കണ്ണൂര്‍: കനറാ ബാങ്കില്‍ ലോ ഓഫീസറായിരുന്ന വനിതയെ ബാങ്കിലെ മേലുദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അഴിമതി ചൂണ്ടിക്കാട്ടി സിബിഐയും ആര്‍ബിഐക്കും പരാതി നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ടതായി പരാതി. കണ്ണൂര്‍ കീഴ്ത്തള്ളി സ്വദേശിനിയും കനറാബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍ ലോ ഓഫീസറുമായിരുന്ന എം.സി.പ്രിയംവദയാണ് ഇത് സംബന്ധിച്ച് പരാതിയുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. മംഗലാപുരം റീജിണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുമ്പോഴും കോഴിക്കോട് സര്‍ക്കിളില്‍ ജോലി ചെയ്യുമ്പോഴും ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ അഴിമതി കണ്ടെത്തി നല്കിയ പരാതി പിന്‍വലിക്കണമെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാല്‍ ബാലിശമായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഇവര്‍ പറഞ്ഞു. ബാങ്കിലെ അഴിമതിയെക്കുറിച്ച് താന്‍ ഉന്നയിച്ച പരാതിയെപ്പറ്റിയും ബാങ്ക് ഉദ്യോഗസ്ഥരായ ചിലര്‍ കെട്ടിച്ചമച്ച ആരോപണങ്ങളെപ്പറ്റിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വരുന്ന 9 ന് കനറാബാങ്കിന്റെ താഴെചൊവ്വ ഓഫീസിന് മുന്നില്‍ ഒരുദിവസത്തെ നിരാഹാരസത്യഗ്രഹം നടത്തുമെന്നും ഇവര്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
ലോ ഓഫീസര്‍ എന്ന നിലയില്‍ ബാങ്കില്‍ നടക്കുന്ന അഴിമതി സത്യസന്ധമായി ചൂണ്ടിക്കാട്ടിയ തന്നെ കഴിഞ്ഞ കുറെ നാളുകളായി അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ പലതലത്തിലും മാനസികമായി പീഡിപ്പിച്ചുവരികയാണെന്നും ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രിയംവദയുടെ മാതാപിതാക്കളായ എ.സി.പുരുഷോത്തമനും എ.എം.സൗമിനിയും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: