ടേയില്ല. ചിറാപുഞ്ചിയില്‍ മഴയില്ലാതായതുപോലെ സംസ്കാരസമ്പന്നമായ കേരളത്തില്‍ ‘സംസ്കാരം’ കുടിയിറങ്ങി.
** കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: