തിരുവനന്തപുരം : റൗഫുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ ഡിഐജി ശ്രീജിത്തിനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള തീരുമാനം ഇന്നുണ്ടായേക്കും. തൃശൂര്‍ റേഞ്ച് ഐജി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ബാലസുബ്രഹ്മണ്യം സര്‍ക്കാരിന് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. റൗഫുമായുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിഐജിക്കെതിരെ കേസെടുക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. റൗഫിനെതിരെ കേസെടുത്ത മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കണമെന്ന് ഡിഐജി ശ്രീജിത്ത് ആവശ്യപ്പെട്ടുവെന്ന് കോഴിക്കോട് റേഞ്ച് വിജിലന്‍സ് എസ്പിയായിരുന്ന ഹബീബ് റഹുമാന്‍ മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റൗഫിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെ വ്യക്തമായിട്ടുണ്ട്. ശ്രീജിത്തിന്റെ ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടേക്കും. കര്‍ണാടകയിലെ കുടകിലുള്ള ഭൂമി തട്ടിയെടുക്കാന്‍ ശ്രീജിത്ത് ഗൂഢാലോചന നടത്തിയതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കണമെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ശ്രീജിത്തിനെതിരെ ഉടന്‍ വകുപ്പുതല നടപടി വേണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: