ന്യൂദല്‍ഹി: റെയില്‍ യാത്രാ നിരക്ക് വീണ്ടും കൂട്ടാന്‍ സാധ്യത. എസി 3 ടയര്‍, ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട് കൂടുതല്‍ വരുമാനം ആര്‍ജിക്കുന്നതിനാണ് റെയില്‍വേയുടെ പദ്ധതിയെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 15 ന് നടക്കുന്ന ജനറല്‍ മാനേജര്‍മാരുടെ യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രി പവന് കുമാര്‍ ബന്‍സാല്‍ എടുക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
2012 ഒക്ടോബറിലാണ് ബന്‍സാല്‍ റെയില്‍വേ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മാസം റെയില്‍ യാത്രാ നിരക്കില്‍ 21 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു നിരക്കുയര്‍ത്തലിന് കൂടി കേന്ദ്രം തയ്യാറാകുന്നത്. 6,600 കോടി രൂപയുടെ അധിക വരുമാനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്.
ഓര്‍ഡിനറി സെക്കന്റ് ക്ലാസ് ട്രെയിന്‍ നിരക്കില്‍ കിലോമീറ്ററിന് രണ്ട് പൈസവരേയും നോണ്‍ സബര്‍ബന്‍ യാത്രാ നിരക്കില്‍ മൂന്ന് പൈസയുടേയും വര്‍ധനവാണ് വരുത്തുക. സെക്കന്റ് ക്ലാസ് മെയില്‍, എക്സ്പ്രസ് ട്രെയിന്‍ നിരക്കുകളില്‍ കിലോമീറ്ററിന് നാല് പൈസയുടേയും വര്‍ധനവാണ് വരുത്തുക. എസി ചെയര്‍ കാറിലും എസി 3 ടയറിലും യാത്ര ചെയ്യുന്നവര്‍ കിലോമീറ്ററിന് 10 പൈസയിലധികമാകും നല്‍കേണ്ടി വരിക. ഫസ്റ്റ് ക്ലാസ് യാത്രികരില്‍ നിന്നും മൂന്ന് പൈസയും എസി 2 ടയര്‍ യാത്രികര്‍ ആറ് പൈസയും എസി ഫസ്റ്റ് ക്ലാസ് യാത്രികര്‍ 10 പൈസയുമായിരിക്കും നല്‍കേണ്ടി വരികയെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: