തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ മോഷണം നടത്തിയ മുട്ടടയിലെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പു നടത്തി. ഇന്നലെ രാവിലെയാണ് തെളിവെടുപ്പിനായി ബണ്ടിയെ ക്രൈം ഡിറ്റാച്ച്മെന്റ് എസി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുട്ടട മരപ്പാലത്തുള്ള വേണുഗോപാലന്‍ നായരുടെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്. 11.15ഓടെ വീട്ടിലെത്തിച്ച ബണ്ടിയെ കൊണ്ട് 20 മിനിട്ടോളം തെളിവെടുപ്പ് നടത്തി. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഒട്ടും മടിക്കാതെ മറുപടി നല്കിയ ബണ്ടി തെളിവെടുപ്പിനോടു പൂര്‍ണമായി സഹകരിച്ചു. പലതവണ പോലീസിനെ കബളിപ്പിച്ച് കടന്നിട്ടുള്ളതിനാല്‍ കൈകള്‍ പിന്നിലാക്കി വിലങ്ങണിയിച്ച് സായുധ പോലീസിന്റെ അകമ്പടിയോടെയാണ് ബണ്ടിയെ കൊണ്ടുവന്നത്. മോഷണം നടത്താനായി വേണുഗോപാലിന്റെ വീട്ടില്‍ രണ്ടു തവണ കടന്നതായി ബണ്ടി ഉദ്യോഗസ്ഥരോട് പറഞ്ഞു. മതിലിനോടു ചേര്‍ന്ന വാതില്‍ തുറന്ന് അകത്തു കടക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ നിരീക്ഷണ ക്യാമറ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മതില് ചാടി കടന്നു മുന്‍വശത്തുള്ള ജനാല തകര്‍ത്ത് അകത്തു കടന്നു. കാറിന്റെയും ഗേറ്റിന്റെയും റിമോട്ട് കണ്ട്രോള് ഹാളില്‍ നിന്നു ലഭിച്ചു. അകത്തുള്ള മുറിയില്‍ നിന്നും ആരോ ശ്രദ്ധിക്കുന്നതായി തോന്നിയപ്പോള്‍ പുറത്തു കടന്നു. ഉടന്‍ ഗേറ്റു തുറന്ന് കാറുമായി മുട്ടടയില്‍ നിന്നു പുറപ്പെട്ടു.
എന്നാല്‍ അരമണിക്കൂറിനുശേഷം വീണ്ടും വീടിനു സമീപം എത്തി. തന്റെ ദൃശ്യം പതിഞ്ഞ ക്യാമറ തല്ലി തകര്‍ക്കുകയായിരുന്നു രണ്ടാം വരവിന്റെ ഉദ്ദേശമെന്നും ബണ്ടി മൊഴിനല്‍കി. വീണ്ടും വീടിനുള്ളില്‍ കടന്നെങ്കിലും ക്യാമറയുടെ കണ്ട്രോള് റൂം കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബാഗും മൊബെയില്‍ഫോണുകളും കൈക്കലാക്കി മടങ്ങിയതെന്നും ബണ്ടി പറഞ്ഞു. തെളിവെടുപ്പിനുശേഷം ബണ്ടിയെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് മോഷണത്തിനു ശേഷം ബണ്ടി ഒരു ദിവസം താമസിച്ച മധുരയില്‍ തെളിവെടുപ്പിനായി കൊണ്ടുപോകും. ടവേര കാറിന്റെ ഗ്ലാസ്സ് ഇടിച്ച് പൊട്ടിച്ച് ആര്‍സി ബുക്ക് കവര്‍ന്ന സ്ഥലത്തും വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥലത്തും തെളിവെടുപ്പ് നടത്തും.
ഇതിനുശേഷം കൃഷ്ണഗിരിയിലും ബാംഗ്ലൂരിലും തെളിവെടുപ്പ് നടത്തും. ഈ മാസം എട്ടുവരെയാണ് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ബണ്ടിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ജനുവരി 20നാണ് വിദേശമലയാളിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്ന് ബണ്ടിചോര്‍ മോഷണം നടത്തിയത്. 26ന് പൂനെയില്‍ നിന്നാണ് ബണ്ടിയെ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: