ചെന്നൈ: നടനും സംവിധായകനുമായ കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപത്തിന് തമിഴ്നാട്ടിലെ തീയറ്റുകളില്‍ ഗംഭീര വരവേല്‍പ്പ്. രാവിലെ 5 മുതല്‍ക്കെ തീയറ്റുകള്‍ ജനക്കൂട്ടം കയ്യടക്കുകയാണ്. ഫെബ്രുവരി 14 വരെയുള്ള ടിക്കറ്റുകള്‍ ഒന്നൊഴിയാതെ വിറ്റുപോകുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ വിജയത്തിന് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കാന്‍ വൈകിയത് ആദ്യ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെങ്കിലും ഇതിനെച്ചൊല്ലിയുണ്ടായ വിവാദം ജനങ്ങള്‍ പറഞ്ഞ് പ്രചരിപ്പിച്ചു. എന്നാല്‍ അനുകൂല റിവ്യൂകളുണ്ടായതും കമല്ഹാസന് ഫാന്‍സുകളുടെ ഇടപെടലും സഹായിച്ചു. മാത്രമല്ല കടല്‍, ഡേവിഡ് എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടതും സഹായകമായി.
തീയറ്റര്‍ ഉടമകള്‍ വിശ്വരൂപത്തിനു വേണ്ടി വലിയ സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. ചിത്രം ആദ്യം 524 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും അവസാനം സംസ്ഥാനത്തെമ്പാടുമുള്ള 600 തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. കുടുംബാംഗങ്ങളുമൊത്ത് സ്വന്തം വീട്ടില്‍ ഒരുക്കിയ പ്രത്യേകപ്രദര്ശനത്തിലാണ് നടന് രജനീകാന്ത് ചിത്രം കണ്ടത്. തീയറ്ററുകള്‍ക്ക് മുന്നില്‍ അതിരാവിലെ മുതല്‍ പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളം മുഴക്കിയും ഹര്‍ഷാരവത്തോടെയാണ് കമല്‍ഹാസന്റെ ഫാന്‍സ് അംഗങ്ങള്‍ ചിത്രത്തെ എതിരേറ്റത്. കമലിന്റെ കൂറ്റന്‍ കട്ടൗട്ടുകളില്‍ അവര്‍ പാലഭിഷേകവും നടത്തി.
സാങ്കേതികമായി മികവ് പുലര്‍ത്തുന്ന ചിത്രം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതാണെന്ന് കമലിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പറയുന്നു. ചിത്രം ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുന്നു. കമല്‍ ഇന്ത്യന്‍ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയതായും അതിന് അഭിനന്ദിക്കേണ്ടതാണെന്നും തീയറ്ററിനു പുറത്തുവച്ച് ഒരാരാധകന് പറഞ്ഞു.
ജനുവരി 25നാണ് ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുസ്ലീം മതമൗലികവാദികളുടെ എതിര്‍പ്പുമൂലം രണ്ടാഴ്ച വൈകുകയായിരുന്നു. കമല്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകളെത്തുടര്‍ന്ന് ചില ഭേദഗതികളോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തു.
വിശ്വരൂപ പനി പിടിപെട്ടിരിക്കുകയാണെന്ന് ചിത്രം കണ്ട ശേഷം നടി ഖുശ്ബു ട്വീറ്റ് ചെയ്തു. ചിത്രം കണ്ടാല്‍ മാത്രമേ അത് വിശ്വസിക്കാന്‍ കഴിയൂ. അതിനാല്‍ ഒരിക്കലും വിട്ടുകളയരുത്. ഒരു കമല്‍ മറ്റൊരു കമലിനെ മറികടക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സംവിധായകന് നടനെ കവച്ചു വയ്ക്കുന്നത് കാണാന്‍ കഴിയും, അവര്‍ ട്വിറ്ററില്‍ കുറിച്ചു. സിനിമാ നിരൂപകര്‍ക്കും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം തന്നെയാണുള്ളത്. പ്രത്യേകിച്ചും സാങ്കേതികത്തികവിനെക്കുറിച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: