ആലപ്പുഴ: കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ലാതെ പഞ്ചകര്‍മ ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടികള്‍ പാഴാകാന്‍ സാധ്യത. ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചകര്‍മ ആശുപത്രി സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വലിയചുടുകാടിന് സമീപമുള്ള ആലപ്പുഴ നഗരസഭാ വക 1.6 ഏക്കര്‍ സ്ഥലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലാസ്ഥാപനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പില്‍ നിന്ന് പഞ്ചകര്‍മ ആശുപത്രിക്കായി രണ്ടുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ആകെ അഞ്ചു കോടി രൂപയുടെ പദ്ധതിയാണിത്. ശിലാസ്ഥാപനം നിര്‍വഹിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. ഇതുവരെ ആറുമാസം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ആശുപത്രിക്ക് സ്വന്തമായി സ്ഥലം പോലുമായില്ല. ഈ സാഹചര്യത്തില്‍ കെട്ടിടം നിര്‍മിക്കാനും കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കാലാവധിക്കുള്ളില്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അഞ്ച് കോടിയും പാഴാകാനാണ് സാധ്യത.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം രൂപീകരിച്ച ആലപ്പുഴ പഞ്ചകര്‍മ ആശുപത്രി സൊസൈറ്റിക്കാണ് നിര്‍ദിഷ്ട ആശുപത്രിയുടെ ഉടമസ്ഥാവകാശമുള്ളത്. നഗരസഭാ ചെയര്‍പേഴ്സനെയും സെക്രട്ടറിയേയും സൊസൈറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ സൊസൈറ്റിക്ക് ആശുപത്രി നിര്‍മാണത്തിന് സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭ തയാറാകുന്നില്ല. നേരത്തെ സ്ഥലംവിട്ടുനല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
പക്ഷേ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സ്ഥലം കൈമാറുന്നത് വൈകിപ്പിക്കുകയാണ്. അതിനിടെ നഗരസഭയുടെ അധീനതയിലുണ്ടെന്ന് പറയുന്ന സ്ഥലം റവന്യൂ രേഖകളില്‍ വലിയചുടുകാട്ടിലെ ശ്മശാനത്തിന്റെ ഭാഗമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അറിയുന്നു.
പൊതുശ്മശാനം വകഭൂമിയില്‍ ആശുപത്രി നിര്‍മിക്കുന്നത് നിയമവിരുദ്ധമാണെന്നും അഭിപ്രായമുയര്‍ന്നുകഴിഞ്ഞു. ഈ വിഷയം രഹസ്യമാക്കി വെച്ച് നഗരസഭയില്‍നിന്ന് സ്ഥലം എത്രയും വേഗം വിട്ടുകിട്ടുന്നതിനുള്ള സര്‍ക്കാരിന്റെ എല്ലാ നടപടികളും പരാജയപ്പെട്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ കൊട്ടിഘോഷിച്ച് ശിലാസ്ഥാപനം നടത്തിയ മുഖ്യമന്ത്രിയും അരങ്ങൊരുക്കിയ സ്ഥലം എംപിയായ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും പൊതുജനത്തെ കബളിപ്പിക്കുകയായിരുന്നു.
** പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: