തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ ഐഎന്‍ടിയുസി രംഗത്ത്. ഈ നിലയിലുള്ള സാമ്പത്തിക പരിഷ്കാരങ്ങളും തൊഴിലാളി ദ്രോഹനടപടികളും മന്മോഹന്സിങ്ങ് സര്‍ക്കാര്‍ തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ യുപിഎയുടെ നില പരിതാപകരമാകുമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യ പ്രസിഡണ്ട് ഡോ. സഞ്ജീവ റെഡ്ഡി പത്രസമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി നില്‍ക്കുകയാണ് രാജ്യത്തെ സാധാരണക്കാര്‍.
മന്‍മോഹന്‍സിങ്ങും മൊണ്ടേസിങ്ങ് ഉലുവാലിയയും ചേര്‍ന്ന് നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ രാജ്യത്തിന് ദ്രോഹമാണ്.
രാജ്യത്ത് വിദേശ നിക്ഷേപം നടത്താന്‍ അനുമതി നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തൊഴിലാളികള്‍ക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ്സ് ക്ലബ്ബില്‍ മീറ്റ്ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഐഎന്‍ടിയുസി ശക്തമായി രംഗത്തുവരുമെന്നും സഞ്ജീവറെഡ്ഡി പറഞ്ഞു. ഈ മാസം 20,21 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ഐഎന്‍ടിയുസി നേതൃത്വം നല്‍കും.
സംയുക്ത ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പണിമുടക്ക് നോട്ടീസ് അടുത്തദിവസം തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും സാധാരണക്കാര്‍ വിലക്കയറ്റം മൂലം ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്.ചന്ദ്രശേഖരന്, ജില്ല പ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി എന്നിവര്‍ സംബന്ധിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ജോയ് എം മണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാധാകൃഷ്ണന് സ്വാഗതവും ആര്.കൃഷ്ണരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: