കല്‍പ്പറ്റ: വയനാട്ടില്‍ നിന്ന് ശല്ല്യക്കാരായ രണ്ട് കടുവകളില്‍ ഒന്നിനെ കൊല്ലുകയും മറ്റൊന്നിനെ മയക്കുവെടിവെച്ച് കൂട്ടിലാക്കുകയും ചെയ്തെങ്കിലും കടുവാശല്യം ഇനിയും രൂക്ഷമാകുമെന്ന് കര്‍ഷകരും പ്രദേശവാസികളും ഒന്നടങ്കം പറയുന്നു. വയനാട്ടില്‍ എണ്‍പതോളം കടുവകളുണ്ടെന്ന വനംവകുപ്പിന്റെ കണക്കുതന്നെയാണ് ഇതിന് കാരണം. കൃത്യമായി കിടങ്ങോ വേലിയോ ഇല്ലാത്ത വന്യമൃഗ സങ്കേത കേന്ദ്രത്തില്‍ ഈ വന്യമൃഗ സങ്കേതത്തിന് ഉള്‍കൊള്ളാന്‍ കഴിയാത്തയത്ര കടുവകള്‍ ഉണ്ട്. കൂടാതെ യൂക്കാലിയും തേക്കും വെച്ചുപിടിപ്പിച്ച് വരണ്ട കാടുകള്‍ വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് നയിക്കുന്നു.
കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോള്‍ ഏതൊരു ജീവിയും ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് കടുവയും ചെയ്യുന്നത്. പ്രശ്നങ്ങള്‍ ഇത്ര സങ്കീര്‍ണ്ണമായിട്ടും പ്രകൃതിദത്തമായ കാടുകള്‍ നിലനിര്‍ത്താനായി തേക്കും യൂക്കാലിയും വെട്ടിമാറ്റാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല. പകരം സംവേദക മേഖലകള്‍ സൃഷ്ടിച്ച് ജനങ്ങളെ നാട്ടില്‍ നിന്ന് ആട്ടിപ്പായിക്കാനാണ് ശ്രമം. ഇതിന്റെ ഫലമാണ് കഴിഞ്ഞദിവസം അഞ്ചോളംപേരെ കടുവ ആക്രമിക്കാനും രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊല്ലാനും ഇടയാക്കിയത്. കാട്ടില്‍ മാലിന്യം കൊണ്ടിട്ട് ജനങ്ങള്‍ക്ക് കാടുമായിട്ടുള്ള ബന്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പുകാര്‍ തന്നെയാണ് സര്‍ക്കസിലും കാഴ്ച്ച ബംഗ്ലാവിലുമുണ്ടായിരുന്ന കടുവകളെ വയനാട്ടിലെ കാടുകളില്‍ കൊണ്ടുവിട്ട് നാട്ടുകാര്‍ക്ക് ശല്ല്യമുണ്ടാക്കുന്നത്.
പ്രശ്നത്തെ ലഘൂകരിക്കാന്‍ വനംവകുപ്പും പ്രകൃതി സ്നേഹികളും വയനാട് എംപിയും ശ്രമിക്കുമ്പോഴും ജനവികാരം വളരെ ശക്തമാണ്. വരുംനാളുകളില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്തെ ജനങ്ങള്‍ ഏത് നിലപാട് സ്വീകരിച്ചാലും അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിനോ വനംവകുപ്പിനോ ഒഴിഞ്ഞുപോകാന്‍ കഴിയില്ല. നീതി നിഷേധിക്കപ്പെടുന്ന വയനാട്ടുകാരുടെ പ്രതികരണമായി മാത്രമേ ഈ പ്രവര്‍ത്തനത്തെ കാണാന്‍ കഴിയൂ എന്ന് ജില്ലയിലെ സാമൂഹ്യ-രാഷ്ട്രീയ നേതാക്കന്മാര് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. വയനാട്ടിലെ പ്രകൃതിയെ തകര്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതും ജനങ്ങളുടെ വികാരത്തിനൊപ്പം നിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതും വനംവകുപ്പിന്റെ ഉത്തരവാദിത്വമായി മാറി കഴിഞ്ഞു.
** ഫാന്‍സിസ് പൗലോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: