ന്യൂദല്‍ഹി: മാരുതി സുസിക്കിയുടെ മനേസര്‍ പ്ലാന്റിലേക്ക് പുതുതായി 2,000 പേരെ നിയമിക്കുന്നു. മനേസര്‍ പ്ലാന്റിന്റെ ഉത്പാദന ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ നിയമിക്കുന്നത്. പ്രതിവര്‍ഷം ഉത്പാദന ശേഷി 750, 000 യൂണിറ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ ഈ പ്ലാന്റിന്റെ ഉത്പാദന ശേഷി 500,000 യൂണിറ്റാണ്.
പുതിയ ജീവനക്കാരില്‍ 75-80 ശതമാനം പേരെ സ്ഥിരപ്പെടുത്തുമെന്നും ശേഷിക്കുന്നവരെ താത്കാലികമായിട്ടുമായിരിക്കും നിയമിക്കുകയെന്ന് മാരുതി ചെയര്മാന് ആര്.സി.ഭാര്‍ഗവ പറഞ്ഞു. 2011 ല്‍ മനേസര്‍ പ്ലാന്റിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്ലാന്റ് അടച്ച് പൂട്ടേണ്ടിവരികയും വരുമാനത്തില്‍ 6,000 കോടി രൂപയുടെ നഷ്ടം നേരിടുകയും ചെയ്തിരുന്നു. പുതിയ യൂണിയന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് 2011 ഒക്ടോബറിലാണ് ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. 2012 ജൂലൈയില്‍ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
ഗുജറാത്തില്‍ സ്ഥാപിക്കുന്ന മെഗാ പ്ലാന്റിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് 2014 ഓടെ ആയിരിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു. 2015-16 വര്‍ഷം ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഗുര്‍ഗാവണ്‍, മനേസര്‍ പ്ലാന്റുകളിലായിരിക്കും ഗുജറാത്ത് പ്ലാന്റിലേക്ക് നിയമിക്കുന്നവര്‍ക്ക് ആദ്യ പരിശീലനം നല്‍കുക. പ്രാരംഭ ഘട്ടത്തില്‍ ഗുജറാത്ത് പ്ലാന്റിന്റെ ഉത്പാദന ശേഷി 250,000 യൂണിറ്റാണ്. 2020 ഓടെ എല്ലാ പ്ലാന്റുകളിലും കൂടിയുള്ള വാര്‍ഷിക ഉത്പാദന ശേഷി മൂന്ന് ദശലക്ഷം യൂണിറ്റ് കവിയുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: