സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എബിവിപിയുടെ വരും നാളുകളെക്കുറിച്ചുള്ള പദ്ധതികളെപ്പറ്റിയും വിദ്യാര്‍ത്ഥി സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂക്ലിയര്‍ മെഡിസിന് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ഡോ. ബി.ആര്. അരുണുമായി ജന്മഭൂമി ലേഖകന്‍ കൃഷ്ണകുമാര്‍ ആമലത്ത് നടത്തിയ അഭിമുഖം
കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ എബിവിപിയുടെ പ്രവര്‍ത്തനം?
കേരളത്തിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളില്‍ ഒന്നായി എബിവിപി മാറിയിട്ട് വര്‍ഷങ്ങളായി. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും എബിവിപിക്ക് പ്രവര്‍ത്തനം എത്തിക്കാന്‍ സാധിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് എബിവിപി വിദ്യാര്‍ത്ഥി സംഘടന രംഗത്ത് സജീവസാന്നിദ്ധ്യം ഉറപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ എബിവിപി പ്രത്യേക ശ്രദ്ധ നല്കാന് ഉദ്ദേശിക്കുന്നത് സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്. വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന വര്‍ഗീയ വല്‍ക്കരണത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പും ഇതോടൊപ്പം എബിവിപി സംഘടിപ്പിക്കും. ഇതിന് പുറമെ വേണ്ടത്ര പ്രവര്‍ത്തനം വ്യാപിച്ചിട്ടില്ലാത്ത പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് എബിവിപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും. ദേശീയതലത്തില്‍ അഴിമതിക്കെതിരെ എബിവിപി നടത്തുന്ന പ്രക്ഷോഭവും സംസ്ഥാന തലത്തില്‍ മതഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെയും നടത്തിവരുന്ന പ്രചാരണവും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാനും പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഒരുകാലത്ത് കേരളത്തിലെ കാമ്പസുകളില്‍ ശക്തിയുണ്ടായിരുന്ന എസ്എഫ്ഐയുടെ ഇന്നത്തെ അവസ്ഥ?
കേരളത്തിലെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒരു കാലത്ത് കാമ്പസ്സുകളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന എസ്എഫ്ഐ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ശൈഥില്യം എസ്എഫ്ഐയെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് യുവാക്കളെ കൂടുതല്‍ ആകര്‍ഷിച്ചിരുന്ന മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തിന്റെ പൊള്ളത്തരം ഇന്ന് വിദ്യാര്‍ത്ഥി യുവജന സമൂഹങ്ങള്‍ തിരിച്ചറിഞ്ഞതായും അരുണ്‍ പറഞ്ഞു. എസ്എഫ്ഐയുടെ അംഗസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം വലിയ ഇടിച്ചിലുണ്ടായതായി അവരുടെ സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ തുറന്നു സമ്മതിക്കുന്നു. എസ്എഫ്ഐയുടെ കാമ്പസ്സുകളിലെ പ്രതാപകാലം അവസാനിച്ചുകഴിഞ്ഞുവെന്ന് നിസ്സംശയം പറയാം. കെഎസ്യുവിന്റെ സ്ഥിതി വര്‍ഷങ്ങളായി ശോചനീയമായ അവസ്ഥയാണ്. യൂണിയന് തെരഞ്ഞെടുപ്പുകളില്‍ കഷ്ടിച്ച് ചിലയിടങ്ങളില്‍ മത്സരിക്കുന്നതൊഴിച്ചാല്‍ കെഎസ്യു നിര്‍ജീവാവസ്ഥയിലാണ്. രാഹുല്‍ഗാന്ധി കൊട്ടിഘോഷിച്ച് നടത്തിയ പരിഷ്കാരങ്ങള്‍ക്കൊന്നും കെഎസ്യുവിനെ രോഗശയ്യയില്‍ നിന്നും പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞില്ല. എസ്എഫ്ഐ ആകട്ടെ കഴിഞ്ഞ കുറെ കാലങ്ങളായി തുടര്‍ന്നുവരുന്ന അക്രമരാഷ്ട്രീയം കാമ്പസ്സുകളെ അശാന്തിയുടെ നിഴലിലാക്കിയിരിക്കുകയാണ്. പല കോളേജുകളിലും എബിവിപി ശക്തമായി രംഗത്ത് വരുമ്പോള്‍ അതിന്റെ ഉന്നത നേതാക്കളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന ഗൂഢനീക്കമാണ് എസ്എഫ്ഐ തുടര്‍ന്നുവരുന്നത്. മതന്യൂനപക്ഷ വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എസ്എഫ്ഐ തുടര്‍ന്നുവരുന്നത്. വരും കാലങ്ങളില്‍ എസ്എഫ്ഐയെ കോളേജുകളില്‍ നിന്നും തൂത്തെറിയുന്നതിന് വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകുമെന്ന് തീര്‍ച്ചയാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമില്ലാതെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുക എന്ന കര്‍മ്മപദ്ധതികളാണ് എബിവിപി മുന്നോട്ട് വച്ചിരിക്കുന്നത്. യുവസമൂഹത്തിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏകസംഘടന എബിവിപിയാണ്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കാമ്പസ് മതിലിനു പുറത്തിറങ്ങുന്നതിന്റെ യുക്തിയെന്താണ്?
വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ നിന്നു നാളെ സമൂഹത്തിലേക്കിറങ്ങേണ്ടവരാണ്. അക്കാദമിക് വിഷയങ്ങളില്‍ നേടുന്ന പഠിപ്പിനു പുറമേ അവരില്‍ സാമൂഹ്യമായ ഉത്തരവാദിത്തവും പ്രതിജ്ഞാബദ്ധതയും ഉണ്ടാവേണ്ടതുണ്ട്. നാളെ സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കു കരുതിവെക്കേണ്ട പ്രകൃതി വിഭവങ്ങള്‍ ചില ദുഷ്ട ശക്തികള്‍ തട്ടിക്കൊണ്ടു പോകുകയോ തകര്‍ക്കുകയോ ചെയ്യുമ്പോള്‍ ആ കാഴ്ച കണ്ടുനില്ക്കാന് വിദ്യാര്‍ത്ഥി സമൂഹത്തിനാവില്ല. അവരെക്കൊണ്ടാവുന്ന ചെറുത്തുനില്‍പ്പുകള്‍ക്ക് അവരെ സജ്ജരാക്കുകയാണ് എബിവിപി. ആറന്മുളയിലേതു തുടക്കം മാത്രമാണ്. കേരളത്തിലെ നദികളുടെ സംരക്ഷണത്തിനു ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി മെയ് മാസം നിളാ സംരക്ഷണ പ്രചാരണ പരിപാടി നടത്തുന്നുണ്ട്. പ്രകൃതി സംരക്ഷണം ഭാവി സുരക്ഷക്ക് എന്ന ആശയവുമായി എബിവിപി കാമ്പസുകള്‍ക്കു പുറത്തും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകും. കേരളത്തിന്റെ പൈതൃക ഗ്രാമമായ ആറന്മുളയുടെ സംരക്ഷണത്തിനും ഗ്രാമത്തെ തകര്‍ക്കുന്ന വിമാനത്താവള പദ്ധതിക്കുമെതിരേ വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തിപ്പെടുത്തും.
കാമ്പസുകളില്‍ നിന്ന് ഇന്ന് പൊതുവേ കേള്‍ക്കുന്ന ദുര്‍വാര്‍ത്തകളില്‍ പ്രധാനം വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ മൂല്യബോധത്തിന്റെ ശോഷണമാണ്.
അദ്ധ്യാപകര്‍ പോലും ലൈംഗികാപവാദങ്ങള്‍ക്ക് അതീതരല്ല. ഈ രംഗത്ത് എബിവിപിക്ക് എന്തു പ്രതിരോധം നടത്താനാവും?
എല്ലാ സ്കൂളുകളിലും രജിസ്റ്റേഡ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും അദ്ധ്യാപകരും രക്ഷിതാക്കളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയുണ്ടാക്കി അവര്‍ യഥാകാലം വിദ്യാലയ പ്രവര്‍ത്തനം വിലയിരുത്തുന്നതു സഹായകമാകും. പലപ്പോഴും കുഴപ്പക്കാരായ അദ്ധ്യാപകരെ രക്ഷിക്കാന്‍ അവരവരുടെ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ കലാലയത്തിലെ യൂണിറ്റുകളായ വിദ്യാര്‍ത്ഥി സംഘടനകളും ഇറങ്ങിത്തിരിക്കുകയാണ് പതിവ്. എബിവിപി ഒരു പാര്‍ട്ടിയുടെയും വിദ്യാര്‍ത്ഥി സംഘടനയല്ല. അതുകൊണ്ടുതന്നെ ഇത്തരം സംരക്ഷണത്തിനു ഞങ്ങള്‍ പോകാറില്ല. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൂല്യബോധം വളര്‍ത്തുകയും അവര്‍ക്ക് പഠിക്കാനുള്ള അന്തരീക്ഷവും സഹായവും നല്‍കുകയുമാണ് ഞങ്ങളുടെ പദ്ധതി.
വിദ്യാര്‍ത്ഥികള്‍ക്ക് എന്തുപഠിക്കണമെന്ന വഴികാട്ടാന്‍ സംഘടനക്ക് എന്തെങ്കിലും പദ്ധതി?
ഞങ്ങള്‍ ആധികാരികമായ പഠനം നടത്തി ഇതു സംബന്ധിച്ച രേഖകള്‍ വൈകാതെ പുറത്തിറക്കും. ഇന്നിപ്പോള്‍ കാണുന്ന പ്രവണത പ്രൊഫഷണല്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലേക്കുള്ള അന്ധമായ ആകര്‍ഷണമാണ്. ഇതിന്റെ ഫലമായി ആവശ്യത്തിലേറെ പേര് പ്രൊഫഷണല്‍ മേഖലയില്‍ യോഗ്യരായി ഉണ്ടാകുന്നു. ഫലമോ തൊഴിലില്ലായ്മയും തൊഴില്‍ കിട്ടുന്നവര്‍ക്ക് അര്‍ഹതപ്പെട്ട വേതനവും കിട്ടാതെ വരുന്നു. നമ്മുടെ നാട്ടില്‍ ആവശ്യത്തിലേറെയാണ് എഞ്ചിനീയര്‍ ബിരുദ ധാരികള്‍. 160 കോളെജുകളിലായി 55,000 പേരാണ് എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുന്നത്. 3000 പേരോളം മെഡിക്കല്‍ പഠനം കഴിഞ്ഞിറങ്ങുന്നു. 10000-ല്‍ അധികം പേര് നഴ്സിംഗ് ബിരുദം നേടുന്നു. ഇവര്‍ക്കെല്ലാം യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കുന്നില്ല. അതേസമയം മുന്‍കാലങ്ങളിലെ ഡിഗ്രി-പിജി പഠനത്തിന് കുട്ടികളില്ലാതെ പോകുന്നു. ഇനി സ്വാശ്രയ മേഖലയില്‍ എഞ്ചിനീയറിംഗ് കോളെജുകള്‍ അനുവദിക്കരുത്.
ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ എന്താണു മാര്‍ഗ്ഗം?
നമുക്ക് എന്തുകൊണ്ട് ഐഐടി വിദ്യാഭ്യാസ സംവിധാനം പിന്തുടര്ന്നുകുടാ. അവിടെ ഒരു സെമസ്റ്റര്‍ പാസാകാത്ത വിദ്യാര്‍ത്ഥിയുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക കോച്ചിംഗ് നല്കി സെമസ്റ്റര്‍ കടക്കാന്‍ അദ്ധ്യാപകര്‍ അവസരം ഉണ്ടാക്കുന്നു. ഇവിടെയാകട്ടെ സര്‍ക്കാര്‍ കൊണ്ടുവരുന്നതു വിചിത്രമായ നയപരിപാടികളാണ്. ഉദാഹരണത്തിന് സര്‍ക്കാര്‍ അടുത്തിടെ എഞ്ചിനീയറിംഗ് കോളെജുകളില്‍ ഒരു നിയമം കൊണ്ടുവന്നു. ഒന്നും രണ്ടും സെമസ്റ്റര്‍ പാസാകാത്തവര്‍ക്ക് ആറാം സെമസ്റ്ററും മൂന്നും നാലും സെമസ്റ്ററുകള്‍ കടക്കാത്തവര്‍ക്ക് എട്ടാം സെമസ്റ്ററും എഴുതാനാവില്ലെന്ന്. ഇതു തികച്ചും അശാസ്ത്രീയമായ ഒരുത്തരവായിരുന്നു. ഇതിനെതിരേ എബിവിപി സമരം പ്രഖ്യാപിച്ചു. ഒരു ദിവസം പഠിപ്പു മുടക്കി. സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവു പിന്‍വലിച്ചു.
കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിനോടുള്ള പരിഷത്ത് നിലപാട്?
കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റു പിജി തലത്തില്‍ ആവുന്നതിനോടു വിയോജിപ്പില്ല. എന്നാല്‍ ഗ്രാജുവേഷന് തലത്തില്‍ പൊതു പരീക്ഷ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു ഒരു പൊതു പരീക്ഷണ വേദി ഇല്ലാതാക്കും. ഹിന്ദി മീഡിയം പഠിച്ചവര്‍ക്ക് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരുമായി മത്സര പരീക്ഷയില്‍ കിടപിടിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കിന്റെ കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടല്ലോ?
നിലവില്‍ ഇന്റേണല്‍ അസസ്മെന്റുകള്ക്ക് ഇംപ്രൂവ്മെന്ിനു സാധ്യത ഇല്ല. ഇംപ്രൂവ്മെന്റിന് അവസരം കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ച് എബിവിപി അധികൃതരെ സമീപിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.
സംഘടനാപരമായ പദ്ധതികള്‍ എന്തൊക്കെയാണ്?
സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളെജിലും എബിവിപിക്ക് യൂണിറ്റുകളുണ്ടാക്കണം. നിലവില്‍ 60 ശതമാനം കോളെജുകളിലും പ്രവര്‍ത്തനമുണ്ട്. വിദ്യാര്ത്ഥിനികളുടെയിടയില് പരിഷത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. എല്ലാ കോളെജുയൂണിയനുകളിലും ഒരു പദവിയെങ്കിലും പരിഷത്തിനുണ്ട്. അതു കൂടുതലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: