ചെറുകോല്‍പ്പുഴ: ധര്‍മത്തെ രക്ഷിക്കുന്നവരെമാത്രമേ ധര്‍മവും രക്ഷിക്കൂ എന്ന പ്രമാണം നാം ഓര്‍ക്കണമെന്ന് അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അഭിപ്രായപ്പെട്ടു. 101-ാമത് അയിരൂര്‍ ചെറുകോ ല്പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ധര്‍മ്മം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമേ ഈശ്വരാനുഗ്രഹം ലഭിക്കുകയൊള്ളു. ആധുനിക ജീവിതം പ്രശ്നങ്ങളുടെ പരമ്പരയായാണ് മനുഷ്യന് വിലയിരുത്തുന്നത്. ഒന്നൊഴിയാതെ വന്നുചേരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യന് ജീവിക്കാന്‍ മറക്കുന്നു.
എല്ലാവരും അസ്വസ്ഥരായ ലോകത്തില്‍ ജീവിതത്തെ ആസ്വാദ്യകരമാക്കുവാനുള്ള വഴിയാണ് ആദ്ധ്യാത്മികത. ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള ഈ ആദ്ധ്യാത്മികത ആവിഷ്ക്കരിക്കുന്നതിലൂടെ എന്തിലും സന്തോഷം കണ്ടെത്താന്‍ കഴിയും. ആദ്ധ്യാത്മികതയില്ലാതെ വളര്‍ന്നാല്‍ ലോകം യന്ത്രമനുഷ്യരുടെ ലോകമായി മാറും. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം ആധ്യാത്മികതയും സംസ്ക്കാരവുംകൂടി പകര്ന്നുനല്കാന് തയ്യാറായാല്‍ സമൂഹം ഇന്ന് അനുഭവിക്കുന്ന മൂല്യച്യുതി ഒഴിവാക്കാം. അതിന് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സംസ്കാരം പകര്‍ന്നുകൊടുക്കാനുള്ള സംവിധാനം വേണം. സകലതിനെയും മാതാവായി കാണാന്‍ പരിശീലനം നല്കുന്ന സനാതന ധര്‍മ്മത്തെ മനസ്സിലാക്കിയാല്‍ നന്മകള്മാത്രം ചെയ്യുന്ന തലമുറ വളര്‍ന്നുവരുമെന്നും സ്വാമിജി പറഞ്ഞു.
ലോകത്തിലെ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം സനാതന ധര്‍മ്മമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല ഹിന്ദുധര്‍മ്മം അതിനപ്പുറമുള്ള സത്യമാണ്. സ്വാര്‍ത്ഥ ചിന്തകള്‍ വെടിഞ്ഞ് മറ്റുള്ളവര്‍ക്കു വേണ്ടി തപസ്സു ചെയ്ത ആചാര്യന്മാര് നടപ്പാക്കിയിട്ടുള്ളതാണ് സനാതന ധര്‍മ്മത്തിന്റെ വഴി. പ്രകൃതി നമുക്കുവേണ്ടിമാത്രമുള്ളതാണെന്ന ചിന്ത ശരിയല്ല. അത്തരത്തിലുള്ള ചിന്താഗതി വികസനത്തിന്റെ പേരില്‍ പ്രകൃതിയുടെ വരദാനമായ നീര്‍ത്തടങ്ങളും നദിയും ഇല്ലാതാക്കും. വികസനത്തിന് വാദിക്കുന്നവരുടെ ഹൃദയം ആദ്യം വികസിക്കട്ടെ. മറ്റുള്ളവര്‍ക്കും ജീവിക്കണം. അവര്‍ക്കും അന്നവും കുടിവെള്ളവും വേണം. വികസനവാദികള്‍ ഇത് മനസ്സിലാക്കണം. നിങ്ങളുടെ ആവശ്യത്തിന് വേണ്ടിയുള്ളതാണ് പ്രകൃതി, നിങ്ങളുടെ അത്യാര്ത്തിക്കുവേണ്ടിയല്ലെന്ന ഗാന്ധി വചനം നാം ഓര്‍ക്കണം, അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹിന്ദുക്കളില്‍ നന്മയുണ്ട്. ആ നന്മയെ ജ്വലിപ്പിക്കുവാന്‍ ഒന്നിച്ച് ശ്രമിക്കണം. ക്ഷേത്രങ്ങളിലെ ധൂര്‍ത്തും ആഡംബരവും വീണ്ടും വര്‍ദ്ധിക്കുന്നു. ഇതൊഴിവാക്കാന്‍ ഹിന്ദുസമൂഹം പരിശ്രമിക്കണമെന്നും കുമ്മനം പറഞ്ഞു.
യോഗത്തില്‍ മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി അദ്ധ്യക്ഷതവഹിച്ചു. തങ്ങളുടെ മതത്തില്‍ മാത്രമേ ഭക്തിയുള്ളൂ എന്ന് ചില ഫെമിസ്റ്റിക്ക് മതങ്ങള്‍ പറയുമ്പോള്‍ ഈശ്വരനിലേക്കുള്ള വഴികള്‍ നിരവധിയുണ്ടെന്ന് ഉദ്ഘോഷിക്കുന്ന സനാതന ധര്‍മ്മം മഹത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെമിസ്റ്റിക്ക് മതങ്ങള്‍ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നിരന്തരവും തീവ്രവുമായ ഈശ്വരാന്വേഷണത്തിന്റെ വഴിയാണ് ഹിന്ദുമതം തുറന്നുകാണിക്കുന്നത്. സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഈശ്വരനെ കണ്ടെത്തുന്ന രീതി ഫെമിസ്റ്റിക്ക് മതങ്ങള്‍ക്കില്ല. ഹിന്ദു സമൂഹത്തെ കാര്‍ന്നു തിന്നുന്ന ദുരന്തമാണ് ജാതി ചിന്തയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.റ്റി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് സ്വാഗതവും സെക്രട്ടറി എ.ജി.ഹരിഹരന്‍നായര്‍ നന്ദിയും പറഞ്ഞു.
** സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: