ന്യൂദല്‍ഹി: നികുതി സമാഹരണത്തിനുള്ള പ്രയത്നം ശക്തിപ്പെടുത്തണമെന്ന് റവന്യു അധികൃതര്‍ക്ക് പി.ചിദംബരം നിര്‍ദ്ദേശം നല്കി. ബജറ്റ് ലക്ഷ്യം നേടുന്നതിന് ഇതാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഈ വര്‍ഷം പ്രയാസം നിറഞ്ഞതാണെന്നും ഉത്പാദനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് അധികൃതരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ മികച്ച പ്രയത്നം കാഴ്ചവച്ചെങ്കില്‍ മാത്രമേ ബജറ്റില്‍ ലക്ഷ്യമിട്ട തുക സമാഹരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ചിദംബരം വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം പരോക്ഷ നികുതി ഇനത്തില്‍ 5.05 ലക്ഷം രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനമാണ് വര്‍ധനവ്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ പരോക്ഷ നികുതി ഇനത്തില്‍ 2.92 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
എന്നാല്‍ തൊട്ട് മുമ്പത്തെ വര്‍ഷം ആദ്യ എട്ട് മാസത്തില്‍ സമാഹരിച്ചത് 2.50 ലക്ഷം കോടി രൂപയാണ്. എക്സൈസ് നികുതി ഇനത്തില്‍ 1.08 ലക്ഷം കോടിയും കസ്റ്റംസ്, സേവന നികുതി ഇനത്തില്‍ യഥാക്രമം 1.04 ലക്ഷം കോടിയും 78,774 കോടി രൂപയുമാണ് സമാഹരിച്ചത്. നവംബറില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 0.1 ശതമാനമായി ചുരുങ്ങിയതായും ചിദംബരം പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായിരിക്കുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 6.2 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: