കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച പ്രസ്ഥാനമാണ് എന്‍എസ്എസ്. നായര്‍ സമുദായത്തിന്റെ ഉന്നമനം മാത്രമല്ല സഹോദരസമുദായങ്ങളുടെയും കേരളത്തില്‍ പൊതുവായ താല്പര്യങ്ങളുടെ കൂടെ നില്‍ക്കുകയും നയിക്കുകയും ചെയ്ത പ്രസ്ഥാനം. സംസ്ഥാനത്തിന്റെ സാമൂഹ്യ പുരോഗതിക്കും നവോത്ഥാനത്തിനും നേതൃത്വം നല്‍കിയതാണ് എന്‍എസ്എസിന്റെ പാരമ്പര്യം.
പക്ഷെ അത് അംഗീകരിക്കുന്നത് പോകട്ടെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സ്വഭാവമാണ് കേരളഭരണം കയ്യാളിയവരില്‍ നിന്നെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ചങ്ങനാശേരിയിലെത്തി എന്‍എസ്എസ് നേതാക്കളെ താണുവണങ്ങുകയും മന്നം സമാധിയില്‍ കൂപ്പുകൈയോടെ നിന്ന് പൂവാരിയെറിയുകയും ചെയ്യുന്ന നേതാക്കളാണ് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്ക്കെല്ലാമുള്ളത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സ്വഭാവം മാറുന്നു. “പാലം കടന്നാല്‍ കൂരായണ” എന്ന രീതി അവലംഭിക്കുന്നു. കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന സ്ഥിതിയാണത്. ഇതിന്റെ ഏറ്റവും ലജ്ജാകരമായ പെരുമാറ്റം ഇന്നത്തെ ഭരണക്കാരില്‍ നിന്നുണ്ടായത് എന്‍എസ്എസിനെ വല്ലാതെ വേദപ്പിച്ചിരിക്കുകയാണ്. അതിനെ തുടര്‍ന്നാണ് അവരുടെ പുതിയ തീരുമാനം.
കോണ്‍ഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയ എല്ലാ ധാരണകളും അവസാനിച്ചതായി എന്‍എസ്എസ് പ്രമേയം പാസ്സാക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവും എന്‍എസ്എസുമായി ഉണ്ടാക്കിയ ധാരണ സംസ്ഥാന നേതൃത്വം അട്ടിമറിക്കുക മാത്രമല്ല പ്രസ്താവനകളിലൂടെയും പ്രതികരണങ്ങളിലൂടെയും എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും നടത്തി. ഇതിനാലാണ് കേന്ദ്ര നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ തുടരേണ്ടതില്ലെന്ന് എന്‍എസ്എസ് നേതൃയോഗം തീരുമാനിച്ചത്. സ്വതന്ത്രമായ നിലപാടാണ് ഇനി എന്എസ്എസിനുള്ളതെന്നാണ് നേതൃയോഗം വ്യക്തമാക്കിയത്. ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യത്തിനുവേണ്ടി ഇനി പരിശ്രമിക്കും. തങ്ങളുടെ വോട്ടുകൊണ്ടല്ല രമേശ് ചെന്നിത്തല ഹരിപ്പാട്ട് ജയിച്ചതെന്ന് പരസ്യമായി പറയാന്‍ എന്‍എസ്എസ് വെല്ലുവിളിച്ചിരിക്കുകയാണ്. എന്‍എസ്എസ് എതിര്‍ത്തിട്ടുള്ള കാലത്ത് കോണ്‍ഗ്രസ് കേരളം ഭരിച്ചിട്ടേ ഇല്ല. സോണിയാ ഗാന്ധിയെ ഇനിയും കാണുന്ന പ്രശ്നമില്ല. എന്‍എസ്എസിന്റെ നിലപാട് വളരെ വ്യക്തമാണ്. അത് കാലം തെളിയിക്കും. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വരാറുണ്ട്. പേരു പറയാന്‍ കൊള്ളാത്ത ആളുകളാണ് എന്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.
2010 സപ്തംബറില്‍ അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും സോണിയാഗാന്ധിയുടെ പ്രത്യേക ദൂതനായി പെരുന്നയിലെത്തിയ കോണ്‍ഗ്രസ് നേതാവ് വിലാസ്റാവു ദേശ്മുഖും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ധാരണ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ലംഘിച്ച നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് എന്‍എസ്എസ് പ്രമേയത്തില്‍ പറയുന്നുണ്ട്. സാമൂഹ്യ നീതിക്കും സാമുദായിക നീതിക്കും നിരക്കുന്നതും സമുദായ സൗഹാര്‍ദ്ദത്തിന് ഉതകുന്നതുമായ ഈ ധാരണ ലംഘിക്കുക മാത്രമല്ല അതുസംബന്ധിച്ചുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ സത്യസന്ധമായ വെളിപ്പെടുത്തലുകളെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള തല്പര കക്ഷികളുടെ പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും ഗൗരവത്തോടെ കാണുന്നതായും പ്രമേയം പറയുന്നു. ചതിയും വഞ്ചനയും കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണെന്നാണ് ഒരിക്കല്‍ കൂടി വ്യക്തമായത്. സ്ഥാപിത ലക്ഷ്യത്തില്‍ ഉറച്ചുനിന്ന് കക്ഷി രാഷ്ട്രീയത്തോട് അകല്‍ച്ച പാലിക്കാനാണ് എന്‍എസ്എസിന് ഏറ്റവും ഒടുവിലത്തെ അനുഭവം നല്കുന്ന പാഠം.
അടുത്തവര്‍ഷം എന്‍എസ്എസ് ശതാബ്ദിയിലെത്തുകയാണ്. 1914 ഒക്ടോബര്‍ 31 ന് പതിനാലു യുവാക്കള്‍ ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ ഈ യോഗം രൂപീകരിച്ച സംഘടനയാണ് നായര്‍ സമുദായ ഭൃത്യജനസംഘം. പൂനെയില്‍ അക്കാലത്ത് ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ചിരുന്ന ‘സര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി’ എന്ന സംഘടനയുടെ ചുവടു പിടിച്ചായിരുന്നു ഈ സംഘടനയുടേയും രൂപീകരണം. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്സ്മാന്‍ സ്കൂളിലെ അദ്ധ്യാപകനായിരുന്ന കെ. കേളപ്പന് അതിന്റെ ആദ്യത്തെ പ്രസിഡണ്ടും മന്നത്തു പത്മനാഭന് സെക്രട്ടറിയുമായി സ്ഥാനമേറ്റു. തുടര്‍ന്നിങ്ങോട്ട് എന്‍എസ്എസിന്റെ ഇടപെടലുകള്‍ പ്രശംസനീയം തന്നെയായിരുന്നു. രാഷ്ട്രീയ കക്ഷികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് സമുദായസംഘടനകളെ കറവപ്പശുകളായി കണ്ടതാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്. എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം എന്നിവയെ സ്വാധീനിച്ച് രാഷ്ട്രീയവേഷം കെട്ടിച്ച കോണ്‍ഗ്രസ് തരാതരം പോലെ അവയെ ദുരുപയോഗപ്പെടുത്തിയതുമാണ് ചരിത്രം. കാര്യം കഴിഞ്ഞ ശേഷം ഇണയെ കൊന്നുതിന്നുന്ന ചിലന്തിയുടെ സ്വഭാവമാണ് കോണ്‍ഗ്രസ് എന്‍എസ്എസിന്റെ എന്ഡിപിയോടും എസ്എന്‍ഡിപിയുടെ എസ്ആര്‍പിയോടും കാട്ടിയത്. പിന്നീടത് ഇവയുടെ മാതൃസംഘടനകളുടെ നേരെ തിരിയുന്ന സ്ഥിതിയുമായി. ഭൂരിപക്ഷ സമുദായങ്ങളോട് എന്ത് നന്ദികേട് കാട്ടാനും മടിക്കാത്ത കോണ്‍ഗ്രസ് മതന്യൂന പക്ഷങ്ങളുടെ ഇംഗിതമറിഞ്ഞ് അനുഭാവപൂര്‍വ്വം പെരുമാറുന്നതിനും മടിക്കാറില്ല. കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ഈ ചതി അതിരുവിട്ടപ്പോഴാണ് എന്‍എസ്എസ് ശക്തമായി പ്രതികരിക്കേണ്ടി വന്നത്. വിശാലമായ ഹൈന്ദവ താല്പര്യങ്ങള്ക്കായി പ്രവര്‍ത്തിക്കാന്‍ എന്‍എസ്എസിന്റെ ഈ തീരുമാനം മാറിയ സാഹചര്യത്തില്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: