മുംബൈ: ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം 755 കോടി രൂപ. ഡിസംബറില്‍ ഫ്ലൈയിംഗ് ലൈസന്‍സ് നഷ്ടപ്പെട്ട കിങ്ങ്ഫിഷര്‍ ഏതാനും മാസങ്ങളായി സര്‍വീസുകള്‍ നടത്തിയിരുന്നില്ല. ബാങ്ക്, എയര്‍ലൈന്‍സ് ജീവനക്കാര്‍, എയര്‍പോര്‍ട്ടുകള്‍, ഓയില്‍ കമ്പനികള്‍ എന്നിവയ്ക്കെല്ലാം കൂടി 2.5 ബില്യണ്‍ ഡോളറിന്റെ കടബാധ്യതയാണ് കിങ്ങ്ഫിഷറിനുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനക്കമ്പനിയായ കിങ്ങ്ഫിഷര്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് മേധാവികളുമായും വ്യോമയാന അധികൃതരുമായും ചര്‍ച്ച നടത്തി വരികയാണ്. കിങ്ങ്ഫിഷറിന് വീണ്ടും സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ ചുരുങ്ങിയത് 186 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്ന് വ്യോമയാന മന്ത്രി അജിത് സിംഗ് വ്യക്തമാക്കിയിരുന്നു.
കിങ്ങ്ഫിഷര്‍ ഓഡിറ്റര്‍മാരായ ബൈക്ക് രാമധ്യാനി ആന്റ് കമ്പനി, കിങ്ങ്ഫിഷറിന്റെ ത്രൈമാസ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്ന അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അടിസ്ഥാനപ്പെടുത്തി കിങ്ങ്ഫിഷറിന്റെ കടബാധ്യത കണക്കാക്കുവാന്‍ സാധിക്കില്ലെന്നാണ്. ഈ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം കിങ്ങ്ഫിഷറിന്റെ നഷ്ടം 1090 കോടി രൂപയാണെന്നും ഓഡിറ്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കിങ്ങ്ഫിഷര്‍ ധനപരിപാലനത്തിനായി ചെലവാക്കിയത് 401 കോടിയും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിന് 182 കോടി രൂപയുമാണ് ചെലവാക്കിയത്. എന്നാല്‍ ഇക്കാലയളവില്‍ ഈ വിമാനങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ച് എട്ട് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ലാഭം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2012 ല്‍ ഈ കമ്പനിയുടെ മൊത്തം നഷ്ടം 3310 കോടി രൂപയെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: