ടുനീസ്: ടുണീഷ്യയില്‍ പ്രതിപക്ഷപാര്‍ട്ടിയായ ഡമോക്രാറ്റിക് പാട്രിയറ്റ്സ് നേതാവ് ചോക്രി ബെലയ്ദ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്നു. ബെലയ്ദയുടെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇസ്ലാമിക സര്‍ക്കാരിനെ പിരിച്ചുവിട്ട് ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ഹമാദി ജബലി പ്രഖ്യാപിച്ചിരുന്നു. പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. എന്നാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ജബാലിയുടെ ആഹ്വാനത്തില്‍ ഉറച്ച തീരുമാനമെടുത്തിട്ടില്ലെന്ന് ഭരണകക്ഷിയായ എന്നഹ്ദ നേതാക്കള്‍ പറഞ്ഞു. മന്ത്രിസഭ പരിച്ചുവിടുന്ന കാര്യത്തില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് എന്നഹ്ദ എക്സിക്യൂട്ടീവ് ബ്യൂറോ അംഗം അബ്ദല്‍ ഹമീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ രാജ്യം ഭരിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് ജബലി പ്രഖ്യാപിച്ചിരുന്നത്.
പ്രതിപക്ഷ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു കൊല്ലപ്പെട്ട ചോക്രി ബെലയ്ദ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങവേ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ചോക്രിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പാട്രിയറ്റ്സ് പ്രവര്‍ത്തകര്‍ തലസ്ഥാനമായ തൂനിസില്‍ പ്രകടനം നടത്തിയിരുന്നു. എന്നഹ്ദ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശമുന്നയിച്ചിരുന്ന ചോക്രി ബെലയ്ദിന് മുമ്പും വധഭീഷണിയുണ്ടായിട്ടുണ്ട്. ചോക്രിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. തീവ്രവാദ നിലപാടുള്ള സലാഫിസ്റ്റ് ഗ്രൂപ്പായിരിക്കും പിന്നിലെന്നാണ് നിഗമനം. എന്നാല്‍ തിരക്കിട്ട് നിഗമനത്തിലെത്തരുതെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും ജബലി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനകീയ പ്രക്ഷോഭങ്ങളിലൂടെ അധികാരകൈമാറ്റം നടന്നതിന് ശേഷം ആദ്യമായാണ് തുണീഷ്യയില്‍ പ്രമുഖ നേതാവ് കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: