കോഴിക്കോട്: കോഴിയിറച്ചി വിഭവങ്ങള്‍ വില്പന നടത്തുന്നത് ഹോട്ടല്‍ ഉടമകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിന് പുറമെ സംസ്ഥാനത്ത് ഇന്നു മുതല്‍ കോഴി വില്പനയും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നു. ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതിയും നല്കി ഈ മേഖലയില്‍ പിടിച്ചുനില്ക്കാന് കഴിയാത്ത സ്ഥിതിയാണെന്നും അതിനാലാണ് വ്യാപാരം നിര്‍ത്തിവെക്കുന്നതെന്നും ആള് കേരള ചിക്കന്‍ മര്‍ച്ചന്റ്സ് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. സംസ്ഥാനത്ത് കോഴിക്ക് പതിമൂന്നര ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതുവഴി ഉപഭോക്താവിന് ഒരു കിലോ ഇറച്ചിയ്ക്ക് 20 രൂപയോളം അധികം നല്‍കേണ്ടിവരുന്നു. ഹോട്ടല്‍ ഭക്ഷണത്തിന്റെ നല്ലൊരു ഭാഗവും കോഴിയിറച്ചി വിഭവങ്ങളാണ്. അതിനാല്‍ ഹോട്ടല്‍ മേഖലയും പ്രതിസന്ധിയിലാണ്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കോഴിക്ക് നികുതി ചുമത്തിയത് ഇവിടെയുള്ള കര്‍ഷകരെ സഹായിക്കാനായിരുന്നെങ്കിലും ഇപ്പോള്‍ ഇത് ഇവരെയും ദോഷകരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ നികുതി പൂര്‍ണമായി എടുത്തുകളയണം. അത് അസാധ്യമെങ്കില്‍ അഞ്ചു ശതമാനമായെങ്കിലും നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കോഴിയിറച്ചി വിഭവങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഹോട്ടലുടമകളുടെ തീരുമാനം വില കൂട്ടാനുള്ള തന്ത്രമാണെന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. കോഴിയിറച്ചിയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുടമകള്‍ കോഴിയിറച്ചി വിഭവങ്ങളുടെ വില്‍പ്പന നിര്‍ത്തിയത്. എന്നാല്‍ കോഴിയിറച്ചിക്കു മാത്രമല്ല, ധാന്യങ്ങള്‍ക്കും മത്സ്യത്തിനുമെല്ലാം വിലക്കയറ്റമുണ്ട്.
ഈ വിഭവങ്ങളുടെ വില്‍പ്പന നിര്‍ത്തിവെക്കാതെ കോഴിയിറച്ചി വിഭവങ്ങളുടെ വില്‍പ്പന മാത്രമാണ് നിര്‍ത്തിയിട്ടുള്ളത്. അതിനാല്‍, വില കൂട്ടിവില്ക്കുന്നതിനു മുന്നോടിയായാണ് ഹോട്ടലുടമകള്‍ ഇപ്പോള്‍ വില്‍പ്പന നിര്‍ത്തിയതെന്നു വേണം കരുതാനെന്നും ഇവര്‍ പറഞ്ഞു.
അസോസിയേഷന് പ്രസിഡന്റ് പി.കെ.കുഞ്ഞോന്, വൈസ് പ്രസിഡന്റ് കരീം, ജനറല്‍ സെക്രട്ടറി എം.സി.പി.സലാം, ട്രഷറര്‍ സി.പി. റഷീദ്, സെക്രട്ടറി എന്‍.അഷ്റഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: