ആലപ്പുഴ: കയര്‍ കേരള 2013ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബയര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള 172 ബയര്‍മാരും ഇന്ത്യക്കകത്തുനിന്ന് 250ല്‍ അധികംപേരും സംഗമത്തില്‍ പങ്കെടുത്തു. യുകെ, യുഎസ് രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കേരളത്തിന്റെ കയര്കയറ്റുമതിക്ക് സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ കൂടി സാധ്യത വര്‍ധിപ്പിക്കാന്‍ ഈ സംഗമത്തിലൂടെ സാധിച്ചതായി പങ്കെടുത്തവര്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ എതോപ്യ, കെനിയ, നൈജീരിയ, താന്‍സാനിയ, സിംബാബ്വെ, ബ്രസീല്‍, കൊളംബിയ, മെക്സിക്കോ, പനാമ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഇത്തവണ പുതുതായി ബയര്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
കയര്‍ ഭൂവസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സംഗമത്തില്‍ കൂടുതലും നടന്നത്. വിദേശവിപണി കയര്‍ ഭൂവസ്ത്രങ്ങളുടെ സാധ്യതയെപ്പറ്റി മനസിലാക്കിയതിന്റെ വ്യക്തമായ സൂചനകള്‍ ഇന്നത്തെ സംഗമത്തിലുണ്ടായി. സൗദി സര്‍ക്കാരിന്റെ ഒരു പദ്ധതിക്കായി എന്സിആര്എംഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഉപ്പുവെള്ളം മണ്ണില്‍ കലരുന്നത് തടയാനായി ഭൂവസ്ത്രങ്ങളുപയോഗിക്കുന്നതിനുള്ള ഈ പദ്ധതിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് സാങ്കേതിക സഹായം നല്‍കും. കയര്‍ കോര്‍പ്പറേഷന്റെ കൂടി പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിക്ക് മാര്‍ച്ചു മാസത്തോടെ അന്തിമ രൂപമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കേരളത്തിന്റെ കയറുല്പന്നങ്ങള്ക്ക് ആവശ്യക്കാരേറെയാണെന്നും ഈ മേഖലയില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണവും സാങ്കേതികവളര്‍ച്ചയും കൈവരിച്ച് വിപണി വര്‍ധിപ്പിക്കാനും അതിലൂടെ കയര്‍മേഖലയില്‍ വലിയൊരു മുന്നേറ്റമുണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.എം.മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: