‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം കേരളത്തിന് ചാര്‍ത്തിക്കിട്ടിയതിന് പിന്നിലുള്ള ഒരു കാരണം നമ്മുടെ നാട്ടിലെ ജലസമൃദ്ധിയായിരുന്നു. എവിടെ കുഴിച്ചാലും വെള്ളംകിട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്ന് സംഗതി പാടെ മാറി. ഇപ്പോള്‍ കേരളം കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്.
പാടങ്ങള്‍ നെല്ലുല്‍പ്പാദനത്തിന്റെ കേന്ദ്രങ്ങളാണ്. നെല്‍വയലുകള്‍ സ്വാഭാവിക തണ്ണീര്‍ത്തടങ്ങളുടെ ധര്‍മവും നിര്‍വഹിക്കുന്നു. നെല്‍വയലുകളും കുളങ്ങളും മനുഷ്യനിര്‍മിതമായ തോടുകളും തോട്ടിറമ്പുകളിലും പാടശേഖരങ്ങളുടെ അതിരുകളിലും വളരുന്ന സസ്യജാലങ്ങളും ഉള്‍പ്പെട്ട ഈ തണ്ണീര്‍ത്തടങ്ങള്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച ഒരു ജൈവ ആവാസ വ്യവസ്ഥയായി പ്രവര്‍ത്തിക്കുന്നു. ഈ നെല്‍വയലുകള്‍ ജലലഭ്യതയില്‍ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ട്. അന്തരീക്ഷ ആര്‍ദ്രത നിലനിര്‍ത്തുന്നതിലും ഭൂഗര്‍ഭജലം പുനഃസംഭരിക്കുന്നതിലും കുളങ്ങളിലേക്കും കായലുകളിലേക്കും സ്വതന്ത്രമാക്കുന്നതിലും അവ പ്രമുഖമായ പങ്കുവഹിക്കുന്നുണ്ട്.
നെല്ച്ചെടികളില്നിന്നുള്ള സ്വേദന ബാഷ്പീകരണത്തിലൂടെ നെല്‍വയലുകളില്‍നിന്നും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന അളവില്‍ ജല ബാഷ്പങ്ങള് എത്തുന്നുണ്ട്. അന്തരീക്ഷത്തില്‍ ജല ബാഷ്പങ്ങളുടെ ഉയര്‍ന്ന അളവിലുള്ള സാന്നിദ്ധ്യം പ്രാദേശികമായി മഴകളെ അനുകൂലമായി സ്വാധീനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുഴയോരക്കാടുകള്‍, കൈതയും മറ്റും മുറ്റി വളര്‍ന്നിരിക്കുന്ന തോട്ടിറമ്പുകള്‍, മഴവെള്ളം സംഭരിച്ചിരുന്ന കുണ്ടുകള്‍, ചതുപ്പുകള്‍, കുളങ്ങള്‍, നിത്യഹരിത വനത്തിന്റെ ചെറുപതിപ്പുകളായ കാവുകള്‍, സസ്യനിബിഡമായ അവയുടെ അതിരുകള്‍ എന്നിവയെല്ലാം ജലം സംഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ ചെങ്കല്‍ കുന്നുകള്‍ക്കും സ്വയമേവ ധാരാളം വെള്ളം സംഭരിക്കാനുള്ള കഴിവുണ്ട്. ‘ഒട്ടകത്തിന്റെ പൂഞ്ഞ ചെയ്യുന്ന ധര്‍മ്മം തന്നെയാണ്’ ഭൂമിയുടെ പൂഞ്ഞകളെന്ന് വിശേഷിപ്പിക്കാവുന്ന കുന്നുകളും നിര്‍വഹിക്കുന്നത്. ലാറ്ററൈറ്റില്‍ അഥവാ ചെങ്കല്ലില്‍ സുഷിരങ്ങളുണ്ടായിരിക്കും. ഈ സുഷിര ങ്ങളിലൂടെ വെള്ളം കിനിഞ്ഞിറങ്ങും. ഉപരിതലത്തിലെ ജൈവ പദാര്‍ത്ഥങ്ങളുമായി കലരുന്ന വെള്ളം അമ്ലതയുള്ളതായി തീരും. ഇത് കീഴടരുകളിലെ കാല്‍സ്യം നിക്ഷേപങ്ങളെ നീക്കം ചെയ്യുകയും വിള്ളലുകളും അറകളും രൂപപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യും. മഴവെള്ളം ഈ അറകളില്‍ സംഭരിക്കപ്പെടും. ഇവ വെള്ളത്തിന്റെ ഭൂഗര്‍ഭ സംഭരണിയായി പ്രവര്‍ത്തിക്കുന്നു. തത്ഫലമായിട്ടാണ് ഇത്തരം കുന്നുകളില്‍നിന്ന് ഉറവകളും അരുവികളും പുറപ്പെടുന്നത്.
ഇത്രയും പാരിസ്ഥിതിക പ്രാധാന്യമുള്ള കാര്യങ്ങള്‍ സവിസ്തരം പറഞ്ഞത് ലോകപൈതൃക (യുനെസ്കോ) ഗ്രാമമായ ആറന്മുളയുടെ പരിസ്ഥിതിയെക്കുറിച്ച് സൂചിപ്പിക്കാനാണ്. നെല്‍വയലുകള്‍, ചെങ്കല്‍ കുന്നുകള്‍, കാവുകള്‍, കുന്നുകളില്‍ നിന്നുല്ഭവിക്കുന്ന തോടുകള്‍, നിരവധി പക്ഷിസങ്കേതങ്ങള്‍ എന്നിവയുള്‍പ്പെടെ അതിപ്രധാന ജൈവ പാരിസ്ഥിതിക മേഖലയായ ആറന്മുളയില്, പാര്‍ത്ഥസാരഥി ക്ഷേത്രത്തോട് ചേര്‍ന്നുള്ള അഞ്ഞൂറില്‍പ്പരം ഏക്കര്‍ പുഞ്ചപ്പാടങ്ങള്‍ സമീപസ്ഥലമായ ചെങ്കല്‍കുന്നുകള്‍ ഇടിച്ചുനിരത്തി വിമാനത്താവളത്തിനായി നിരപ്പാക്കിയിരിക്കുന്ന കാഴ്ച ഏവരുടേയും കരളലിയിക്കുന്നതാണ്. ടിപ്പറുകള്‍ കൊണ്ട് ‘ചിരണ്ടി’യെടുത്ത ചെങ്കല്‍കുന്നുകളുടെ ശേഷിപ്പുകള്‍ അവിടവിടെയായി ഉയര്‍ന്നുനില്‍പ്പുണ്ട്. ഇനിയും ആയിരത്തില്‍പ്പരം ഏക്കര്‍ പാടശേഖരങ്ങള്‍ നികത്താനാണ് ആറന്മുള വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല വഹിക്കുന്ന കെജിഎസ് ഗ്രൂപ്പിന്റെ നീക്കം.
കടുവയുടെ ആവാസ കേന്ദ്രമായ റോട്ടന്ടന്വാലി (777 ച.കി.മീറ്റര്‍) ഈ വിമാനത്താവള പരിധിയ്ക്കുള്ളിലാണ്. (ഫോറസ്റ്റ് മാനുവല്‍ അനുസരിച്ച്) ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം ആറന്മുള വിമാനത്താവളത്തിന്റെ താഴ്ന്നു പറക്കല്‍ പരിധി(50 കി.മീറ്റര്‍)യില്‍ പെടുന്നതാണ്. പറന്നുയരാനും ഇതേ മാര്‍ഗവും ദിശയും തന്നെയാണ് ആശ്രയം. ഫലമോ? കടുവാ സംരക്ഷണ മേഖലയുടെ നാശം. കടുവകള്‍ നാട്ടിലിറങ്ങും.
വിമാനത്താവളത്തിന്റെ പറക്കല്‍ പരിധി പക്ഷി നിരോധിത മേഖലയാണ്. ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ വൈവിധ്യമാര്‍ന്ന പതിനായിരക്കണക്കിന് പക്ഷിക്കൂട്ടങ്ങള്‍ എയര്ഗണ്ണുകള്ക്കിരയാകും. നെടുമ്പാശ്ശേരിയും കൊച്ചി നാവിക വിമാനത്താവളവും ഇത്തരം നടപടികള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചു കഴിഞ്ഞു. ഒരുകാലത്ത് കൊച്ചിയില്‍ സര്‍വസാധാരണമായിരുന്ന കാക്കകളും അടയ്ക്കാ കുരുവികളും മൈനകളും കൊക്കുകളും ഇന്ന് കണ്‍വെട്ടത്ത് കാണാനേയില്ല.
നെടുമ്പാശ്ശേരി എയര്‍ കണ്ട്രോള് കേന്ദ്രം തട്ടേക്കാട് പക്ഷി സങ്കേതത്തിലാണ്. ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായിരുന്ന സലിം അലിയുടെ പേരിലുള്ള തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ 485 ഇനം പക്ഷികള്‍ ഉണ്ടായിരുന്നു. കേരള സര്‍ക്കാര്‍ വനം വകുപ്പിന്റെയും കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെയും പ്രത്യേക ഉത്തരവിലൂടെ ഈ പ്രദേശം പക്ഷി സങ്കേതമായി പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.
കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ട് ജലാശയത്തോട് ചേര്‍ന്ന് ഇടുക്കി ജില്ലയുടെ അതിര്‍ത്തിയിലുള്ള ഈ കേന്ദ്രം ഇന്ന് ശവപ്പറമ്പാണ്. ഒരു പക്ഷിയും അവശേഷിക്കുന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുയരുന്നതും വന്നിറങ്ങുന്നതുമായ എല്ലാ വിമാനങ്ങളും എയര്‍ കണ്ട്രോള് കേന്ദ്രത്തെ വട്ടമിട്ട് പറക്കാന്‍ തുടങ്ങിയതോടെ ഭീതിജനകമായ ശബ്ദം കാരണം സകല പക്ഷികളും ആവാസകേന്ദ്രം ഉപേക്ഷിച്ചു.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ സ്വര്‍ണ കൊടിമരം ബോയിങ് വിമാനങ്ങളുടെ പറക്കല്‍(500 മീറ്റര്‍) പരിധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ കൃഷി വികസന പദ്ധതി രേഖകളനുസരിച്ച് പത്തനംതിട്ട ജില്ലയിലെ ആറന്മുള, തിരുവല്ല, പന്തളം താലൂക്കുകളില്‍ നെല്‍കൃഷി നടക്കുന്നുണ്ട്. 407 ലക്ഷം രൂപ 2007-08 ലും 927 ലക്ഷം രൂപ 2009-10 ലും അനുവദിച്ചിരുന്നു. 2010-13 വര്‍ഷങ്ങളിലായി 2405 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. പത്തനംതിട്ട ജില്ലാപ്ലാനിങ് കമ്മറ്റി രേഖകള്‍ ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
നെല്‍വയലുകള്‍ മൂടിയതും ചെങ്കല്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയതും കോഴിത്തോട് മൂടിയതും ആറന്മുള വിമാനത്താവളത്തിനായിട്ടാണ്. ഇത് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. വെറും 250 കോടിയുടെ സ്വത്ത് മാത്രമുള്ള കെജിഎസ് ഗ്രൂപ്പിനെ 1500 കോടിയുടെ വിമാനത്താവളം ലോക പൈതൃക ഗ്രാമത്തെ താറുമാറാക്കിക്കൊണ്ട് നിര്‍മിക്കാന്‍ അനുവദിച്ച കേരളാ ഗവണ്മെന്റ് നടപടി എങ്ങനെയാണ് ന്യായീകരിക്കാനാവുക?
പലയിടത്തായി കിടക്കുന്ന തുണ്ടു ഭൂമികള്‍ തുടര്‍ച്ചയായ പ്രദേശത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വിവിധ തരത്തിലുള്ള അനുമതികള്‍ നേടിയെടുത്തത്. റവന്യൂ വകുപ്പ് ഇവിടം തണ്ണീര്ത്തടങ്ങളാണെന്നും ഭൂപരിഷ്ക്കരണ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.
പാടശേഖരങ്ങളും കാവുകളും തണ്ണീര്‍ത്തടങ്ങളും കോഴിത്തോടും ചെങ്കല്‍കുന്നുകളും നശിപ്പിച്ചത് ആയിരത്തി അഞ്ഞൂറിലധികം ഏക്കര്‍ ഏറ്റെടുക്കുന്നത് ഭീമന്മാരായ എയര്‍ ബസ് വരെ ഇറങ്ങാവുന്ന വിമാനത്താവളത്തിനായി മാത്രമല്ല, പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയത്തിനും അന്താരാഷ്ട്ര സ്കൂളിനും മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനും റിസോര്‍ട്ടുകള്‍ക്കും കൂടിയാണെന്ന് കെജിഎസ് ഗ്രൂപ്പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
അരുണ്‍ കുമാര്‍ കെ.എസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: