ന്യൂദല്‍ഹി: ലഷ്കറെ തൊയ്ബ ഭീകരനും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയുമായ ഹഫീസ് സെയ്ദിന് പാക്കിസ്ഥാനില്‍ സംരക്ഷണം നല്‍കുന്നത് പാക് സൈനികര്‍. ലാഹോറില്‍ സയിദ് കഴിയുന്ന കൊട്ടാരത്തിന് ചുറ്റും കാവല്‍ നില്‍ക്കുന്നത് സദാ കര്‍മനിരതരായ പാക് സൈനികരാണെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രമാണ് വെളിപ്പെടുത്തിയത്. ലഷ്കറിന്റെ നിഴല്‍ സംഘടനയായ ജമാ അത്ത് ഉദ്ദവയുടെ ഓഫീസും വലിയൊരു മുസ്ലീംപള്ളിയും സയിദ് താമസിക്കുന്ന കൊട്ടാരവളപ്പിലുണ്ട്. അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലോടെ ഹഫീസ് സെയ്ദിന് സംരക്ഷണം നല്‍കുന്നില്ലെന്ന പാക് സര്‍ക്കാരിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.
വിധ്വംസക പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അമേരിക്ക 55 കോടി വിലയിട്ടിരിക്കുന്ന ലഷ്കര്‍ ഇ തൊയിബ തലവന്‍ ഹഫീസ് മുഹമ്മദ് സെയ്ദ് പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒബാമ സര്‍ക്കാരിനെ വെല്ലുവിളിച്ചുള്ള ഹാഫീസിന്റെ പ്രസ്താവനകളും പത്രം പുറത്തുവിട്ടു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ലഷ്കറിന്റെ പരിപാടികളെ കുറിച്ചും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. മുംബൈ ഭീകരാക്രമണം, ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണമുള്‍പ്പെടെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ കൂടിയാണ് ഹാഫീസ്.
സ്തുതിപാടകര്‍ക്കും സ്വകാര്യ സെക്യൂരിറ്റിക്കാര്‍ക്കും പുറമേ പാക്കിസ്ഥാന്റെ സുരക്ഷാ വലയവും സെയ്ദ് താമസിക്കുന്ന ലാഹോറിലെ വീട്ടിലും പരിസരത്തും പുറത്തുമുണ്ട്. എന്റെ വിധി ഈശ്വരന്റെ കൈയ്യിലാണ്. അമേരിക്കയുടെ കൈയ്യിലല്ല. വസതിയില്‍ വച്ച് ന്യൂയോര്‍ക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ സെയ്ദ് അമേരിക്കയെ വെല്ലുവിളിച്ചു. സാധാരണക്കാരെ പോലെ സൗകര്യമായിട്ടാണ് താന്‍ പാക്കിസ്ഥാനില്‍ വിഹരിക്കുന്നതെന്ന് പറഞ്ഞ് തുടങ്ങുന്ന അഭിമുഖം അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്മാറിയാലുണ്ടായേക്കാവുന്ന ലഷ്കറിന്റെ രാഷ്ട്രീയ പ്രവേശനം വരെ ലേഖനത്തില്‍ പറയുന്നുണ്ട്.
ഭീകരവാദികളില്‍ നിന്നും അകന്നെന്നാണ് സൈന്യം പറയുന്നത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ഭീഷണി രാജ്യത്തിനുള്ളില്‍ തന്നെയുള്ള ഭീകരവാദമാണെന്ന് പാക് സൈന്യാധിപന് അഷ്ഫഖ് പര്‍വേസ് കയാനി പറഞ്ഞിരുന്നു. സമാന്തര സര്‍ക്കാരിനെ പാക്കിസ്ഥാനില്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സെയ്ദിന്റെ ഈ സ്വതന്ത്ര റോന്തു ചുറ്റല് സൈന്യത്തിന്റെ വാദത്തെ മുഴുവനും തള്ളിക്കളയുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയുടെ നോട്ടപുള്ളിയായിട്ടും പൊതു പരിപാടികളിലും പൊതു ചര്‍ച്ചകളിലും ഇയാള്‍ പതിവുകാരനാണ്. കഴിയാവുന്നത്ര അഭിമുഖങ്ങളും വാര്‍ത്തകളും കൊടുക്കുകയാണ് ലക്ഷ്യം. ഭീകരപ്രവര്‍ത്തനം കൊണ്ട് ലോകശ്രദ്ധ നേടാന്‍ കഴിഞ്ഞതായി സെയ്ദ് പറഞ്ഞു. ഒളിവില്‍ കഴിയുന്നവരുടെ തലയ്ക്കല്ലേ വില പ്രഖ്യാപിക്കേണ്ടതെന്ന് പരസ്യമായി ‘ന്യൂയോര്‍ക്ക് ടൈംസി’നോട് അയാള്‍ ചോദിച്ചു. താന്‍ ഒളിവിലല്ലായെന്നും സ്വതന്ത്രനായി വിഹരിക്കുകയാണെന്നും സെയ്ദ് പറഞ്ഞു. ഒബാമ സര്‍ക്കാരിനും വില പ്രഖ്യാപനത്തിനും നേരെയുള്ള കൊഞ്ഞണംകുത്തലാണ് സെയ്ദിന്റെ പ്രസ്താവനയെന്ന് പത്രം എഴുതി. ഐക്യരാഷ്ട്ര സഭയുടെ ഭീകരവാദ പട്ടികയിലും ഇയാളുടെ പേരുണ്ട്. കൂടാതെ സംഘടനയ്ക്കും സഭ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണക്കേസില്‍ താന്‍ നിരപരാധിയാണെന്ന് പാക്കിസ്ഥാന്റെ പരമോന്നത നീതി പീഠം കണ്ടെത്തിയിട്ടുണ്ട്. പിന്നെന്തുകൊണ്ട് അമേരിക്കയ്ക്ക് തങ്ങളുടെ നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചുകൂടായെന്നും സയിദ് ചോദിച്ചു. അമേരിക്കയോട് എനിക്ക് എതിര്‍പ്പില്ല. 1994 ല്‍ ഹൂസ്റ്റണ്‍, ചിക്കാഗോ, ബോസ്റ്റണ്‍ തുടങ്ങിയിടങ്ങളില്‍ മതപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് കശ്മീരില്‍ ഇന്ത്യന്‍ ഭടന്മാരെ ആക്രമിക്കുന്നതിലായിരുന്നു സെയ്ദിന്റെ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അന്ന് പാക് ചാര സംഘടനയായ ഐഎസ്ഐയും സഹായിച്ചിരുന്നതായി സെയ്ദ് പറഞ്ഞു. എന്നാല്‍ 10 വര്‍ഷങ്ങള്‍ മുമ്പ് ഈ ബന്ധം തകര്‍ന്നു. പിന്നെ ലഷ്കര്‍ അറിയപ്പെട്ടിരുന്നത് സന്നദ്ധ സഹായ സംഘടനയുടെ പേരിലായിരുന്നു. ജമാഅത്ത് ഉദ്ദവയ്ക്ക് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി സ്കൂളുകളും ആശുപത്രികളും നടത്തുന്നുണ്ട്. വലതുപക്ഷ വിഭാഗക്കാര്‍ അടങ്ങിയ പാക്കിസ്ഥാന് ഡിഫന്‍സ് കൗണ്‍സിലില്‍ സെയ്ദിന്റെ സ്വാധീനമുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയാല് ലഷ്കര്‍ പൂര്‍ണ്ണമായി മടങ്ങിയെത്തുന്നത് കശ്മീര്‍ മണ്ണിലേക്കാകുമെന്നും പത്രം പറയുന്നു. അങ്ങനെയെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാനും സെയ്ദ് ശ്രമിക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ലഷ്കറില് നിന്നും ചിലര്‍ പല വഴി പിരിഞ്ഞു. മറ്റു ചിലര്‍ക്ക് സൈന്യം പറയുന്നത് കേള്‍ക്കാനാണ് ഇഷ്ടം.
ജിഹാദി വിഭാഗക്കാരുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തിയെന്ന് സൈന്യാധിപര്‍ പറയുന്നുണ്ടെങ്കിലും ജിഹാദികളമായി സൈന്യം ഇപ്പോഴും ബന്ധം പുലര്ത്തുന്നതായിട്ട് തെളിവുകളുള്ളതായും പത്രം പറയുന്നു.
പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവും ഇതു ശരിവയ്ക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ലഷ്കറുടെ പരിശീലന കേന്ദ്രങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ സജിവമാണത്രേ. ഈ ക്യാമ്പുകളുടെ ഉല്‍പ്പന്നമാണ് മുംബൈ ഭീകരാക്രണത്തിന്റെ പിന്നിലും അമേരിക്കയിലെ വിവിധയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പാക് വംശജനായ അമേരിക്കക്കാരന് ഡേവിഡ് ഹെഡ്ലി. ഇയാളെ ചിക്കാഗോ കോടതി 35 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്.
** ലക്ഷ്മി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: