ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. നിര്‍മാണ, കാര്‍ഷിക, സേവന മേഖലകളിലെ മോശം പ്രകടനമാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമായി വിലയിരുത്തുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ അനുമാനം. കേന്ദ്രത്തിന്റേയും റിസര്‍വ് ബാങ്കിന്റേയും അനുമാനത്തില്‍ താഴെയാണിത് എന്നതാണ് ശ്രദ്ധേയം.
2012-13 വര്‍ഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനമായിരിക്കുമെന്ന് സിഎസ്ഒ വിലയിരുത്തുന്നു. 2011-12 ല്‍ ഇത് 6.2 ശതമാനമായിരുന്നു. 2002-03 ലാണ് ഇതിന് മുമ്പ് ജിഡിപി നാല് ശതമാനമെന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നത്. ഇതിന് ശേഷം സാമ്പത്തിക രംഗം ആറ് ശതമാനത്തിന് മേലെ പുരോഗതി പ്രാപിച്ചിരുന്നു. 2006-07 ലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടിയത്-9.6 ശതമാനം.
കാര്‍ഷിക മേഖലയുടേയും അതിനോട് അനുബന്ധിച്ച പ്രവര്‍ത്തനങ്ങളുടേയും വളര്‍ച്ച 2012-13 ല്‍ 1.8 ശതമാനമായിട്ടാണ് താഴ്ന്നത്. 2011-12 ല്‍ ഇത് 3.6 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം നിര്‍മാണ മേഖലയിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ 2.7 ശതമാനത്തില്‍ നിന്നും 1.9 ശതമാനമായി ഇടിയുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ആഴ്ച നടന്ന റിസര്‍വ് ബാങ്ക് അവലോകനത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. സര്‍ക്കാരിന്റെ അര്‍ദ്ധ വാര്‍ഷിക സാമ്പത്തിക റിവ്യൂവില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനത്തിനും 5.9 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് അനുമാനിച്ചിരുന്നത്. 2012-13 വര്‍ഷം 7.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്.
2012 ഏപ്രില്‍-സപ്തംബര്‍ കാലയളവില്‍ ജിഡിപി വളര്‍ച്ച 5.4 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള സേവന മേഖലയുടെ വളര്‍ച്ച 8.6 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമിത് 11.7 ശതമാനമായിരുന്നു.
വ്യാപാരം, ഹോട്ടല്‍, ഗതാഗത മേഖലകളുടെ വളര്‍ച്ച 5.2 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ വളര്‍ച്ചയാവട്ടെ ഏഴ് ശതമാനവും
. 2012-13 വര്‍ഷം ഇന്ത്യ 5.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണ്യ നിധി അഭിപ്രായപ്പെട്ടത്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് ആറ് ശതമാനമായി ഉയരുമെന്നും വിലയിരുത്തിയിരുന്നു. 2010-11 ലും 2009-10 ലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 8.4 ശതമാനമായിരുന്നു. 2008-09 ലാവട്ടെ 6.7 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: