കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചുവെന്നതിനെ സംബന്ധിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനു മുമ്പ് തന്റെ കൂടി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 19 ലേക്ക് മാറ്റി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഹൈക്കോടതി ഉത്തരവുപ്രകാരം ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട 84 രേഖകളില്‍ 49 എണ്ണത്തിന്റെ കോപ്പി ലഭിച്ചതായി വി.എസ്. അച്യുതാനന്ദനുവേണ്ടി ഹാജരായ അഡ്വ. എന്‍.ഭാസ്കരന്‍നായര്‍ കോടതിയെ അറിയിച്ചു. കച്ചീട്ട് പ്രകാരം ബാക്കി രേഖകള്‍ കൈമാറാമെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കിയെങ്കിലും ചട്ടപ്രകാരം അപേക്ഷ നല്‍കാമെന്ന് അഡ്വ. ഭാസ്കരന്‍നായര്‍ അറിയിച്ചു
കേസിന്റെ മറ്റ് രേഖകള്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. നേരത്തെ രേഖകള്‍ വി.എസിന് കൈമാറാന്‍ ഉത്തരവിട്ടിരുന്നു. കേസ് ഡയറി ഉള്‍പ്പടെ ഐസ്ക്രീം അട്ടിമറി കേസ് രേഖകള്‍ വി.എസ്. അച്യുതാനന്ദന് നല്‍കാനുള്ള കീഴ്കോടതി ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസിന്റെ അഭിഭാഷകരുടെ വാദം.
ഹൈക്കോടതിയിലെ കേസ് ചൂണ്ടിക്കാട്ടി കീഴ്കോടതി രേഖകള്‍ നല്‍കുന്നത് മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് കാണിച്ച് വി എസ് കോഴിക്കോട് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. വാദിയും പ്രതികളും തമ്മിലുള്ള കേസില്‍ സര്‍ക്കാര്‍ പ്രത്യേക താല്പര്യം എടുക്കുന്നതെന്തിനാണെന്ന് കഴിഞ്ഞ മാസം 15 ന് അപ്പീല്‍ ആദ്യമായി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.കെ മോഹനന് വാക്കാല്‍ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: